LiveTV

Live

National

യു.പി പൊലീസ് വെടിവെച്ചു കൊന്ന ആപ്പിള്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്‌കരിച്ചു

ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകയെ വീട്ടിലാക്കാന്‍ പോവുന്നതിനിടയിലാണ് ആപ്പിള്‍ കമ്പനിയുടെ ഉദ്യോഗസ്ഥനെ വാഹനം നിര്‍ത്താതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.

യു.പി പൊലീസ് വെടിവെച്ചു കൊന്ന ആപ്പിള്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്‌കരിച്ചു

ഉത്തര്‍പ്രദേശില്‍ പൊലീസ് വെടിവെച്ച് കൊന്ന് ആപ്പിള്‍ കമ്പനി ഉദ്യോഗസ്ഥനായ വിവേക് തിവാരിയുടെ മൃതദേഹം സംസ്‌കരിച്ചു. മജിസ്‌ട്രേറ്റ് തല അന്വേഷണം അടക്കം മുന്നോട്ട് വച്ച ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചതോടെയാണ് മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം തയ്യാറായത്. പരിശോധനക്കായി വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വിവേകിനു നേരെ പൊലീസ് വെടിവെച്ചത്.

ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകയെ വീട്ടിലാക്കാന്‍ പോവുന്നതിനിടയിലാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ കമ്പനിയുടെ ഉദ്യോഗസ്ഥനെ വാഹനം നിര്‍ത്താതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനം മുന്നോട്ട് എടുക്കുകയും ബൈക്കില്‍ തട്ടുകയും ചെയ്തപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിവെക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ വിവേകിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ ഉത്തരവാദികളായ രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന് പിരിച്ച് വിടുകയും ചെയ്തു. പൊലീസ് നടപടിയെ അപലപിച്ച യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരില്‍ ഇതല്ലാതെ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും ചോദിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ മജ്‌സിട്രേറ്റ് തല അന്വേഷണം അടക്കമുള്ളവ നടത്താമെന്ന് അംഗീകരിച്ചതോടെയാണ് വിവേക് തിവാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം തയ്യാറായത്. വാഹനം നിര്‍ത്താതിരുന്നെങ്കില്‍ കാറിന്റെ ടയറില്‍ വെടിവെച്ചാല്‍ മതിയായിരുന്നില്ലേയെന്ന് വിവേകിന്റെ കുടുംബം ചോദിച്ചു. സമീപകാലത്ത് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് പുതിയ നടപടി.

2017 മുതല്‍ 67 പേരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപെടുത്തിയത്. ഈ കേസുകളിലൊന്നും ഒരു കുറ്റപത്രം പോലും പോലീസ് സമര്‍പ്പിച്ചിട്ടില്ല. വിവേക് തിവാരിയുടെ കൊലപാതകം ഏറ്റുമുട്ടലിലൂടെയല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.