സ്ട്രാറ്റജിക് പോളിസി ഗ്രൂപ്പ് മേധാവിയായി അജിത് ഡോവല്‍; പരമാധികാരം ഇനി ഡോവലിന്റെ കയ്യില്‍
2009ല്‍ ഡോവല്‍ സംഘ്പരിവാര്‍ അനുകൂല സംഘമായ വിവേകാനന്ദ ഫൌണ്ടേഷന് സ്ഥാപിച്ചിരുന്നു. മോദി അധികാരത്തിലെത്തിയതോടെ, രാജ്യത്തിന്റെ അഞ്ചാമത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവല്‍ നിയമിതനാവുകയും ചെയ്തു.

സ്ട്രാറ്റജിക് പോളിസി ഗ്രൂപ്പ് മേധാവിയായി അജിത് ഡോവലിനെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ട്രാറ്റജിക് പോളിസി ഗ്രൂപ്പ്(എസ്.പി.ജി) പുന:സംഘടിപ്പിച്ചതോടെയാണ് മേധാവിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തലപ്പത്തെത്തിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും അധികാരമുള്ള ഉദ്യോഗസ്ഥനായി മാറിയിരിക്കുകയാണ് അജിത് ഡോവല്‍. അതേസമയം തെരഞ്ഞെടുപ്പ് ആസന്നമായ സമയത്തെ ഡോവലിന്റെ നിയമനം ദുരൂഹമാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം, ദേശീയ സുരക്ഷാ നയ രൂപീകരണത്തിന് ആവശ്യമായ വിവരങ്ങളുടെ ഏകീകരണം എന്നിവയെല്ലാം എസ്.പി.ജിയുടെ ചുമതലകളാണ്. നേരത്തെ കാബിനറ്റ് സെക്രട്ടറിക്കായിരുന്നു പോളിസി ഗ്രൂപ്പിന്റെ ചുമതല. എന്നാല്‍ ഇനി മുതല്‍ കാബിനറ്റ് സെക്രട്ടറി അജിത് ഡോവലിന് റിപ്പോര്‍ട്ട് ചെയ്യണം. നീതി ആയോഗ് വൈസ് ചെയര്മാന്, കാബിനറ്റ് സെക്രട്ടറി, മൂന്ന് സൈനിക മേധാവികള്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, വിദേശകാര്യ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സാമ്പത്തിക സെക്രട്ടറി, പ്രതിരോധ സെക്രട്ടറി എന്നിവരെല്ലാം ഉള്‍പ്പെട്ടതാണ് പോളിസി ഗ്രൂപ്പ്.
അതേസമയം, തെരഞ്ഞെടുപ്പ് അടുത്ത് നില്ക്കുന്ന സമയത്ത് അജിത് ഡോവലിനെ മേധാവിയായി നിയമിച്ചതിനെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്. പദവിക്ക് അര്‍ഹരായ നിരവധി പേര് പുറത്ത് നില്ക്കുമ്പോള് അവരെ പരിഗണിക്കുക പോലും ചെയ്യാതെയാണ് അജിത് ഡോവലിന്റെ നിയമനമെന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണ സംവിധാനത്തെ കൂടുതല്‍ കേന്ദ്രീകരിക്കുന്ന പ്രവണതയാണിതെന്നും ഇത്തരം നടപടികള്‍ ആരോഗ്യകരമായ ജനാധിപത്യത്തെ തകര്‍ക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
2005ല്‍ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറായി വിരമിച്ച ഡോവല്‍, 2009ല്‍ സംഘ്പരിവാര്‍ അനുകൂല നയരൂപവത്കരണ സംഘമായ വിവേകാനന്ദ ഫൌണ്ടേഷന് സ്ഥാപിച്ചിരുന്നു. 2009ലും 2011ലും വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ കള്ളപ്പണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഡോവലാണ്. 2014ല്‍ മോദി അധികാരത്തിലെത്തിയതോടെ, രാജ്യത്തിന്റെ അഞ്ചാമത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവല്‍ നിയമിതനാവുകയും ചെയ്തു.