LiveTV

Live

National

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താന്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം

രൂപയുടെ മൂല്യത്തകര്‍ച്ച, ഇന്ധന വിലവര്‍ധന എന്നിവ പ്രധാന അജണ്ട. ധനമന്ത്രിയുമായും ആര്‍.ബി.ഐ ഗവര്‍ണറുമായും പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. അത്യാവശ്യമല്ലാത്ത ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കും.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താന്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിഗതി വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന് ഡൽഹിയിൽ തുടക്കം. ധനമന്ത്രി അരുൺ ജയ്റ്റ്‍ലി, ആര്‍.ബി.ഐ ഗവർണർ ഉർജിത് പട്ടേൽ തുടങ്ങിയവരുമായി ഇന്നലെ വൈകീട്ട് മോദി പ്രാരംഭ ചർച്ച നടത്തി. ഇന്ന് വൈകീട്ട് വീണ്ടും യോഗം ചേരും. രൂപയുടെ മൂല്യത്തകർച്ച, ഇന്ധന വില വർധന എന്നിവയാണ് പ്രധാന അജണ്ട.

രൂപയുടെ മൂല്യമിടിവ് സർവ്വകാല റെക്കോഡ് കണ്ട ആഴ്ചയാണിത്. ഡോളർ ഒന്നിന് 71 രൂപയിലധികം നൽകേണ്ട സ്ഥിതി ഇപ്പോഴും തുടരുകയാണ്. ഇതോടൊപ്പം ഇന്ധന വിലവർധനവും വിദേശ വ്യാപാര കമ്മിയും. പുറമെ, പ്രതിപക്ഷ വിമർശവും ശക്തം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിർണായക ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ഇന്നലെ വൈകിട്ട് ചേർന്ന യോഗത്തിൽ ധനമന്ത്രി, ആര്‍.ബി.ഐ ഗവർണർ, ഡെപ്യൂട്ടി ഗവർണര്‍, റവന്യൂ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്തെ നിലവിലെ സാമ്പത്തിക സാഹചര്യവും, അതിനെ ബാധിക്കുന്ന അന്താരാഷ്ട്ര വിപണി കാരണങ്ങളും ആര്‍.ബി.ഐ ഗവർണർ ഉർജിത് പട്ടേൽ യോഗത്തിൽ വിശദീകരിച്ചു. വിദേശ വ്യാപാര കമ്മി കുറക്കുന്നതിന്റെ ഭാഗമായി അത്യവശ്യമല്ലാത്ത ഉൽപന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ യോഗം തീരുമാനിച്ചു.

നിലവിൽ ഇറക്കുമതി -കയറ്റു മതി അന്തരം കഴിഞ്ഞ നാല് പാദത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഉള്ളത്. എപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 2.4 ശതമാനമാണ് ഇത്. ഇത്തരം സാഹചര്യങ്ങൾ മറികടക്കാനുള്ള വിശദ പരിശോധന ഇന്നത്തെ യോഗത്തിലുണ്ടാകും. കൂടുതൽ മന്ത്രാലയ സെക്രട്ടറിമാരെയും സാമ്പത്തിക വിദഗ്ദരെയും ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചതായാണ് വിവരം.