LiveTV

Live

National

തെലങ്കാനയില്‍ കോണ്‍ഗ്രസ്‍-ടി.ഡി.പി-സി.പിഐ സഖ്യം

കാലാവധി തികയും മുമ്പേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് കളമൊരുക്കിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രീയ സമിതിക്ക് കനത്ത വെല്ലുവിളിയാകും കോണ്‍ഗ്രസ് സഖ്യം.

തെലങ്കാനയില്‍ കോണ്‍ഗ്രസ്‍-ടി.ഡി.പി-സി.പിഐ സഖ്യം

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ടി.ഡി.പി - സി.പി.ഐ സഖ്യത്തില്‍ സീറ്റ് ധാരണയായതായി റിപ്പോര്‍ട്ട്. ആകെയുള്ള 119 സീറ്റുകളില്‍ കോണ്‍ഗ്രസ് 90 സീറ്റുകളിലും ബാക്കി സീറ്റുകള്‍ സഖ്യ കക്ഷികള്‍ക്കും നല്‍കാനാണ് ധാരണ. കാലാവധി തികയും മുമ്പേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് കളമൊരുക്കിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രീയ സമിതിക്ക് കനത്ത വെല്ലുവിളിയാകും സഖ്യം.

തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഭയപ്പെട്ടത് യാഥാര്‍ത്ഥ്യമാകുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ തെലങ്ക് ദേശം പാര്‍ട്ടിയും, ഇടത് പാര്‍ട്ടിയായ സി.പി.ഐയുമായുള്ള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സഖ്യം. സഖ്യ സാധ്യതകളെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും, ഒരു പടി കൂടി കടന്ന് സീറ്റ് പങ്കിടുന്നതിലുള്ള ധാരണ മൂന്ന് പാര്‍ട്ടികള്‍ക്കുമിടയില്‍ ഉണ്ടായതായാണ് വിവരം.

ആകെയുള്ള 119 സീറ്റുകളില്‍ 90 സീറ്റുകളില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ ബാക്കി 20 സീറ്റുകളില്‍ ടി.ഡി.പിയും സി.പി.ഐയും മത്സരിക്കും. സംസ്ഥാന വിഭജനത്തോടെ ടി.ഡി.പിയുടെ സ്വാധീനം ആന്ധ്രയില്‍ മാത്രമായി മാറിയിട്ടുണ്ട്. എങ്കിലും തെലങ്കാനയിലെ ചില മേഖലയില്‍ ടി.ഡി.പിക്ക് ഇപ്പോഴും സ്വാധീനമുണ്ട്. ഇടത് പാര്‍ട്ടികളില്‍ സിപിഐക്കും ചില മേഖലകളില്‍ വേരോട്ടമുണ്ട്. ഈ രണ്ട് പാര്‍ട്ടികളുടെയും വോട്ടുകള്‍ ചേരുമ്പോള്‍ തെലങ്കാന രാഷ്ട്രീയ സമിതിക്ക് കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയായി മാറും.

ഇതോടൊപ്പം, ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു പ്രധാന പ്രദേശിക പാര്‍ട്ടി കൂടി കോണ്‍ഗ്രസുമായി സഖ്യത്തില്‍ വരുന്നത് ദക്ഷിണേന്ത്യയില്‍ ബി.ജെ.പി വിരുദ്ധ മുന്നണിക്ക് കൂടുതല്‍ ശക്തി പകരും. കോണ്‍ഗ്രസ് - ടി.ഡി.പി- സി.പി.ഐ സഖ്യം, സംസ്ഥാനത്ത് സാന്നിധ്യമറിയിക്കാന്‍ മത്സരിക്കുന്ന ബി.ജെ.പിക്കും തിരിച്ചടിയുണ്ടാക്കും. മത്സരം ടിആര്‍എസും, കോണ്‍ഗ്രസ് സഖ്യവും തമ്മിലാകുമ്പോള്‍ മൂന്നാം ശക്തിയെന്ന നിലയില്‍ ബി.ജെ.പി സൈഡ് ലൈന്‍ ചെയ്യപ്പെടാനാണ് സാധ്യത. ടി.ആര്‍.എസുമായി സഖ്യം രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം ചന്ദ്രശേഖര്‍ റാവു നേരത്തെ തള്ളിക്കളഞ്ഞിരുന്നു.