LiveTV

Live

National

ധോണിയും ഗംഭീറും ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായേക്കുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ മീനാക്ഷി ലേഖിക്ക് പകരം ഗംഭീറിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. ധോണിയെ ജാര്‍ഖണ്ഡില്‍ നിന്ന് മത്സരിപ്പിക്കുന്നതിനെ കുറിച്ചാണ് ബി.ജെ.പി ആലോചിക്കുന്നത്.

ധോണിയും ഗംഭീറും ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായേക്കുമെന്ന് റിപ്പോര്‍ട്ട്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഗൌതം ഗംഭീറും എം.എസ് ധോണിയും സ്ഥാനാര്‍ഥികളായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ മീനാക്ഷി ലേഖിക്ക് പകരം ഗംഭീറിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. ധോണിയെ ജാര്‍ഖണ്ഡില്‍ നിന്ന് മത്സരിപ്പിക്കുന്നതിനെ കുറിച്ചാണ് ബി.ജെ.പി ആലോചിക്കുന്നത്.

രണ്ട് ക്രിക്കറ്റ് താരങ്ങളുടെയും പൊതുസമൂഹത്തിലെ സ്വീകാര്യതയും വിശ്വാസ്യതയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ദേശീയതലത്തില്‍ തന്നെ തെരഞ്ഞെടുപ്പ് കാമ്പെയിനുകളില്‍ ബി.ജെ.പി ഇവരെ പങ്കെടുപ്പിക്കും. ധോണി ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീം ക്യാപ്റ്റനാണ്. അതിനാല്‍ ദക്ഷിണേന്ത്യയിലെ ക്യാമ്പെയിനുകളില്‍ ധോണിയെ പങ്കെടുപ്പിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് ധോണിയുമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

ഗംഭീര്‍ നിലവില്‍ ഡല്‍ഹിക്കായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയാണ്. ഇന്ത്യക്കായി 2016 നവംബറിലാണ് ഏറ്റവും ഒടുവില്‍ കളിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായും കളിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മീനാക്ഷി ലേഖിയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് തൃപ്തിയില്ല. ക്രിക്കറ്റ് താരം എന്നതിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലൂടെയും ഡല്‍ഹിക്കാര്‍ക്ക് അറിയാവുന്ന ഗംഭീറിന്‍റെ സ്വീകാര്യതയിലാണ് ബി.ജെ.പിയുടെ കണ്ണ്. ധോണിയും ഗംഭീറും ബി.ജെ.പിയില്‍ ചേരുന്നത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.