LiveTV

Live

National

എഞ്ചിന്‍ തകരാര്‍, കുറഞ്ഞ ഇന്ധനം, മോശം കാലാവസ്ഥ... 370 യാത്രക്കാരും; ഒരു എയര്‍ ഇന്ത്യ പൈലറ്റിന്‍റെ സാഹസികയാത്ര

എ.ഐ-101 എന്ന വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനിടെയാണ് പ്രതികൂല കാലാവസ്ഥ പദ്ധതികളൊക്കെ തകിടംമറിച്ചത്. 

എഞ്ചിന്‍ തകരാര്‍, കുറഞ്ഞ ഇന്ധനം, മോശം കാലാവസ്ഥ... 370 യാത്രക്കാരും; ഒരു എയര്‍ ഇന്ത്യ പൈലറ്റിന്‍റെ സാഹസികയാത്ര

ന്യൂഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് 370 യാത്രക്കാരുമായി പോയ എയര്‍ഇന്ത്യ വിമാനം തലനാരിഴയ്ക്ക് വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടു. എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സെപ്റ്റംബര്‍ 11 നായിരുന്നു സംഭവം. മോശം കാലവസ്ഥയും കുറഞ്ഞ ഇന്ധനവും എഞ്ചിന്‍ തകരാറുമെല്ലാം കൂടി ഒരുമിച്ചെത്തിയപ്പോള്‍ അതിസാഹസികമായിട്ടാണ് ഈ വിമാനത്തിന്‍റെ പൈലറ്റ് യാത്രക്കാരുടെ രക്ഷകനായത്.

എ.ഐ-101 എന്ന വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനിടെയാണ് പ്രതികൂല കാലാവസ്ഥ പദ്ധതികളൊക്കെ തകിടംമറിച്ചത്. ഇതോടെ ലാന്‍ഡിങിന് സാധിക്കാതെ വിമാനം ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിന് മുകളിലൂടെ വട്ടമിട്ട് പറക്കാന്‍ തുടങ്ങി. എന്നാല്‍ മോശം കാലാവസ്ഥ മാറുന്നത് വരെ അങ്ങനെ തുടരാന്‍ വിമാനത്തിന് കഴിയുമായിരുന്നില്ല. 15 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം വിമാനത്തിന്‍റെ ഇന്ധനം ഏറെക്കുറെ തീര്‍ന്നുകഴിഞ്ഞിരുന്നു. ഇതോടെ വിമാനത്തിന്‍റെ ക്യാപ്റ്റന്‍ റുസ്തം പാലിയ ന്യൂയോര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. അപ്പോഴേക്കും വിമാനത്തിന്‍റെ സാങ്കേതിക തകരാര്‍ വഷളായി കഴിഞ്ഞിരുന്നു.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് വിമാനം എത്ര ഉയരത്തിലാണെന്ന് കണക്കാക്കുന്ന ഉപകരണം മാത്രമായിരുന്നു പ്രവര്‍ത്തനക്ഷമമായിരുന്നത്. ഓട്ടോമാറ്റിക് ലാന്‍ഡിങിന് കഴിയില്ലെന്ന് ക്യാപ്റ്റന്‍ തീര്‍ത്തുപറഞ്ഞതോടെ മാനുവല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കി. മേഘം നിറഞ്ഞ ആകാശത്തു നിന്ന് റണ്‍വേ കാണാന്‍ വേണ്ടി വളരെ താഴേക്ക് വിമാനത്തെ പൈലറ്റിന് താഴ്‍ത്തേണ്ടിവന്നു. ഒടുവില്‍ കൃത്രിമബുദ്ധിയുടെ സഹായമില്ലാതെ കൃത്യമായ കണക്കുകൂട്ടലുകളെടുത്ത പൈലറ്റ് വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ഇറക്കി. ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നെവാര്‍ക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പൈലറ്റ് വിമാനം ഇറക്കിയത്. നൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന വിമാനങ്ങളിലൊന്നാണ് ബോയിങ് 777-300.