LiveTV

Live

National

യുവതിയെ ജീപ്പിന് മുകളില്‍ കിടത്തി പൊലീസുകാരുടെ യാത്ര; റോഡില്‍ വീണ് യുവതിക്ക് ഗുരുതരപരിക്ക്

ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കാനായി വന്ന പോലീസിനെ എതിര്‍ത്തതിനുള്ള ശിക്ഷയായിരുന്നു യുവതിയുടെ പൊലീസ് വാഹനത്തിന്റെ മുകളിലെ യാത്ര. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

യുവതിയെ ജീപ്പിന് മുകളില്‍ കിടത്തി പൊലീസുകാരുടെ യാത്ര; റോഡില്‍ വീണ് യുവതിക്ക് ഗുരുതരപരിക്ക്

പൊലീസ് ജീപ്പിന്റെ മുകളില്‍ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്ക്. പഞ്ചാബിലെ അമൃതസറില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത് പോലീസ് ക്രൂരതയുടെ പുതിയൊരു വാര്‍ത്തയാണ്.

ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കാനായി വന്ന പോലീസിനെ എതിര്‍ത്തതിനുള്ള ശിക്ഷയായിരുന്നു യുവതിയുടെ പൊലീസ് വാഹനത്തിന്റെ മുകളിലെ യാത്ര. യുവതിയെ പൊലീസ് വാഹനത്തിന്റെ മുകളില്‍ കിടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ജീപ്പിന്റെ മുകളില്‍ നിന്നും താഴെവീണ് യുവതിയുടെ തലയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമാണെന്നാണ് അറിയുന്നത്. റോഡില്‍ വീണ യുവതി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കയാണ് ഇപ്പോള്‍.

ഒരു സ്വത്തുതര്‍ക്കകേസിന്റെ ഭാഗമായി യുവതിയുടെ വീട്ടില്‍ ഭര്‍തൃപിതാവിനെയും അന്വേഷിച്ചാണ് പോലീസ് എത്തിയത്. എന്നാല്‍ പോലീസ് എത്തിയ സമയം വീട്ടില്‍ ഭര്‍തൃപിതാവ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ട് പോകാന്‍ പോലീസ് ശ്രമിച്ചു. ഇതിനെ യുവതി ശക്തമായി എതിര്‍ത്തു. ഇതില്‍ പ്രകോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ ജീപ്പിന് മുകളില്‍ കിടത്തി ജീപ്പ് ഡ്രൈവ് ചെയ്ത് പോകുകയായിരുന്നു. ജീപ്പിന് മുകളില്‍ യുവതിയെ കെട്ടിവെച്ചിരുന്നോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് വിവരം പുറത്തറിയുന്നത്. ഒരു വളവ് വേഗത്തില്‍ വളയുമ്പോള്‍ ജീപ്പില്‍ നിന്നും യുവതി തെറിച്ച് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്.

അതേസമയം സംഭവത്തില്‍ ഇതുവരെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ഒന്നും എടുത്തിട്ടില്ലെന്നാണ് വിവരം.