LiveTV

Live

National

നവരാത്രി ദിവസങ്ങളില്‍ മാംസ വില്‍പന അനുവദിക്കില്ല; ഭീഷണിയുമായി ഹൈന്ദവ സംഘടനകള്‍

125 അംഗങ്ങളെ തങ്ങള്‍ നിയമിച്ചിട്ടുണ്ടെന്നും ഇവര്‍ നഗരത്തിലെ ഓരോ മാംസ കടയിലും എത്തി കടകള്‍ അടക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കിക്കൊണ്ട് ശിവസേന ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

നവരാത്രി ദിവസങ്ങളില്‍ മാംസ വില്‍പന അനുവദിക്കില്ല; ഭീഷണിയുമായി ഹൈന്ദവ സംഘടനകള്‍

നവരാത്രി ദിവസങ്ങളില്‍ മാംസ വില്‍പന അനുവദിക്കില്ലെന്ന ഭീഷണിയുമായി ശിവസേന ഉള്‍പ്പെടെയുള്ള 22ഓളം ഹൈന്ദവ സംഘടനകള്‍ രംഗത്ത്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഘടനകളുടെ ഭീഷണി. ആഘോഷദിവസങ്ങളില്‍ മാംസ കച്ചവടം നടത്തുന്ന കടകള്‍ പൂട്ടിക്കുമെന്ന് സന്‍യുക്ത് ഹിന്ദു സംഘര്‍ഷ് സമിതി പറഞ്ഞു.

ഒക്ടോബര്‍ 10 മുതല്‍ 18 വരെയാണ് നവരാത്രി ആഘോഷങ്ങള്‍. ”നവരാത്രി ദിനത്തില്‍ ഏതെങ്കിലും മാംസകടകള്‍ തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഞങ്ങള്‍ അത് പൂട്ടിക്കും. അതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും അക്കാര്യം ഞങ്ങള്‍ നോക്കിക്കോളും.” ശിവസേന ജില്ലാ പ്രസിഡന്റ് ഗൗതം സേനി പറയുന്നു. 125 അംഗങ്ങളെ തങ്ങള്‍ നിയമിച്ചിട്ടുണ്ടെന്നും ഇവര്‍ നഗരത്തിലെ ഓരോ മാംസ കടയിലും എത്തി കടകള്‍ അടക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കിക്കൊണ്ട് ശിവസേന ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

നവരാത്രി ദിനങ്ങളില്‍ മാംസ കടകള്‍ അടച്ചിട്ടാല്‍ ലക്ഷങ്ങളുടെ നഷ്ടമാവും കച്ചവടക്കാര്‍ നേരിടേണ്ടിവരിക. ഭീഷണിയെ തുടര്‍ന്ന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ് വ്യാപാരികള്‍. എന്നാല്‍ കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്ന നടപടിയെ ശക്തമായി പ്രതിരോധിക്കുമെന്നും അത്തരത്തില്‍ ആരെങ്കിലും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 500 ഓളം കടകളായിരുന്നു ശിവസേനയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പൂട്ടിച്ചത്. ഡല്‍ഹി ഗുര്‍ഗോണ്‍ എക്‌സ്പ്രസ്‍വെയിലെ 300ഓളം മാംസകടകളും ചില ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ പൂട്ടിച്ചിരുന്നു.