LiveTV

Live

National

നിയമ ലംഘനങ്ങളും നിയമനങ്ങളും: മോദി ഭരണത്തില്‍ സി.ബി.എെക്ക് സംഭവിക്കുന്നത്... 

സി.ബി.എെ മേധാവിയെ നിയമിക്കുന്നതില്‍ വ്യവസ്ഥാപിതമായ ചില നടപടികളുണ്ട്. ചീഫ് ജസ്റ്റിസ്, പ്രധാന മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സംഘമാണ് പദവിക്ക് യോഗ്യനായ ഒരാളെ തെരഞ്ഞെടുക്കുന്നത്.

നിയമ ലംഘനങ്ങളും നിയമനങ്ങളും: മോദി ഭരണത്തില്‍ സി.ബി.എെക്ക് സംഭവിക്കുന്നത്... 

2013ല്‍ കൂട്ടിലടച്ച കിളി എന്ന് സുപ്രീം കോടതി പരാമര്‍ശിച്ച കേന്ദ്രത്തിന്‍റെ കുറ്റാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലെ തമ്മില്‍തല്ല് രൂക്ഷമാവുകയാണ്. സി.ബി.എെ ഉദ്യോഗസ്ഥര്‍ തന്നെ സി.ബി.എെ ആസ്ഥാനം റെയ്ഡ് ചെയ്തതടക്കം അസ്വാഭാവികമായ സംഭവ പരമ്പരകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. 2019ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കേസില്‍ പ്രതിപക്ഷം കൂടി ഇടപെട്ടപ്പോള്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദ്ധത്തിലായിരിക്കുകയാണ്.

രണ്ട് വര്‍ഷമാണ് ഒരു സി.ബി.എെ ഡയറക്ടറുടെ കാലയളവ്. കാലാവധി തീരും മുന്‍പ് സി.ബി.എെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റിയത് റഫാല്‍ അന്വേഷണം അട്ടിമറിക്കാനാണെന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നത്.

സി.ബി.എെ മേധാവിയെ നിയമിക്കുന്നതില്‍ വ്യവസ്ഥാപിതമായ ചില നടപടികളുണ്ട്. ചീഫ് ജസ്റ്റിസ്, പ്രധാന മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സംഘമാണ് പദവിക്ക് യോഗ്യനായ ഒരാളെ തെരഞ്ഞെടുക്കുന്നത്. പക്ഷെ, ഇതൊന്നും പാലിക്കാതെ ഒരു ദിവസത്തിനുള്ളില്‍ അലോക് വര്‍മ്മയെ പദവിയില്‍ നിന്നും മാറ്റിയതും നാഗേശ്വര റാവുവിനെ സി.ബി.എെ മേധാവി സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തതിനെ ജനാധിപത്യ ലംഘനമായേ കാണാനാകൂ. ഇത് മാത്രമല്ല, രാകേഷ് അസ്താനക്കെതിരെയുള്ള കേസിന്‍റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടികളെ പാതിരാ നാടകം എന്ന് തന്നെ വിളിക്കണം.

നിയമ ലംഘനങ്ങളും നിയമനങ്ങളും: മോദി ഭരണത്തില്‍ സി.ബി.എെക്ക് സംഭവിക്കുന്നത്... 
അലോക് വര്‍മ്മ

വിവാദങ്ങളുടെ തുടക്കം എവിടെ നിന്ന്..?

2017 ഒക്ടോബറില്‍ ഗുജറാത്ത് കേഡര്‍ എെ.പി.എസ് ഓഫീസറും നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താനെയെ സി.ബി.എെയിലെ ഏറ്റവും വലിയ രണ്ടാമത്തെ പദവിയായ സ്പെഷ്യല്‍ ഡയറക്ടറായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി) തെരഞ്ഞെടുത്തു. ഇതിന് എതിര്‍പ്പ് അറിയിച്ച് കൊണ്ട് മേധാവി അലോക് വര്‍മ്മ രംഗത്ത് വന്നിരുന്നു. ഗുജറാത്തിലെ സ്റ്റെര്‍ലിങ് ബയോടെക് എന്ന കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അസ്താന കുറ്റക്കാരനാണെന്ന് പറഞ്ഞായിരുന്നു അലോക് വര്‍മ്മ രംഗത്ത് വന്നത്.

കേസിന്‍റെ വിശദമായ റിപ്പോര്‍ട്ട് സി.വി.സിക്ക് മുമ്പാകെ അലോക് വര്‍മ്മ അന്ന് തന്നെ സമര്‍പ്പിച്ചിരുന്നു. പക്ഷെ, സെലക്ഷന്‍ കമ്മറ്റി സംയുക്തമായെടുത്ത തീരുമാനമായതിനാല്‍ അസ്താനയുടെ നിയമനം തടയാന്‍ സാധിക്കില്ലെന്നാണ് വിജിലന്‍സ് മേധാവി സി.വി ചൌധരി അലോകിന് നല്‍കിയ മറുപടി. പിന്നീട് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അസ്താനയുടെ നിയമനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയെങ്കിലും ഫലം കണ്ടില്ല. സി.ബി.എെ തലപ്പത്തെ മുറുമുറുപ്പുകള്‍ക്ക് അവിടെ തുടക്കമായി.

