LiveTV

Live

National

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ മോദി അനാച്ഛാദനം ചെയ്തു

182 മീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് 2900 കോടി രൂപയാണ്

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ മോദി  അനാച്ഛാദനം ചെയ്തു

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. കര്‍ഷകരുടെയും ഗോത്ര വിഭാഗങ്ങളുടെയും പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രതിമയുടെ ഉദ്ഘാടനച്ചടങ്ങുകള്‍.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ പുതിയ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് പട്ടേലാണ്, ഗോത്ര വിഭാഗത്തിന്റെ ത്യാഗമാണ് പ്രതിമയെന്നും പ്രധാനമന്ത്രി.

ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് 2900 കോടി രൂപ. ഏകതാ ദിവസ് ആയി ആചരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തിലാണ് പ്രതിമയുടെ അനാച്ഛാദനം.

വല്ലഭായിപട്ടേലിന്റെ 143 ആമത് ജന്‍മശതാബ്ദി ദിനത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. 182 മീറ്റര്‍ ഉയരത്തില്‍ ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. സ്‌റ്റേജില്‍ ഒരുക്കിയ യന്ത്രസഹായത്തോടെ പ്രധാനമന്ത്രി നര്‍മ്മദ നദിയിലെ ജലവും മണ്ണും പ്രതിമയില്‍ വിര്‍ച്വല്‍ അഭിഷേകവും നടത്തി.

ഗാലറിയും മ്യൂസിയവും അടക്കമുള്ള സൗകര്യങ്ങളും പ്രതിമയില്‍ ഉണ്ട്. സമീപത്ത് ഒരുക്കിയ ഐക്യത്തിന്റെ മതിലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെ ആയിരുന്നു പ്രതിമ അനാച്ഛാദനം. പുതിയ ഇന്ത്യയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിനിധീകരിക്കുന്നത് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മൂവായിരം കോടി മുടക്കി നിര്‍മ്മിച്ച പ്രതിമക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ പ്രതിപക്ഷത്തെയും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിയാണെങ്കിലും പ്രദേശവാസികളില്‍ നിന്നും കര്‍ഷകരില്‍ നിന്നുമുയരുന്ന പ്രതിഷേധങ്ങള്‍ ചടങ്ങിന്റെ നിറം കെടുത്തുന്ന മട്ടാണ്. കൃഷിക്കായി വെള്ളം എത്തിക്കാമെന്ന ഉറപ്പ് പോലും പാലിക്കപ്പെടാത്തതാണ് കര്‍ഷക രോഷത്തിന് കാരണം. ചടങ്ങില്‍ പ്രതിഷേധിച്ച് ആത്മഹത്യഭീഷണി മുഴക്കിയിരിക്കുകയാണ് 1500 ഓളം കര്‍ഷകര്‍.

പ്രതിമക്ക് വേണ്ടി നശിപ്പിക്കപ്പെട്ട പ്രകൃതി വിഭവങ്ങളുടെ പേരിലാണ് 22 ഗ്രാമമുഖ്യന്മാര്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കാട്ടി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. 72000 പേര്‍ ഭക്ഷണം പാചകം ചെയ്യാതെ പ്രതിഷേധത്തില്‍ പങ്കുചേരും. കര്‍ഷകര്‍ക്ക് ജിഗ്നേഷ് മേവാനി പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധം ലോക ശ്രദ്ധയിലെത്തിക്കാനുള്ള വേദിയായി പ്രതിമ അനാഛാദനച്ചടങ്ങ് ഉപയോഗപ്പെടുത്താനാണ് കര്‍ഷകരുടെയും ഗ്രാമവാസികളുടെയും നീക്കം.