LiveTV

Live

National

ബി.ജെ.പിയും കോൺഗ്രസും ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറുന്ന സമവാക്യങ്ങളും 

ബി.ജെ.പിയും കോൺഗ്രസും ഒരു പ്രതിച്ഛായ മാറ്റത്തിന് ഒരുങ്ങുന്നു എന്നതിലേക്ക് സൂചന നൽകുന്ന രണ്ടു പ്രധാനപ്പെട്ട സംഭവങ്ങൾ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായി

ബി.ജെ.പിയും കോൺഗ്രസും ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറുന്ന സമവാക്യങ്ങളും 

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും 2019 ലെ പൊതു തെരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ട് ബി.ജെ.പിയും കോൺഗ്രസും ഒരു പ്രതിച്ഛായ മാറ്റത്തിന് ഒരുങ്ങുന്നു എന്നതിലേക്ക് സൂചന നൽകുന്ന രണ്ടു പ്രധാനപ്പെട്ട സംഭവങ്ങൾ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായി. അതിലൊന്ന്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കൈലാസ മാനസരോവർ തീർത്ഥാടനമാണ്. കഴിഞ്ഞ മാസങ്ങളിലായി രാഹുൽ നടത്തി കൊണ്ടിരുന്ന തുടർച്ചയായ ക്ഷേത്ര സന്ദർശനങ്ങളുടെ തുടർച്ചയാണ് ഈ കൈലാസ യാത്ര.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും 2019 ലെ പൊതു തെരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ട് ബി.ജെ.പിയും കോൺഗ്രസും ഒരു പ്രതിച്ഛായ മാറ്റത്തിന് ഒരുങ്ങുന്നു എന്നതിലേക്ക് സൂചന നൽകുന്ന രണ്ടു പ്രധാനപ്പെട്ട സംഭവങ്ങൾ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായി

മറ്റൊരു പ്രധാനപ്പെട്ട സംഭവം ഇൻഡോറിലെ പ്രശസ്തമായ സൈഫീ പള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനമാണ്. ഇമാം ഹുസൈന്റെ ചരമ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ദാവൂദി ബോറ സമുദായം സംഘടിപ്പിച്ച 'അഷറ മുബാറക' പരിപാടിയിലാണ് നരേന്ദ്ര മോദി സംബന്ധിച്ചത്. ഈ രണ്ടു സംഭവ വികാസങ്ങളും ഇന്ത്യയിലെ രണ്ടു പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിച്ഛായ മാറ്റത്തിനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശകലനം നടത്തുന്നത്. തുടക്കംമുതലെ തങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആദർശം കൈവെടിഞ്ഞത് കൊണ്ട് ബി.ജെ.പിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ കഴിയുമോ എന്നതും 'മുസ്‌ലിം പാർട്ടി' എന്ന ലേബൽ ഒഴിവാക്കാൻ കിണഞ്ഞു ശ്രമിക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യുമോ എന്നതും പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള ബി.ജെ.പി ശ്രമം ഫലം കാണുമോ?

2014 ൽ 'സബ്കാ സാത് , സബ്കാ വികാസ്' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പുതിയ ഇന്ത്യ നിർമ്മിക്കുമെന്ന വാഗ്ദാനവുമായിട്ടാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയത്. എന്നാൽ, ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി വർധിച്ചു എന്നല്ലാതെ അവർക്ക് സുരക്ഷിതത്വ ബോധം ഉണ്ടാക്കുന്ന ഒന്നും തന്നെ കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. ബി.ജെ.പി അധികാരത്തിൽ വന്നാൽ സംഭവിക്കുമെന്ന് ന്യൂനപക്ഷങ്ങൾ ഭയപ്പെട്ടിരുന്ന കാര്യങ്ങളൊക്കെ സംഭവിച്ചു കഴിഞ്ഞു എന്നതും വസ്തുതയാണ്.

