LiveTV

Live

National

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്

ഡീസല്‍, പെട്രോള്‍ കേന്ദ്ര എക്സൈസ് തീരുവ കുറക്കുക, സംസ്ഥാന വാറ്റ് നികുതി കുറക്കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബന്ദ്. കോണ്‍ഗ്രസാണ് ആഹ്വാനം ചെയ്തത്.

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് അടുത്ത തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 3 വരെയാണ് ബന്ദ്. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദിന് പിന്തുണയായി സിപിഎം തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്ധന വില നിയന്ത്രണം വിട്ട് കുതിക്കുമ്പോഴും നികുതി വര്‍ധിപ്പിച്ച് സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പാര്‍ട്ടി ആരോപിച്ചു.

ഡീസല്‍, പെട്രോള്‍ എന്നിവയുടെ കേന്ദ്ര എക്സൈസ് തീരുവ കുറക്കുക, സംസ്ഥാന വാറ്റ് നികുതി കുറക്കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബന്ദ്.

ബന്ദിന് തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിനത്തില്‍ പതിനൊന്ന് ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. നാലര വര്‍ഷത്തില്‍ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരവയില്‍ 211 ശതമാനവും, ഡീസലിന്റെ തീരുവയില്‍ 443 ശതമാനവും വര്‍ധനവുണ്ടായി. ഇന്ധന വില റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്ക് കുതിക്കുമ്പോഴും ഈ കൊള്ള തുടരുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്. ഇന്നും വില വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 20 പൈസ വര്‍ധിച്ച് 82.61 രൂപയും ഡീസലിന് 76.38 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 81.84 രൂപയും ഡീസലിന് 75.75 രൂപയുമാണ് നിലവിലെ വില. കൊച്ചിയില്‍ പെട്രോളിന് 81.24 രൂപയും ഡീസലിന് 70.06 രൂപയുമായി.

ഒരു മാസത്തിനിടെ പെട്രോളിന് ലിറ്ററിന് 3.04 രൂപയുടെയും ഡീസലിന് 3.68 രൂപയുടെയും വര്‍ധനയാണുണ്ടായത്.

Also read: ഒരു ലിറ്റര്‍ പെട്രോളിന് 87 രൂപ; മുംബൈയില്‍ ഇന്ധനവില കത്തുന്നു; നികുതി കുറക്കില്ലെന്ന് കേന്ദ്രം

Also read: രൂപയുടെ മൂല്യം തകര്‍ന്നടിയുന്നു; ചരിത്രത്തിലാദ്യമായി ഒരു ഡോളറിന് 72.12 രൂപ