LiveTV

Live

National

മര്‍ദ്ദനം, അസഭ്യം, അധിക്ഷേപം; ബി.ജെ.പി തമിഴ്‍നാട് നേതൃത്വം വിവാദത്തില്‍ 

ഗവേഷക വിദ്യാര്‍ഥിക്കെതിരെ പരാതി നല്‍കിയതും ഓട്ടോ ഡ്രൈവറെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് തടയാത്തതുമാണ് തമിഴിസൈയെ വിവാദത്തിലാക്കിയത്. ഹൈക്കോടതിയെ അസഭ്യം പറഞ്ഞ എച്ച്. രാജ, പൊലീസിനെ പരസ്യമായി അധിക്ഷേപിച്ചു.

മര്‍ദ്ദനം, അസഭ്യം, അധിക്ഷേപം; ബി.ജെ.പി തമിഴ്‍നാട് നേതൃത്വം വിവാദത്തില്‍ 

ബി.ജെ.പി തമിഴ്നാട് ഘടകത്തെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു‍. സംസ്ഥാന അധ്യക്ഷ തമിഴിസൈ സൌന്ദര്‍രാജന്‍ തുടങ്ങിവെച്ച വിവാദങ്ങളില്‍ ഇപ്പോള്‍ ദേശീയ നേതാവ് എച്ച്.രാജയും കണ്ണിയായി. ഗവേഷക വിദ്യാര്‍ഥിക്കെതിരെ പരാതി നല്‍കിയതും ഓട്ടോ ഡ്രൈവറെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് തടയാത്തതുമാണ് തമിഴിസൈയെ വിവാദത്തിലാക്കിയത്. ഹൈക്കോടതിയെ അസഭ്യം പറഞ്ഞ എച്ച്. രാജ, പൊലീസിനെയും പരസ്യമായി അധിക്ഷേപിച്ചു.

രണ്ടാഴ്ച മുന്‍പാണ് തമിഴിസൈ സൌന്ദര്‍രാജനും ഗവേഷക വിദ്യാര്‍ഥിയും എഴുത്തുകാരിയുമായ ലോയിസ് സോഫിയയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്. വിമാനത്തില്‍ വച്ചും തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ചും ബി.ജെ.പിയെ വിമര്‍ശിച്ച ലോയിസിനെതിരെ തമിഴിസൈ പരാതി നല്‍കി. തീവ്രവാദ ബന്ധം ആരോപിച്ചായിരുന്നു പരാതി. പൊലീസ് അറസ്റ്റ് ചെയ്ത ലോയിസിനെ വിട്ടയച്ചു.

പിന്നീട് എച്ച്. രാജയുടെ ഊഴം. പുതുക്കോട്ടയില്‍ വിനായക ചതുര്‍ത്ഥി ഘോഷയാത്രക്കിടെയാണ് സംഭവം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സ്റ്റേജ് നിര്‍മാണം പൊലീസ് തടഞ്ഞതാണ് രാജയെ ചൊടിപ്പിച്ചത്. ഹൈക്കോടതിയെ അസഭ്യം പറഞ്ഞ രാജ, മുഴുവന്‍ പൊലീസുകാരെയും ആക്ഷേപിച്ചു. വര്‍ഗീയത പറഞ്ഞുകൊണ്ടായിരുന്നു രാജ പൊലീസിന് നേരെ തട്ടിക്കയറിയത്. വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, നാലാഴ്ചക്കുള്ളില്‍ രാജയോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു.

വീണ്ടും തമിഴിസൈയുടെ ഊഴം. പെരിയോരുടെ പ്രതിമയിൽ ബി.ജെ.പി അഭിഭാഷകൻ ചെരുപ്പെറിഞ്ഞ സംഭവത്തിൻ പാർട്ടി നിലപാട് വ്യക്തമാക്കാന്‍ തമിഴിസൈ ചെന്നൈയില്‍ മാധ്യമങ്ങളെ കാണുന്നു. ഇതിനിടയില്‍ സെയ്താപേട്ടിലെ ഓട്ടോ ഡ്രൈവറായ കതിർ ഒരു ചോദ്യവുമായി എത്തി. പെട്രോൾ വില വർധനവിനെതിരെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നതായിരുന്നു ചോദ്യം. ഇതോടെ പ്രകോപിതരായ പ്രവർത്തകർ കതിരിനെ മർദ്ദിച്ചു. തടയാന്‍ സംസ്ഥാന അധ്യക്ഷ ശ്രമിച്ചുമില്ല. പിന്നീട് കതിരിനെ വീട്ടിലെത്തി കണ്ട് മധുരം നല്‍കി പ്രശ്നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചു.