LiveTV

Live

National

ഇവിടെ മുസ്‍ലിംകള്‍ക്ക് ഒരു സ്ഥാനവുമില്ല, ജീവിക്കാനും മരിക്കാനും; പള്ളി സീല്‍ ചെയ്തതിനെതിരെ വയോധികന്‍ 

ഹരിയാനയിലെ ഗുരുഗ്രാമിലുള്ള പള്ളി സീല്‍ ചെയ്ത തദ്ദേശ ഭരണകൂടത്തിന്റെ നിലപാടിനെതിരെ 69 കാരനായ മുഹമ്മദ് അക്തര്‍

ഇവിടെ മുസ്‍ലിംകള്‍ക്ക് ഒരു സ്ഥാനവുമില്ല, ജീവിക്കാനും മരിക്കാനും; പള്ളി സീല്‍ ചെയ്തതിനെതിരെ വയോധികന്‍ 

"ഒരു നോട്ടീസും നല്‍കാതെ ഞങ്ങളുടെ പള്ളി സീല്‍ ചെയ്യാന്‍ ഏത് നിയമമാണ് അനുവാദം നല്‍കുന്നതെന്ന് പറയൂ. കഴിഞ്ഞ ആറ് മാസമായി ഞങ്ങള്‍ ഇവിടെ നിസ്‌കരിക്കുകയാണ്. ഞങ്ങള്‍ ഇവിടെ എന്തെങ്കിലും ശല്യമുണ്ടാക്കിയതായി ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? ഞങ്ങളുടെ സഹോദരിമാരും പെണ്‍മക്കളും വീടുകളിലാണ് നിസ്‌കരിക്കാറുള്ളത്. അവിടെയും സീല്‍ ചെയ്യൂ. എന്നിട്ട് ഇവിടെ മുസ്‌ലിംകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന് പ്രഖ്യാപിക്കൂ. അവര്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ല, അവര്‍ക്ക് ഇവിടെ മരിക്കാനും കഴിയില്ല"- ഹരിയാനയില്‍ പള്ളി സീല്‍ ചെയ്യാനുള്ള തദ്ദേശ ഭരണകൂടത്തിന്റെ നീക്കത്തില്‍ പ്രതിഷേധിക്കുന്ന മുസ്‌ലിം വയോധികന്റെ വാക്കുകളാണിത്.

ഹരിയാനയിലെ ഗുരുഗ്രാമിലുള്ള പള്ളി സീല്‍ ചെയ്ത തദ്ദേശ ഭരണകൂടത്തിന്റെ നിലപാടിനെതിരെയാണ് 69കാരനായ മുഹമ്മദ് അക്തറിന്‍റെ പ്രതിഷേധം. അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചാണ് ബി.ജെ.പി ഭരണകൂടം പള്ളി സീല്‍ ചെയ്തത്. പള്ളിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ഒരു വിഭാഗം ഒരാഴ്ച മുന്‍പ് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് നോട്ടീസ് പോലും നല്‍കാതെ പള്ളി സീല്‍ ചെയ്തത്.

തീവ്ര ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പള്ളി സീല്‍ ചെയ്തതെന്ന് ഹാജി അലീന്‍ ഖാന്‍ എന്ന നാട്ടുകാരന്‍ പറഞ്ഞു. നിയമപ്രകാരമാണെങ്കില്‍ പ്രദേശത്തെ ഒരു ക്ഷേത്രവും ക്രിസ്ത്യന്‍ പള്ളിയും നിരവധി വീടുകളും നിയമവിരുദ്ധമായ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. വ്യോമസേന ഡിപ്പോയുടെ 300 മീറ്റര്‍ പരിധിയിലാണ് ഇവയുള്ളത്. അത്തരം നൂറുകണക്കിന് കെട്ടിടങ്ങള്‍ ഇവിടെയുണ്ടായിട്ടും പള്ളിക്കെതിരെ മാത്രം നടപടിയെടുക്കുന്നുവെന്നാണ് പരാതി.