LiveTV

Live

National

പെട്രോള്‍ വില കുറയ്ക്കാന്‍ വഴി നിര്‍ദേശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി

അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ചാണ് രാജ്യത്തെ പെട്രോള്‍ വില നിശ്ചയിക്കുന്നത്. എന്‍.ഡി.എ സര്‍ക്കാര്‍ ആദ്യ മൂന്നു വര്‍ഷം 13 തവണ പെട്രോള്‍ വില കുറച്ചിട്ടുണ്ട്. 

പെട്രോള്‍ വില കുറയ്ക്കാന്‍ വഴി നിര്‍ദേശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുന്ന ഇന്ധനവിലയില്‍ നാടും നഗരവും ഒരുപോലെ ദുരിതം പേറുമ്പോള്‍ നിരക്ക് കുറയ്ക്കാനുള്ള വഴി ഉപദേശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ഇന്ധനവിലയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കഴിയുമെന്നാണ് ഫട്നാവിസിന്‍റെ വിദഗ്ധോപദേശം. ജി.എസ്.ടി കൌണ്‍സില്‍ ഈ നിര്‍ദേശം പരിഗണിച്ചാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഫട്നാവിസ് വ്യക്തമാക്കി. എന്‍.ഡി.എ സര്‍ക്കാര്‍ 13 തവണ പെട്രോള്‍ വില കുറച്ചിട്ടുണ്ടെന്നും ഫട്നാവിസ് പറഞ്ഞു.

''അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ചാണ് രാജ്യത്തെ പെട്രോള്‍ വില നിശ്ചയിക്കുന്നത്. എന്‍.ഡി.എ സര്‍ക്കാര്‍ ആദ്യ മൂന്നു വര്‍ഷം 13 തവണ പെട്രോള്‍ വില കുറച്ചിട്ടുണ്ട്. ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില റോക്കറ്റ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഇന്ധന വില വര്‍ധിക്കുന്നതില്‍ പ്രതിപക്ഷത്തിന് അത്രയും ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസലിന് നികുതി ഉപേക്ഷിക്കാന്‍ തയാറാകുമോയെന്നും ഫട്നാവിസ് ചോദിച്ചു. അവര്‍ അത് ചെയ്യില്ല. കാരണം, അവരുടെ പ്രതിഷേധവും പ്രകടനവുമൊക്കെ വെറും രാഷ്ട്രീയ പ്രേരിതമാണ്.'' - ഫട്നാവിസ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ധന വില വര്‍ധനക്കെതിരെ നാളെ ഭാരത് ബന്ദ് നടക്കാനിരിക്കെയും വില റെക്കോഡുകള്‍ തകര്‍ത്ത് ഉയരുകയാണ്. തുടര്‍ച്ചയായി പതിനാലാം ദിവസമാണ് വില വര്‍ധിക്കുന്നത്. വില വര്‍ധനവ് ആഗോള കാരണത്താലാണെന്നും തടയാന്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനാകില്ലെന്നുമാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍റെ പ്രതികരണം. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ എക്സൈസ് ഡ്യൂട്ടി കുറക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭാരത് ബന്ദിന് പിന്തുണയുമായി ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.