LiveTV

Live

National

കളിതോക്ക് ചൂണ്ടി കവര്‍ച്ച; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു

കളിതോക്കും ഡമ്മി ബോംബുമായി ബാങ്കില്‍ കവര്‍ച്ച നടത്തിയ പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു. 

കളിതോക്ക് ചൂണ്ടി കവര്‍ച്ച; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു

കളിതോക്കും ഡമ്മി ബോംബുമായി ബാങ്കില്‍ കവര്‍ച്ച നടത്തിയ പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു. ഹൈദരാബാദ് മണികോണ്ട കാരൂര്‍ വൈശ്യ ബാങ്കിലാണ് സംഭവം. 45കാരനായ ഡേവിഡ് പ്രവീണ്‍ എന്ന മുന്‍ ടെക്കിയെയാണ് നാട്ടുകാര്‍ പിന്നാലെ ഓടിപ്പിടികൂടി പൊലീസിലേല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ബുര്‍ഖ ധരിച്ച് പ്രവീണ്‍ ബാങ്കിലെത്തിയത്. ഉടനെ ക്യാഷ്യറുടെ അടുത്തെത്തി കയ്യില്‍ സൂക്ഷിച്ചിരുന്ന കളിതോക്ക് ചൂണ്ടുകയായിരുന്നു.

കളിതോക്കാണെന്ന് ആര്‍ക്കും മനസിലായില്ല. പണം തന്നില്ലെങ്കില്‍ എല്ലാവരെയും വെടിവച്ച് കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ക്യാഷ്യറുടെ പെട്ടിയിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപയും തട്ടിയെടുത്ത് ഡേവിഡ് ഓടിയെങ്കിലും ജീവനക്കാര്‍ തടഞ്ഞു. തടഞ്ഞവരെ തള്ളിമറ്റി ഇയാള്‍ ഓടിയെങ്കിലും നാട്ടുകാര്‍ കള്ളനെന്ന് വിളിച്ച് പിന്നാലെ ഓടി. ഓടുന്നതിനൊപ്പം നാട്ടുകാര്‍ ഇയാള്‍ക്ക് നേരെ കല്ലെറിയാനും തുടങ്ങി. എന്നാല്‍ കയ്യിലുള്ള ബോംബ് എറിയുമെന്ന് ഇയാള്‍ ഭീഷണിമുഴക്കിയെങ്കിലും നാട്ടുകാര്‍ പിന്തുടരുകയായിരുന്നു.

ബാങ്കിന് ഏതാനും അകലെവെച്ച് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നാല് മാസം മുമ്പ് ജോലി നഷ്ടപ്പെട്ടെന്നും കുടുംബത്തെ നോക്കാനാണ് മോഷണമെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. വിപ്രോയിലെ ജോലിക്ക് ശേഷം മറ്റൊരു കമ്പനിയില്‍ പ്രവീണ്‍ ജോലി നോക്കിയിരുന്നു. എന്നാല്‍ കമ്പനി ശമ്പളം നല്‍കിയിരുന്നില്ല. വാടകയ്ക്കും ഭക്ഷണത്തിനും പണം ലഭിക്കാതെ വന്നതോടെയാണ് പ്രവീണ്‍ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.