LiveTV

Live

National

ആപ്പിള്‍ എക്സിക്യൂട്ടീവിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരിച്ച് യോഗി ആദിത്യനാഥ്

വെടിയുതിര്‍ത്ത പൊലീസുകാരനെതിരെ കടുത്ത നടപടി എടുക്കാനും യോഗി ആദിത്യനാഥ് ഉത്തരവിട്ടു. 

ആപ്പിള്‍ എക്സിക്യൂട്ടീവിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരിച്ച് യോഗി ആദിത്യനാഥ്

ആപ്പിള്‍ കമ്പനിയിലെ ജീവനക്കാരനെ ഉത്തര്‍പ്രദേശ് പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആപ്പിള്‍ എക്‌സിക്യൂട്ടീവായ വിവേക് തിവാരിയാണ് വെള്ളിയാഴ്ച രാത്രി ലഖ്‌നൗ ഗോമതിനഗറില്‍ വെച്ച് പൊലീസ് കോണ്‍സ്റ്റബിളിന്റെ വെടിയേറ്റ് മരിച്ചത്.

എന്നാല്‍ ഈ സംഭവം ഒരു ഏറ്റുമുട്ടല്‍ കൊലപാതകം അല്ലെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. വെടിയുതിര്‍ത്ത പൊലീസുകാരനെതിരെ കടുത്ത നടപടി എടുക്കാനും യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കൊടും കുറ്റവാളികളെ വെറുതെവിടുന്ന പൊലീസ് നിരപരാധികളെ ഏറ്റുമുട്ടല്‍ കൊലകളിലൂടെ വകവരുത്തുകയാണെന്ന കോണ്‍ഗ്രസ് വിമര്‍ശനം വന്നതിന് തൊട്ടു പിന്നാലെയാണ് പ്രതികരണവുമായി യോഗി രംഗത്തുവന്നത്. ''അതൊരു ഏറ്റുമുട്ടല്‍ കൊല ആയിരുന്നില്ല. കുറ്റക്കാരെ വെറുതെവിടില്ല. സി.ബി.ഐ അന്വേഷണം ആവശ്യമെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കും'' - യോഗി ആദിത്യനാഥ് പറഞ്ഞു.

പൊലീസ് ആവശ്യപ്പെട്ടിട്ടും വിവേക് തിവാരി കാര്‍ നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് വിശദീകരണം. ഐഫോണുകള്‍ പുറത്തിറക്കുന്ന ചടങ്ങ് കഴിഞ്ഞ് സഹപ്രവര്‍ത്തകയക്കൊപ്പം വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു തയ്യാറാവാതിരുന്നതോടെയാണ് വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്. ഗോമതി നഗര്‍ പൊലീസ് സ്‌റ്റേഷനിലെ പ്രശാന്ത് ചൗധരിയാണ് തിവാരിക്കുനേരെ വെടിവെച്ചത്.