LiveTV

Live

National

ആരോപണങ്ങളെ കുറിച്ച് പരാമര്‍ശിക്കാതെ ബി.ജെ.പി രാഷ്ട്രീയ പ്രമേയം

2019 ല്‍ ബിജെപി കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പ്രമേയം മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിംഗാണ് അവതരിപ്പിച്ചത്.

ആരോപണങ്ങളെ കുറിച്ച് പരാമര്‍ശിക്കാതെ ബി.ജെ.പി രാഷ്ട്രീയ പ്രമേയം

രാമക്ഷേത്രം, ഇന്ധന വില, റാഫേല്‍ അഴിമതി ആരോപണം എന്നിവയെ കുറിച്ച് പരാമര്‍ശിക്കാതെ ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയിലെ രാഷ്ട്രീയ പ്രമേയം. നേതാവോ ദിശാബോധമോ ഇല്ലാത്ത പ്രതിപക്ഷമാണ് രാജ്യത്തുള്ളതെന്നും നിര്‍വ്വാഹക സമിതി കുറ്റപ്പെടുത്തി. വൈകീട്ട് നടക്കുന്ന സമാപന യോഗത്തില്‍ പ്രധാന മന്ത്രി സംസാരിക്കും.

2019 ല്‍ ബിജെപി കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പ്രമേയം മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിംഗാണ് അവതരിപ്പിച്ചത്. നാല് വര്‍ഷം രാജ്യത്ത് സാധാരണക്കാര്‍ ശാക്തീകരിക്കപ്പെട്ടു. ആഭ്യന്തര സുരക്ഷ വര്‍ധിച്ചു. എല്ലാ മേഖലയിലും വികസനമുണ്ടായി. പുതിയ ഇന്ത്യയെന്ന പ്രഖ്യാപിത ലക്ഷ്യം 2022 ഓടെ നടപ്പാക്കും. പ്രതിപക്ഷത്തിന് മോദിയെ തടയുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.

കുത്തനെ ഉയരുന്ന ഇന്ധന വിലയെ കുറിച്ച് രാഷ്ട്രീയപ്രമേയത്തില്‍ പരാമര്‍ശമില്ല. ഇത് സംബന്ധിച്ച ചോദ്യത്തിന് അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റമാണ് കാരണമെന്ന സൂചനയോടെയായിരുന്നു മന്ത്രി പ്രകാശ് ജാവദേക്കറിന്റെ മറുപടി. അസംസ്‌കൃത എണ്ണക്ക് യു.പി.എ കാലത്ത് നല്‍കിയതിനേക്കാള്‍ കുറഞ്ഞ തുകയാണ് മോദി സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രധാന അഴിമതി ആരോപണമായ റാഫേല്‍ വിമാന ഇടപാടിലോ, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ചോ പ്രമേയത്തില്‍ പരാമര്‍ശമില്ല.

എല്ലാ സമുദായങ്ങളെയും ഒന്നിച്ച് കൊണ്ടു പോകണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രമേയം അസമിലെ എന്‍.ആര്‍.സിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.