നിയമ ലംഘനങ്ങളും നിയമനങ്ങളും: മോദി ഭരണത്തില്‍ സി.ബി.എെക്ക് സംഭവിക്കുന്നത്... 

ആരായിരുന്നു രാകേഷ് അസ്താന?

രാജ്യത്തെ പ്രധാനപ്പെട്ട പല കേസുകളിലും അസ്താനെ അന്വേഷണോദ്യോഗസ്ഥനായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്രയില്‍ ട്രൈനിന് തീ വച്ച സംഭവത്തിന്‍റെ അന്വേഷണ ചുമതല അസ്താനക്കായിരുന്നു. ബിഹാറില്‍ ഡെപ്യൂട്ടേഷനിലായിരുന്ന സമയത്ത് കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ കുറ്റ പത്രം സമര്‍പ്പിച്ചത് അസ്താനയായിരുന്നു.

സി.ബി.എെ സ്പെഷ്യല്‍ ഡയറക്ടറായിരിക്കെ വിജയ് മല്യ ബാങ്ക് തട്ടിപ്പ്, അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്ടര്‍ അഴിമതി, പി.ചിദംബരം പ്രതിയായ ഐ.എന്‍.എക്സ് മീഡിയ അഴിമതി എന്നിങ്ങനെ പല പ്രമുഖ കേസുകള്‍ അസ്താനയുടെ ചുമതലയിലാണ്. 'മോദിയുടെ കണ്ണിലുണ്ണി' എന്ന് രാഹുല്‍ ഗാന്ധി അസ്താനയെ വിശേഷിപ്പിച്ചിരുന്നു.

അലോക് വര്‍മ്മക്കെതിരെ അസ്താന ഉയര്‍ത്തിയ ആരോപണങ്ങള്‍

ലാലു പ്രസാദ് യാദവ് പ്രതിയായ എെ.ആര്‍.സി.ടി.സി അഴിമതി കേസുള്‍പ്പടെ സുപ്രധാനമായ കേസുകളില്‍ തന്‍റെ അന്വേഷണത്തെ തടയാന്‍ പല തവണ വര്‍മ്മ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു അസ്താന സി.വി.സിക്ക് പരാതി നല്‍കുന്നത്. പരാതി സി.വി.സി പരിശോധിക്കുകയും അലോക് വര്‍മ്മ കുറ്റവാളിയല്ലെന്ന് തെളിയുകയും ചെയ്ത സാഹചര്യത്തില്‍ അസ്താനക്ക് വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നു.

അതിന് ശേഷം പല കേസുകളിലും നിയമത്തിനനുസരിച്ച് മുന്നോട്ട് പോകാന്‍ തന്നെ സമ്മതിക്കുന്നില്ലെന്നും പല പ്രതികളെയും അറസ്റ്റ് ചെയ്യാനൊരുങ്ങുമ്പോള്‍ അതില്‍ നിന്നും പിന്തിരിപ്പിച്ചതായി അസ്താന വീണ്ടും അലോകിനെതിരെ പരാതി നല്‍കി.

നികുതി വെട്ടിപ്പ്, അനധികൃത പണമിടപാടുകള്‍ എന്നിവയില്‍ നോട്ടപ്പുള്ളിയായിരുന്ന മാംസ കടത്തുകാരന്‍ മുഈന്‍ ഖുറൈശിക്കെതിരെയുള്ള കേസ് ഒതുക്കി തീര്‍ക്കാന്‍ ഹൈദരാബാദ് സ്വദേശിയായ സതീഷ് ബാബു സന എന്ന കച്ചവടക്കാരനില്‍ നിന്നും അലോക് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് അസ്താനെ പ്രസ്താവിച്ചു. ശേഷം സനയെ അറസ്റ്റ് ചെയ്യാനായി താന്‍ ശ്രമിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും അലോക് പിന്തിരിപ്പിച്ചെന്നും അസ്താനെ പറഞ്ഞു. ഇത് മാത്രമല്ല, എെ.ആര്‍.സി.ടി.സി അഴിമതി കേസ്, എെ.എ.എന്‍.എക്സ് മിഡിയ അഴിമതി എന്നിങ്ങനെ പല കേസുകളും അട്ടിമറിക്കാന്‍ അലോക് ശ്രമിച്ചതായി അസ്താന ആരോപിച്ചു.

