LiveTV

Live

National

കേന്ദ്രമന്ത്രി അക്ബറിനെതിരെ വീണ്ടും മി ടൂ; മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം

ഏഷ്യന്‍ ഏജ് പത്രത്തിലെ മുന്‍ സഹപ്രവര്‍ത്തകയാണ് എം.ജെ അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. കൂടെ ജോലി ചെയ്യുന്ന കാലത്ത് ക്യാബിനിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി

 കേന്ദ്രമന്ത്രി അക്ബറിനെതിരെ വീണ്ടും മി ടൂ; മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം

കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം. ഏഷ്യന്‍ ഏജ് പത്രത്തിലെ മുന്‍ സഹപ്രവര്‍ത്തകയാണ് മി ടൂ ക്യാമ്പയിനിലൂടെ എം.ജെ അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.

അക്ബറിന്റെ കൂടെ ജോലി ചെയ്യുന്ന കാലത്ത് ക്യാബിനിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പ്രതിഷേധിച്ചിട്ടും പ്രതികരിച്ചിട്ടും അക്ബര്‍ പിന്മാറാതിരുന്നതോടെ സ്ഥാപനത്തില്‍ നിന്ന് രാജിവെച്ചെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അഞ്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു. ജോലിക്ക് അഭിമുഖത്തിനായി വന്നപ്പോള്‍ അക്ബര്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് ഒരു മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയതോടെയാണ് നാല് മാധ്യമപ്രവര്‍ത്തകര്‍ കൂടി രംഗത്തെത്തിയത്.

മന്ത്രിയാകുന്നതിന് മുന്‍പ് ടെലഗ്രാഫ്, ഏഷ്യന്‍ ഏജ്, സണ്‍ഡെ ഗാര്‍ഡിയന്‍ എന്നീ മാധ്യമസ്ഥാപനങ്ങളില്‍ എം.ജെ അക്ബര്‍ ജോലിചെയ്തിട്ടുണ്ട്. ഇക്കാലത്ത് നടത്തിയ ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍.

ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളില്‍ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി ആവശ്യപ്പെട്ടു. അധികാരത്തിലിരിക്കുന്ന പുരുഷന്മാര്‍ പലപ്പോഴും ഇങ്ങനെ ചെയ്യുന്നു. മാധ്യമരംഗത്തും രാഷ്ട്രീയരംഗത്തും മറ്റ് സ്ഥാപനങ്ങളിലുമെല്ലാം നടക്കുന്നുണ്ട്. ഇപ്പോള്‍ സ്ത്രീകള്‍ പ്രതികരിച്ച് തുടങ്ങിയിരിക്കുകയാണെന്നും മനേക ഗാന്ധി പറഞ്ഞു.