ബി.ജെ.പിയും കോൺഗ്രസും ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറുന്ന സമവാക്യങ്ങളും 

പശു സംരക്ഷണത്തിന്റെ പേരിൽ മുസ്‌ലിംകളും ദലിതുകളും ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയായപ്പോൾ അതിനെതിരെ രാഷ്ട്രീയ പ്രസ്താവനയെങ്കിലും ഇറക്കി പ്രതിരോധിക്കുന്നതിൽ ബി.ജെ.പി തികഞ്ഞ പരാജയമായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ സ്‌ഫോടനങ്ങളിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ ട്വിറ്ററിൽ അനുശോചന കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ള പ്രധാനമന്ത്രി മുസ്‌ലിംകൾക്കും ദലിതുകൾക്കും എതിരെയുള്ള ആൾക്കൂട്ട ആക്രമണങ്ങളിൽ മൗനം പാലിച്ചു. ഇതര ബി.ജെ.പി നേതാക്കളും അതേകുറിച്ച് പ്രതികരിച്ചില്ല. മറിച്ച്, കേന്ദ്ര മന്ത്രിമാർ പോലും ആൾക്കൂട്ട കൊലപാതക കേസിൽ കുറ്റാരോപിതരായ പ്രതികളെ മാലയിട്ട് സ്വീകരിക്കുന്ന സ്ഥിതിവിശേഷം വരെ ഉണ്ടായി.

ഉത്തർപ്രദേശിലും ഗുജറാത്തിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ഒറ്റ മുസ്‌ലിം സ്ഥാനാർഥി പോലും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പുകൾ വിജയിക്കാൻ തങ്ങൾക്ക് മുസ്‌ലിംകളുടെ പിന്തുണ ആവശ്യമില്ല എന്ന് ബി.ജെ.പി പലവട്ടം വ്യക്തമാക്കുകയും ചെയ്തതാണ്. 2015 ൽ ഉത്തർപ്രദേശിൽ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടതിന് സമാനമായ ആൾക്കൂട്ട കൊലപാതകങ്ങളുടെ പേരിൽ തങ്ങൾ തെരെഞ്ഞെടുപ്പിൽ തോൽക്കാനൊന്നും പോണില്ല എന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഈ മാസം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2011 ൽ ഒരു മുസ്‌ലിം പണ്ഡിതൻ നൽകിയ തൊപ്പി ധരിക്കാൻ നരേന്ദ്ര മോദി വിസമ്മതിച്ചതും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ കഴിയാത്തതാണ് 2002 ലെ ഗുജറാത്ത് വംശഹത്യയും അതിനെ തുടർന്നുണ്ടായ തുടർച്ചയായ നീതി നിഷേധങ്ങളും. മോദി അധികാരത്തിൽ വന്നതിന് ശേഷം തുടർക്കഥയായ ആൾക്കൂട്ട കൊലപാതകങ്ങളും അവർ ഈ ഗണത്തിൽ തന്നെയായിരിക്കും പെടുത്തുക. ഹിന്ദുത്വ ശക്തികൾ മുസ്‌ലിം ചെറുപ്പക്കാർക്കെതിരെ മെനഞ്ഞെടുത്ത 'ലവ് ജിഹാദ്' കഥകളും മുസ്‌ലിംകൾക്കിടയിൽ ബി.ജെ.പി വിരുദ്ധ വികാരം ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്.

ബി.ജെ.പിയും കോൺഗ്രസും ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറുന്ന സമവാക്യങ്ങളും 

മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ കൂട്ടി വായിക്കുമ്പോൾ മുസ്‌ലിംകൾക്കിടയിൽ ബി.ജെ.പിക്കുള്ള മുസ്‌ലിം വിരുദ്ധ പാർട്ടി എന്ന പ്രതിച്ഛായ ഒരു മാറ്റവുമില്ലാതെ നിലനിൽക്കും എന്നാണ് മനസ്സിലാക്കേണ്ടത്. ദാവൂദി ബോറ സമുദായത്തിന് ബി.ജെ.പിയോട് നേരത്തെ ഉള്ള ആഭിമുഖ്യവും ഈ വസ്തുതക്ക് ആക്കം കൂട്ടുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദിയെ പിന്തുണക്കുന്നവരായിരുന്നു ദാവൂദി ബോറ സമുദായക്കാർ. ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങൾ തങ്ങളുടെ കച്ചവടത്തിലും മറ്റും ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നതിനാലാണ് ദാവൂദി ബോറകൾ നരേന്ദ്ര മോദിയെ എക്കാലത്തും പിന്തുണച്ച് പോന്നത്. അതിനാൽ, ദാവൂദി ബോറ സമുദായത്തിന്റെ പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് ബി.ജെ.പിയോട് മുസ്‌ലിംകൾക്ക് പ്രത്യേകിച്ച് ആഭിമുഖ്യം ഒന്നും ഉണ്ടാവാൻ പോകുന്നില്ല എന്ന് വേണം അനുമാനിക്കാൻ.

മുസ്‌ലിംകൾക്കിടയിൽ സാധ്യമായ എല്ലാ ഭിന്നതകളും ഉണ്ടാക്കി തെരെഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമായിട്ടായിരിക്കും മോദിയുടെ ഈ നീക്കം എന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട്.

കോൺഗ്രസും മുസ്‌ലിം പാർട്ടി ലേബലും

ബി.ജെ.പി എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണെന്ന പ്രതിച്ഛായ പുറമെ കാണിക്കാൻ മോദി ശ്രമം നടത്തുമ്പോൾ തന്നെയാണ് ബി.ജെ.പിയുടെ തന്നെ പ്രചാരണത്തിന്റെ ഭാഗമായി കിട്ടിയ 'മുസ്‌ലിം പാർട്ടി' എന്ന ലേബൽ ഒഴിവാക്കാൻ കോൺഗ്രസ് കിണഞ്ഞ് പരിശ്രമിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയാണ് ഇത്തരം ഒരു ആശങ്ക പാർട്ടിക്കുള്ളിൽ നിന്ന് പങ്കുവെച്ചത്. "കോൺഗ്രസ് പാർട്ടിയുടെ മതേതരത്വ സ്വഭാവത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. ചില പ്രത്യേക സമുദായങ്ങൾക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾ, വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന തോന്നലാണ് ജനങ്ങൾക്കുള്ളത്," 2014 ൽ ഒരു പൊതു പ്രസംഗത്തിൽ എ.കെ ആന്റണി പറഞ്ഞിരുന്നു.

ബി.ജെ.പിയും കോൺഗ്രസും ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറുന്ന സമവാക്യങ്ങളും 

രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞത് കോൺഗ്രസ് മുസ്‌ലിം പാർട്ടിയാണെന്ന് ബി.ജെ.പി ജനങ്ങളെ വിശ്വപ്പിച്ചിട്ടുണ്ടെന്നും അത് ഒഴിവാക്കാൻ ക്ഷേത്ര സന്ദർശനങ്ങൾ അനിവാര്യമാണെന്നുമാണ്. ഉത്തർപ്രദേശിലെയും ഗുജറാത്തിലെയും നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധിയുടെ പ്രധാന ക്യാമ്പയിൻ ക്ഷേത്ര സന്ദർശനമായിരുന്നു. മറ്റു കോൺഗ്രസ് നേതാക്കളും ഇപ്പോൾ ക്ഷേത്ര സന്ദർശനങ്ങളും മതകീയ ആചാരങ്ങളിൽ പങ്കെടുക്കുന്നതും സജീവമാക്കിയിട്ടുണ്ട്.

