LiveTV

Live

National

ആധാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ന്യൂനപക്ഷ വിധിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ്

അധാര്‍ ഭേദഗതികള്‍ മണി ബില്ലായി പാസ്സാക്കുന്നത് ഭരണഘടനയെ വഞ്ചിക്കലാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയില്‍ പറയുന്നു.

 ആധാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ന്യൂനപക്ഷ വിധിയില്‍ ജസ്റ്റിസ്  ചന്ദ്രചൂഡ്

ആധാറിനെയും ആധാര്‍ നിയമത്തിലെ ഭേദഗതികള്‍ മണി ബില്ലായി പാസ്സാക്കുന്ന കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ന്യൂനപക്ഷ വിധി. ആധാര്‍ പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധമാണ്. അധാര്‍ ഭേദഗതികള്‍ മണി ബില്ലായി പാസ്സാക്കുന്നത് ഭരണഘടനയെ വഞ്ചിക്കലാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയില്‍ പറയുന്നു.

ഭൂരിപക്ഷ വിധികളിലെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളി ആധാര്‍ പദ്ധതി തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിച്ചു. സാങ്കേതിക വിദ്യയുടെ മാറ്റങ്ങള്‍ക്ക് വേണ്ടി ഭരണഘടന ഉറപ്പ് നല്‍കുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. ആധാര്‍ വിവരങ്ങളുടെ സ്വകാര്യതയും സംരക്ഷണവും ലംഘിക്കുന്നതാണ്. സ്വകാര്യ കമ്പനികളുടെ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൌലികാവകാശങ്ങളുടെ ലംഘനമാണ്. ആധാര്‍ വ്യക്തികളെ നിരീക്ഷിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും വിധി ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ആധാര്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതും നിയമവിരുദ്ധമാണ്. അധാര്‍ മണി ബില്ലായി പാസ്സാക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശമാണ് വിധിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയത്.

ഭരിക്കുന്ന പാര്‍ട്ടിക്ക് രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാകാമെങ്കിലും ആധാര്‍ നിയമ ഭേദഗതികള്‍ മണി ബില്ലായി കൊണ്ടുവരുന്നത് ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും ഭരണഘടനയോട് ചെയ്യുന്ന വഞ്ചനയുമാണ്. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം പരമമല്ല. രാഷ്ട്രീയ അമിതാധികാരത്തെ ഭരണഘടന മറികടക്കണമെങ്കില്‍ അധികാരവും അധികാരിയും നിയമവാഴ്ചക്ക് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിയില്‍ ഓര്‍മ്മപ്പെടുത്തുന്നു.