LiveTV

Live

National

താലിബ് ഹുസൈനെതിരെ മീ ടൂ ആരോപണം

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണവുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയാണ് രംഗത്തെത്തിയിട്ടുള്ളത്.

താലിബ് ഹുസൈനെതിരെ മീ ടൂ ആരോപണം

കത്‍വ പീഡന കൊലപാതക കേസിലെ സാക്ഷിയും സാമൂഹ്യപ്രവര്‍ത്തകനുമായ താലിബ് ഹുസൈനെതിരെ മീ ടൂ ആരോപണം. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണവുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയാണ് രംഗത്തെത്തിയിട്ടുള്ളത്. ഒരു ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ഏപ്രിലിലാണ് ആരോപണത്തിനാസ്പദമായി സംഭവം നടന്നത്. താലിബ് ഹുസൈന്‍ പങ്കെടുത്ത പല പരിപാടികളുടെയും സംഘാടകരില്‍ ആരോപണമുന്നയിച്ച വിദ്യാര്‍ത്ഥിനിയും ഉണ്ടായിരുന്നു. താലിബ് നിരന്തരം ഫോണില്‍ വിളിച്ച് ശല്ല്യം ചെയ്തിരുന്നതായും അശ്ലീല ചുവയുള്ള സന്ദേശങ്ങളും ഫോട്ടോകളും അയച്ചിരുന്നതായും വിദ്യാര്‍ത്ഥിനി പറയുന്നു. പിന്നീട് ഡല്‍ഹി ബട്‍ല ഹൌസ് പ്രദേശത്തുള്ള ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി.

സഹപാഠികള്‍ വിലക്കിയതിനാലാണ് ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.ആരോപണം പുറത്ത് വന്നതോടെ ഇനിമുതല്‍ താലിബിനായി സുപ്രീം കോടതിയില്‍ ഹാജരാകില്ലെന്ന് അഭിഭാഷക ഇന്ദിര ജയ്സിങ് വ്യക്തമാക്കി.

മീ ടൂ കാമ്പയിന് കീഴില്‍ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് വനിത ശിശുക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും ഇന്ദിര ജെയ്സിങ് കൂട്ടിച്ചേര്‍ത്തു.

ത്വാലിബിനെതിരെ ഉയരുന്ന രണ്ടാമത്തെ ലൈംഗികാരോപണ കേസാണിത്. വിവാഹിതയായ സ്ത്രീയ കാട്ടില്‍ വച്ച് ബലാത്സംഗം ചെയ്തെന്ന ആദ്യ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ഈ കേസില്‍ ത്വാലിബ് ജാമ്യത്തിലിറങ്ങിയത്. താലിബിനെതിരെ കള്ളക്കേസുകള്‍ ചമക്കാന്‍ ശ്രമം നടക്കുന്നതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു.