LiveTV

Live

National

വെള്ളം തേടിയിറങ്ങിയ ഏഴ് ആനകള്‍ ഷോക്കേറ്റ് ചെരിഞ്ഞു

റെയില്‍വെയുടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റായിരുന്നു ദാരുണാന്ത്യം.

വെള്ളം തേടിയിറങ്ങിയ ഏഴ് ആനകള്‍ ഷോക്കേറ്റ് ചെരിഞ്ഞു

ഒഡീഷയിലെ ധേന്‍കനല്‍ ജില്ലയില്‍ വെള്ളം തേടി ഇറങ്ങിയ ഏഴ് കാട്ടാനകള്‍ ഷോക്കേറ്റ് ചെരിഞ്ഞു. സദര്‍ കാട്ടില്‍ നിന്നുള്ള ആനകളാണ് കമലാങ്ക ഗ്രാമത്തിലെ കനാല്‍ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. റെയില്‍വെയുടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റായിരുന്നു ദാരുണാന്ത്യം.

13 കാട്ടാനകളാണ് കൂട്ടമായി നാട്ടിലെത്തിയത്. അഞ്ച് പിടിയാനകള്‍ക്കും രണ്ട് കൊമ്പനാനകള്‍ക്കുമാണ് ഷോക്കേറ്റത്. മൂന്ന് ആനകളുടെ മൃതദേഹം റോഡിലും രണ്ടെണ്ണം കനാലിലുമായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങള്‍ മാറ്റി.

2010ന് ശേഷം ഒഡീഷയില്‍ 102 ആനകള്‍ ഷോക്കേറ്റ് ചെരിഞ്ഞു. 2009 മുതല്‍ 2017 വരെ രാജ്യത്ത് 655 ആനകളാണ് അപകടത്തില്‍ ചെരിഞ്ഞത്. ഈ പശ്ചാത്തലത്തില്‍ വൈദ്യുതലൈനുകള്‍ 17-18 അടി വരെ ഉയര്‍ത്തണമെന്ന് വനം വകുപ്പ് ഊര്‍ജ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.