LiveTV

Live

National

മഹാരാഷ്ട്ര നവനിർമാൺ സേന ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി തനുശ്രീ ദത്ത

മഹാരാഷ്ട്ര നവനിർമാൺ സേന ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി തനുശ്രീ ദത്ത

നാനാ പടേക്കർക്കെതിരായ ലൈംഗിക ആരോപണം ബോളിവുഡിൽ ചർച്ചയായിരിക്കെ രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിർമാൺ സേന തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന ആരോപണവുമായി തനുശ്രീ ദത്ത രംഗത്ത് വന്നു. ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് സേന തന്നെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി തനുശ്രീ ദത്ത ആരോപിച്ചത്. ലൈംഗികാതിക്രമ വിവരം തുറന്നുപറഞ്ഞതിന് നാനാ പടേക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഭീഷണികളിൽ ഒന്ന് മാത്രമാണ് ഇത് എന്നും തനുശ്രീ അഭിമുഖത്തിൽ പറഞ്ഞു.

2008 ൽ പുറത്തിറങ്ങിയ ഹോൺ ഓകെ പ്ളീസ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് നാനാ പടേക്കർ തനിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചു എന്നാണ് തനുശ്രീ ദത്തയുടെ ആരോപണം. ആരോപണത്തിന് പിന്നാലെ നാനാ പടേക്കറുടെ ഭാഗത്ത് നിന്ന് ധാരാളം ഭീഷണികൾ ഉണ്ടായിട്ടുണ്ട് എന്നും തനുശ്രീ പറഞ്ഞു. എന്നാൽ, തനുശ്രീ ദത്തയുടെ ആരോപണം നാനാ പടേക്കർ നിഷേധിച്ചിട്ടുണ്ട്.

തന്റെ സുരക്ഷക്ക് വേണ്ടി മുംബൈ പൊലീസ് നടപടികൾ കൈക്കൊള്ളുന്നുണ്ട് എന്ന് പറഞ്ഞ തനുശ്രീ അതിന്റെ പേരിൽ മുംബൈ പൊലീസിനോട് നന്ദി അറിയിക്കുന്നതായും കൂട്ടിച്ചേർത്തു.

2010 ൽ സിനിമ മേഖലയിൽ നിന്നും മാറി അമേരിക്കയിലേക്ക് പോയ തനുശ്രീ ദത്ത മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. നാനാ പടേക്കർക്കെതിരെ തനുശ്രീ ഉയർത്തിയ ലൈംഗികാതിക്രമ ആരോപണം ബോളിവുഡിൽ ചർച്ചയായിരിക്കുകയാണ്. നാനാ പടേക്കറുടെ ലൈംഗികാതിക്രമം ചെറുത്തതിന് തനിക്കെതിരെ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ആളുകളെ വിട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് തനുശ്രീയുടെ ആരോപണം.

കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകൾ തനുശ്രീയുടെ കാർ ആക്രമിക്കുന്ന വീഡിയോ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താനും മാതാപിതാക്കളും ഉള്ളിൽ ഉണ്ടായിരിക്കെ കാർ തകർത്തത് മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ആളുകളാണ് എന്നാണ് തനുശ്രീയുടെ ആരോപണം.