LiveTV

Live

National

മെഡലുകള്‍ വയര്‍ നിറക്കില്ല; ഇന്ത്യയിലെ ഒന്നാം നമ്പര്‍ ലൈറ്റ്‍വെയ്റ്റ് ബോക്സര്‍ ജീവിക്കുന്നത് ചായക്കട നടത്തി

ബോക്സിങിനെ പ്രേമിക്കുന്ന ഏതൊരു യുവതാരവും ആരാധിക്കുന്നയൊരാളാണ് ഒളിമ്പിക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്. 

മെഡലുകള്‍ വയര്‍ നിറക്കില്ല; ഇന്ത്യയിലെ ഒന്നാം നമ്പര്‍ ലൈറ്റ്‍വെയ്റ്റ് ബോക്സര്‍ ജീവിക്കുന്നത് ചായക്കട നടത്തി

ബോക്സിങിനെ പ്രേമിക്കുന്ന ഏതൊരു യുവതാരവും ആരാധിക്കുന്നയൊരാളാണ് ഒളിമ്പിക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്. വെറും ആരാധന മാത്രമല്ല, ഒരുനാള്‍ വിജേന്ദറിനെ പോലെ രാജ്യത്തിന് വേണ്ടി ഇടിക്കൂട്ടില്‍ പ്രകമ്പനം തീര്‍ക്കണമെന്നായിരിക്കും ഓരോ യുവ താരത്തിന്റെയും സ്വപ്നം.

ഭിവാനിയിലെ വിജേന്ദറിന്റെ വീടിനടുത്ത് മറ്റൊരു പ്രൊഫഷണല്‍ ബോക്സിങ് താരമുണ്ട്. രാജേഷ് കുമാര്‍ കസാന എന്നാണ് ആ യുവതാരത്തിന്റെ പേര്. ഗ്രാമത്തിലുള്ളവര്‍ സ്നേഹത്തോടെ ലൂക്ക എന്ന് വിളിക്കും. ഇതിനോടകം പ്രൊഫഷണല്‍ ബോക്സിങ് രംഗത്തേക്ക് രാജേഷ് കടന്നു കഴിഞ്ഞു. എന്നാല്‍ ജീവിതപ്രാരാബ്ദങ്ങളാണ് രാജേഷിന് മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. സഹോദരനൊപ്പം ചായക്കട നടത്തിയാണ് രാജേഷ് വരുമാനം കണ്ടെത്തുന്നത്.

രാവിലെ അഞ്ച് മണിക്ക് തന്നെ രാജേഷ് ഉണരും. പിന്നെ നേരെ ചായക്കടയിലേക്ക്. ഉച്ചക്ക് ഒരു മണി വരെ ചായക്കടയുടെ പൂര്‍ണ ചുമതല രാജേഷിനാണ്. ഒരു മണിയോടെ സഹോദരന്‍ കടയിലെത്തും. ഭക്ഷണത്തിന് ശേഷം അല്‍പ്പനേരം വിശ്രമം. പിന്നെ ആറു മണിയോടെ ബോക്സിങ് പരിശീലനം തുടങ്ങുകയായി. ദൈനംദിന ചിലവുകള്‍ക്ക് പണം കണ്ടെത്താനാണ് പ്രൊഫഷണല്‍ ബോക്സറായിട്ട് കൂടി താന്‍ ചായക്കട നടത്തുന്നതെന്ന് രാജേഷ് പറയുന്നു. പ്രാരാബ്ദങ്ങളും പ്രയാസങ്ങളും രാജേഷിനെ ഇതുവരെ തളര്‍ത്തിയിട്ടില്ല. പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഓട്ടത്തിലാണ് രാജേഷ്.

മെഡലുകള്‍ വയര്‍ നിറക്കില്ല; ഇന്ത്യയിലെ ഒന്നാം നമ്പര്‍ ലൈറ്റ്‍വെയ്റ്റ് ബോക്സര്‍ ജീവിക്കുന്നത് ചായക്കട നടത്തി
‘’എന്നെയൊരു ബോക്സറാക്കണമെന്നായിരുന്നു എന്റെ അച്ഛന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ സ്വപ്നം എനിക്ക് എന്ത് ത്യാഗം സഹിച്ചും സഫലമാക്കണം.’’ രാജേഷ് പറയുന്നു.

2015 ലാണ് രാജേഷ് തന്റെ ആദ്യ പ്രൊഫഷണല്‍ ബോക്സിങ് മത്സരത്തിന് ഇറങ്ങുന്നത്. സ്വന്തം നാട്ടുകാരന്‍ തന്നെയായ മന്‍പ്രീത് സിങിനെ ഇടിച്ചിട്ട് രാജേഷ് ജൈത്രയാത്ര ആരംഭിച്ചു. ഇതുവരെ 10 മത്സരങ്ങള്‍. ഒമ്പതിലും വിജയം രാജേഷിനൊപ്പം നിന്നു. ഒരു മത്സരത്തില്‍ മാത്രം സമനില. ആര്‍ക്കു മുമ്പിലും തോല്‍ക്കാതെ രാജേഷ് ഇടിക്കൂട്ടില്‍ ഇടിമുഴക്കം തീര്‍ക്കുകയാണ്. ഇന്ത്യയിലെ ലൈറ്റ്‍വെയ്റ്റ് പ്രൊഫഷണല്‍ ബോക്സിങ് നിരയിലെ ഒന്നാം നമ്പര്‍ താരമാണ് രാജേഷ്. ഈ ശ്രേണിയില്‍ ലോക റാങ്കിങില്‍ 221 ാം സ്ഥാനവും. ഇടിക്കൂട്ടിന് പുറത്ത് രാജേഷിന് ദുരിത ജീവിതമാണ്. സ്കൂള്‍ പഠന കാലത്ത് തന്നെ പിതാവിനെ നഷ്ടമായി. ഡ്രൈവറായിരുന്ന പിതാവ് കാന്‍സര്‍ ബാധിതനായാണ് മരിച്ചത്. അതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു.

മെഡലുകള്‍ വയര്‍ നിറക്കില്ല; ഇന്ത്യയിലെ ഒന്നാം നമ്പര്‍ ലൈറ്റ്‍വെയ്റ്റ് ബോക്സര്‍ ജീവിക്കുന്നത് ചായക്കട നടത്തി

പിന്നീടങ്ങോട്ട് പല ജോലികള്‍. ജീവിതം ഒരു കരയ്ക്കടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് 2011 ല്‍ ഏക സഹോദരിക്ക് അര്‍ബുദബാധ സ്ഥിരീകരിച്ചത്. ഇതോടെ കൂടപ്പിറപ്പിന്റെ ജീവന്‍ രക്ഷിക്കാന്‍ ആകെയുണ്ടായിരുന്ന പാരമ്പര്യ സ്വത്തും വിറ്റു. പക്ഷേ ചികിത്സകള്‍ക്ക് സഹോദരിയുടെ ജീവനെ പിടിച്ചുനിര്‍ത്താന്‍ രണ്ടു വര്‍ഷം മാത്രമാണ് കഴിഞ്ഞത്. ചായക്കടയിലേക്ക് മാറിയ ശേഷമാണ് പരിശീലനത്തിനുള്ള സമയം കണ്ടെത്താന്‍ രാജേഷിന് കഴിഞ്ഞത്. ഇപ്പോള്‍ റോയല്‍ സ്‍പോര്‍ട്സ് പ്രമോഷന്റെ സഹായമൊക്കെ രാജേഷിന് കിട്ടിത്തുടങ്ങിയിട്ടുണ്ട്. പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഓട്ടം തുടരുകയാണ് രാജേഷ്.