മധ്യപ്രദേശിലും കോൺഗ്രസ് ഹിന്ദുത്വ കാർഡുമായിട്ട് തന്നെയാണ് മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് അവിടെ നിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 14 ശതമാനത്തോളം ഹിന്ദു ബ്രാഹ്മണർ ഉള്ള മധ്യപ്രദേശിൽ ഹിന്ദുത്വ കാർഡ് ഇറക്കുന്നത് കൊണ്ട് കോൺഗ്രസിന് മറ്റു ഗുണങ്ങളുമുണ്ട്. ബി.ജെ.പി വാഗ്ദാനം ചെയ്യുകയും എന്നാൽ ഇത് വരെ നടപ്പിലാക്കാതിരിക്കുകയും ചെയ്ത ഒരു രഥയാത്ര നടത്താനിരിക്കുകയാണ് മധ്യപ്രദേശിൽ കോൺഗ്രസ്. ശ്രീ രാമന്റെയും സീതയുടെയും പാത പിന്തുടർന്നുള്ള രഥയാത്രക്ക് നേതൃത്വം കൊടുക്കുന്നത് കമൽ നാഥ്, ജ്യോതിരാധിത്യ സിന്ധ്യ, ദിഗ്‌വിജയ് സിങ് തുടങ്ങി പാർട്ടിയുടെ അഞ്ചു തലമുതിർന്ന നേതാക്കളാണ്.

രഥയാത്ര നടത്തുമെന്ന് ആദ്യം വാഗ്ദാനം ചെയ്തത് ബി.ജെ.പിയുടെ ഉമാ ഭാരതിയാണ്. 2007 ൽ ശിവരാജ് സിങ് ചൗഹാനും ഇതേ വാഗ്ദാനം നടത്തിയിരുന്നു. പക്ഷെ, ബി.ജെ.പി മുഖ്യമന്ത്രിമാരാരും ഈ വാഗ്ദാനം നിറവേറ്റിയില്ല. അതാണിപ്പോൾ കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. കോൺഗ്രസ് രഥയാത്ര പ്രഖ്യാപിച്ച് വെറും രണ്ടു ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോളാണ് നരേന്ദ്ര മോദി ശിവരാജ് സിങ് ചൗഹാനെയും കൂട്ടി ഇൻഡോറിലെ സൈഫീ പള്ളി സന്ദർശിക്കുന്നത്.

ബി.ജെ.പിയും കോൺഗ്രസും ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറുന്ന സമവാക്യങ്ങളും 
ന്യൂനപക്ഷ വോട്ടുകളുടെ കാര്യത്തിലുള്ള ആത്മവിശ്വാസം ആയിരിക്കണം ഒരുപക്ഷെ കോൺഗ്രസിനെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്. ബി.ജെ.പിയുടെ ഭരണത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷാ ഭീതിയും അസ്തിത്വ പ്രതിസന്ധിയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അവർ ഇനി ബി.ജെ.പിക്ക് വോട്ട് നൽകാൻ പോകുന്നില്ല എന്ന ആത്മവിശ്വാസം കോൺഗ്രസിന് ഉണ്ടായിരിക്കണം

ന്യൂനപക്ഷ വോട്ടുകളുടെ കാര്യത്തിലുള്ള ആത്മവിശ്വാസം ആയിരിക്കണം ഒരുപക്ഷെ കോൺഗ്രസിനെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്. ബി.ജെ.പിയുടെ ഭരണത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷാ ഭീതിയും അസ്തിത്വ പ്രതിസന്ധിയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അവർ ഇനി ബി.ജെ.പിക്ക് വോട്ട് നൽകാൻ പോകുന്നില്ല എന്ന ആത്മവിശ്വാസം കോൺഗ്രസിന് ഉണ്ടായിരിക്കണം. ഇനി വേണ്ടത് ഒരിക്കൽ തങ്ങളുടെ കൂടെയുണ്ടായിരുന്ന ഭൂരിപക്ഷ ഹിന്ദു വിഭാഗത്തിന്റെ വോട്ടുകൾ ഉറപ്പിക്കുക എന്നതാണ്. അതിന് വേണ്ടത് ഹിന്ദുക്കൾക്ക് വേണ്ടി കൂടി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന ബോധ്യം ഹിന്ദുക്കളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ്. എന്നാൽ, പുതിയ പരീക്ഷണങ്ങളിൽ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസിന് എത്രമാത്രം വിജയിക്കാനാകും എന്നത് കണ്ടറിയുക തന്നെ വേണം.