LiveTV

Live

National

യുവാക്കള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയത് തൊഴിലല്ല, നിരാശ മാത്രമെന്ന് മന്‍മോഹന്‍ സിങ്

നിരവധി തൊഴിലവസരങ്ങളെന്ന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ മോദി സര്‍ക്കാറില്‍ ജനങ്ങള്‍ ഒട്ടും തൃപ്തരല്ലെന്ന് മന്‍മോഹന്‍സിങ്

യുവാക്കള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയത് തൊഴിലല്ല, നിരാശ മാത്രമെന്ന് മന്‍മോഹന്‍ സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സര്‍ക്കാരിനെയും ശക്തമായ ഭാഷയില്‍ പരസ്യമായ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് വീണ്ടും. ഇന്നത്തെ സർക്കാറിന്റെ കീഴിൽ രാജ്യത്തെ യുവാക്കള്‍ക്ക് നഷ്ടപ്പെട്ട തൊഴിലവസരങ്ങളുടെ പേരില്‍ മോദി സര്‍ക്കാര്‍ ജനങ്ങളോട് മറുപടി നല്‍കേണ്ടി വരുമെന്നായിരുന്നു മന്‍മോഹന്‍സിങിന്റെ വിമര്‍ശം. നിരവധി തൊഴിലവസരങ്ങളെന്ന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ മോദി സര്‍ക്കാറില്‍ ജനങ്ങള്‍ ഒട്ടും തൃപ്തരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ സാമ്പത്തിക നില ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് താഴോട്ടാണ്. നമ്മുടെ രാജ്യത്തെ യുവജനങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ട രണ്ട് കോടി തൊഴിലിനായി നിരാശരായി കാത്തിരിക്കയാണ്. തൊഴില്‍ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ നാല് വര്‍ഷമായി കൂപ്പുകുത്തുകയാണ്. ഇതിനുള്ള ന്യയീകരണങ്ങളില്‍ ജനങ്ങള്‍ തൃപ്തരല്ലെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.

യുവാക്കള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയത് തൊഴിലല്ല, നിരാശ മാത്രമെന്ന് മന്‍മോഹന്‍ സിങ്

നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, 2016 ല്‍ നരേന്ദ്രമോദി ഏര്‍പ്പെടുത്തിയ നോട്ടുനിരോധനത്തെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിദേശത്തുള്ള കോടിക്കണക്കിന് കള്ളപ്പണം തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മോദി സമ്പൂര്‍ണ പരാജയമാണെന്നും മന്‍മോഹന്‍ പരിഹസിച്ചു.

വേണ്ടത്ര മുന്‍കരുതലില്ലാതെ ജി,എസ്.ടി നടപ്പിലാക്കിയത് രാജ്യത്തെ വ്യവസായ സംരംഭങ്ങളുടെ നട്ടെല്ല് തകര്‍ത്തു. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഈ അവസ്ഥയെന്നും മന്‍മോഹന്‍ വ്യക്തമാക്കി. വ്യവസായ ഉത്പാദനവും കയറ്റുമതിയും പുരോഗമനമില്ലാതെ നില്‍ക്കുമ്പോള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ പോലുള്ള പദ്ധതികള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഇനിയും സ്വാധീനം ഉണ്ടാക്കാന്‍ കഴിയണം. കാര്‍ഷിക പ്രതിസന്ധിയെ മറികടക്കുന്നതിലും കര്‍ഷകര്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിലും സര്‍ക്കാര്‍ കടുത്ത ഉദാസീനത കാണിച്ചുവെന്നും മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.

വിദേശ നയത്തിന്റെ കാര്യമെടുത്താല്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം സര്‍ക്കാര്‍ വഷളാക്കി. ഏതൊരു ജനാധിപത്യ രാഷ്ട്രവും ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളെല്ലാം മോദി സര്‍ക്കാര്‍ അട്ടിമറിച്ചു. മികച്ച ഭരണത്തിന് അത്യന്താപേക്ഷിതമായ പ്രധാനപ്പെട്ട ദേശീയ സ്ഥാപനങ്ങളെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അക്കാദമിക്ക് സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നു. രാജ്യത്തെ പ്രധാന സര്‍വകലാശാലകളുടെ സാഹചര്യങ്ങള്‍ വളരെ മോശമാണ്, മുന്‍ പ്രധാനമന്ത്രി പറഞ്ഞു.

യുവാക്കള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയത് തൊഴിലല്ല, നിരാശ മാത്രമെന്ന് മന്‍മോഹന്‍ സിങ്

കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ രചിച്ച 'ഷെയ്ഡ്സ് ഓഫ് ട്രൂത്ത്'എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ മേല്‍ അര്‍ത്ഥവത്തായ ദേശീയ സംവാദം ഉയര്‍ത്തുകയാണ് കപില്‍ സിപല്‍ ഇവിടെ ചെയ്തത്. രാജ്യത്തിന് ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു ബദല്‍ ഉയര്‍ത്താന്‍ ഈ സംവാദത്തിന് കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.