നിയമ ലംഘനങ്ങളും നിയമനങ്ങളും: മോദി ഭരണത്തില്‍ സി.ബി.എെക്ക് സംഭവിക്കുന്നത്... 

അസ്താനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍

രാകേഷ് അസ്താനെ സ്പെഷ്യല്‍ ഡയറക്ടറായി സ്ഥാനമേറ്റതില്‍ പിന്നെ സി.ബി.എെക്കുള്ളില്‍ വലിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നെങ്കിലും ഒക്ടോബര്‍ 15ന് അസ്താനെക്കെതിരെ സി.ബി.എെ ഒരു എഫ്.എെ.ആര്‍ ഫയല്‍ ചെയ്യുകയും ഡി.എസ്.പി ദേവേന്ദ്ര കുമാര്‍ അറസ്റ്റിലാവുകയും ചെയ്തതിന് ശേഷമാണ് സി.ബി.എെക്കുള്ളിലെ കൂട്ടകലഹം രൂക്ഷമായത്. യാദൃശ്ചികമെന്ന് പറയട്ടെ, മാംസ കടത്തുകാരന്‍ മുഈന്‍ ഖുറൈശിക്കെതിരെയുള്ള കേസില്‍ നിന്നും തന്നെ ഒഴിവാക്കാമെന്ന് പറഞ്ഞ് രണ്ട് കോടി രൂപ അസ്താന വാങ്ങിയെന്ന പരാതി നല്‍കിയത് അതേ ഹൈദരാബാദ് സ്വദേശി സതീഷ് ബാബു സനയായിരുന്നു.

മനോജ് പ്രസാദ്, സോമേഷ് പ്രസാദ് എന്നിവരിലൂടെ അസ്താനക്ക് താന്‍ പണം കൈമാറിയെന്നും മുതിര്‍ന്ന റോ ഏജന്‍റ് സമന്ത് കുമാര്‍ ഗോയലും ഇതില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഗോയലിനെക്കൂടി പ്രതി ചേര്‍ത്താണ് സി.ബി.എെ എഫ്.എെ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

നിയമ ലംഘനങ്ങളും നിയമനങ്ങളും: മോദി ഭരണത്തില്‍ സി.ബി.എെക്ക് സംഭവിക്കുന്നത്... 

ഇപ്പോള്‍ എന്ത്.?

സി.ബി.എെ ഡി.എസ്.പി ദേവേന്ദ്ര കുമാറിന്‍റെ അറസ്റ്റിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് പേരുമായും കൂടികാഴ്ച നടത്തിയിരുന്നു. കാലാവധി തീരും മുമ്പ് തന്നെ സി.ബി.എെ മേധാവി സ്ഥാനത്ത് നിന്നും എന്ത് കൊണ്ട് നീക്കം ചെയ്തെന്ന് പറഞ്ഞ് അലോക് വര്‍മ്മ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. കോടതി അതില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. കേസ് വാദം കേള്‍ക്കുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ടെന്ന ഇളവ് അസ്താനക്ക് കോടതി നല്‍കിയിട്ടുണ്ട്. മോദി ഭക്തരെ അദ്ദേഹം കൈ വിടില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുമ്പോള്‍ വ്രണപ്പെടുന്നത് ജനാധിപത്യ സംവിധാനങ്ങളുടെ സുതാര്യതയാണ്. നീതിയോ അധികാരമോ എന്ന ചോദ്യത്തിന് വരും ദിവസങ്ങള്‍ മറുപടി പറയും.

സി.ബി.ഐ.യിലെ കൈക്കൂലി കേസില്‍ അന്വേഷണം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നതായി വെളിപ്പെടുത്തല്‍
Also Read

സി.ബി.ഐ.യിലെ കൈക്കൂലി കേസില്‍ അന്വേഷണം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നതായി വെളിപ്പെടുത്തല്‍

സി.ബി.ഐയുടെ പുതിയ തലവന്‍ നാഗേശ്വര്‍ റാവുനെതിരെയും ഉയരുന്നത് കടുത്ത അഴിമതി
Also Read

സി.ബി.ഐയുടെ പുതിയ തലവന്‍ നാഗേശ്വര്‍ റാവുനെതിരെയും ഉയരുന്നത് കടുത്ത അഴിമതി

അസ്താനയെ രക്ഷിക്കാന്‍ കേന്ദ്രത്തിന്റെ അസാധാരണ നടപടികള്‍: കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി
Also Read

അസ്താനയെ രക്ഷിക്കാന്‍ കേന്ദ്രത്തിന്റെ അസാധാരണ നടപടികള്‍: കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി

സി.ബി.ഐയിലെ നടപടികളെ ന്യായീകരിച്ച് ധനമന്ത്രി
Also Read

സി.ബി.ഐയിലെ നടപടികളെ ന്യായീകരിച്ച് ധനമന്ത്രി