LiveTV

Live

National

രഞ്ജന്‍ ഗൊഗോയ് അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ ഒക്ടോബര്‍ മൂന്നിന്

നിയമന ശിപാര്‍ശക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചയുടന്‍ രഞ്ജന്‍ ഗൊഗോയ് ചുമതലയേല്‍ക്കും

 രഞ്ജന്‍ ഗൊഗോയ് അടുത്ത  ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ ഒക്ടോബര്‍ മൂന്നിന്

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചു. നിയമന ശിപാര്‍ശക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചയുടന്‍ രഞ്ജന്‍ ഗൊഗോയ് ചുമതലയേല്‍ക്കും.

സുപ്രീംകോടതിയുടെ 46ആം ചീഫ് ജസ്റ്റിസായാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചുമതലയേല്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഔദ്യോഗിക കാലാവധി അടുത്ത മാസം രണ്ടിന് അവസാനിക്കും. മൂന്നിന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചുമതലയേല്‍ക്കും. 2019 നവംബര്‍ 17 വരെ ഗൊഗോയ്ക്ക് പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാനാകും. അസമില്‍ നിന്നുള്ള ജസ്റ്റിസ് ഗൊഗോയ് 2001ലാണ് ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായിരിക്കേ 2012 ഏപ്രിലില്‍ സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയുടെ മകനാണ്.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് ജനുവരിയില്‍ വാര്‍‌ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരിലൊരാണ് രഞ്ജന്‍ ഗൊഗോയ്. ഈ സാഹചര്യത്തില്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്‍റെ പിന്‍ഗാമിയായി ശിപാര്‍ശ ചെയ്യുമോ എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇവ അസ്ഥാനത്താക്കി കഴിഞ്ഞ മാസം അവസാനമാണ് ചിഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയ്ക്കായുള്ള ശിപാര്‍ശ കേന്ദ്രത്തിനയച്ചത്.