LiveTV

Live

National

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ചോദ്യം ചെയ്‍ത് സമര്‍പ്പിച്ച ഹരജിയുടെ പൂര്‍ണരൂപം

അഭിഭാഷകരെയും മനുഷ്യാവകാശപ്രവർത്തകരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രമുഖ സാമൂഹ്യപ്രവർത്തകർ സുപ്രീം കോടതിയിൽ സമർപ്പിച്ച ക്രിമിനൽ ഹരജിയുടെ പൂർണരൂപം.

 മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ചോദ്യം ചെയ്‍ത് സമര്‍പ്പിച്ച ഹരജിയുടെ പൂര്‍ണരൂപം

“ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ വ്യക്തമായ ലംഘനം”

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട അഭിഭാഷകരെയും മനുഷ്യാവകാശപ്രവർത്തകരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രമുഖ സാമൂഹ്യപ്രവർത്തകർ സുപ്രീം കോടതിയിൽ സമർപ്പിച്ച ക്രിമിനൽ ഹരജിയുടെ പൂർണരൂപം. ചരിത്രകാരിയായ റോമിലാ ഥാപർ, സാമ്പത്തികവിദ്ഗധരായ ദേവകി ജെയിൻ, പ്രഭാത് പട്നായിക്, എഴുത്തുകാരായ സതീഷ് ദേശ്പാണ്ഡെ, മജാ ദാരുവാല എന്നിവർ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തവരെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിന്റെ അടുത്ത വാദം സെപ്‌റ്റംബർ 6ന് നടക്കും.

‘ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്‍ള്‍ 14, 21 എന്നിവ ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെട്ടുകൊണ്ട് റെയ്ഡ് ചെയ്യപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത സാമൂഹിക പ്രവർത്തകരുടെ മോചനം ആവശ്യപ്പെട്ടു കൊണ്ട് പൊതു താത്പര്യാർത്ഥം സമർപ്പിക്കപ്പെടുന്ന ഹരജി’ എന്ന തലക്കെട്ടിനടിയിൽ ഹരജിക്കാർ ചൂണ്ടിക്കാണിച്ച വസ്തുതകൾ ഇതൊക്കെയാണ്:

1. ജനാധിപത്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കാൻ വേണ്ടിയും സത്യസന്ധമായ പ്രതിരോധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ തടയുന്നതിനു വേണ്ടിയും അതു വഴി പൊതുതാത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് ഈ ഹരജി സമർപ്പിക്കുന്നത്. സ്വതന്ത്ര ശബ്ദങ്ങളെയും അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്നവരെയും നിശബ്ദമാക്കാൻ വേണ്ടി പോലീസ് അധികാരത്തെ അങ്ങേയറ്റം ദുരുപയോഗം ചെയ്യാൻ നടക്കുന്ന നീക്കങ്ങളെ പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ ഈ ഹരജി ആഗ്രഹിക്കുന്നു. തക്കതായ തെളിവുകളില്ലാതെ പോലീസ് കരുത്തുപയോഗിച്ച് പൌരന്മാരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും മേൽ കടന്നു കയറ്റം നടത്തുകയാണ് പൂനെ പോലീസ് ചെയ്തത്. എതിരഭിപ്രായങ്ങളെ നിശബ്ദമാക്കുകയും പാർശ്വവത്കരിക്കപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും സഹായിക്കുന്നതിൽ നിന്ന് ആളുകളെ തടയുകയും ജനങ്ങളുടെ മനസ്സിൽ ഭയം നിറക്കുകയുമാണ് അവരുടെ ലക്ഷ്യം. അറസ്റ്റുകൾ നടന്ന സമയം കാരണം മറ്റു പല പ്രധാന പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ഇവരുടെ ഉദ്ദേശമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങൾക്ക് ക്ഷയം വരുത്തുന്ന ഇത്തരം സംഭവങ്ങളിൽ ഹരജിക്കാർ അതിയായ ആശങ്ക രേഖപ്പെടുത്തുന്നു. ആരോപണങ്ങളുടെ മേൽ അന്വേഷണം വേണ്ടെന്നല്ല, ബഹുമാനപ്പെട്ട കോടതിയുടെ മാർഗനിർദ്ദേശത്തോടെ സ്വതന്ത്ര്യവും സുതാര്യവുമായ ഒരു അന്വേഷണം ഉറപ്പുവരുത്താൻ കെൽപുള്ള ആളുകളെ നിയമിക്കണമെന്ന അഭ്യർത്ഥനയാണ് ഹരജിക്കാർ മുന്നോട്ടു വെക്കുന്നത്. ഇതിൽ കുറഞ്ഞതെന്തും ഈ രാജ്യത്തിൻറെ അടിസ്ഥാന ഘടകത്തെ ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം കീറിമുറിക്കും. 2018 ആഗസ്റ്റ് 28ന് അവരുടെ വീടുകളും ഓഫീസുകളും റെയ്ഡ് ചെയ്തതിനു ശേഷം ഡൽഹി, ഫരീദാബാദ്, മുംബൈ, താണെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ വെച്ച് മുഴുവനായും കെട്ടിചമയ്ക്കപ്പെട്ട കേസുകളുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇന്ത്യൻ പീനൽ കോഡിലെയും യു.എ.പി.എയിലെയും നിബന്ധനകൾ പ്രകാരം കേസുകൾ ചുമത്തുകയും ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെതിരെയാണ് ഈ ഹരജി സമർപ്പിക്കുന്നത്. അവർക്കെതിരെ ചുമത്തപ്പെട്ട കേസുകൾ അവിവേകപരവും അനാവശ്യവുമാണെന്ന് ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലാകുന്നു. മനുഷ്യാവകാശ പ്രവർത്തകരെയും സ്വതന്ത്ര്യ മാധ്യമപ്രവർത്തകരെയും എഴുത്തുകാരെയും ചിന്തകന്മാരെയും സർക്കാരിനെ വിമർശിക്കുന്നതിൽ നിന്ന് തടയുന്നതിന് വേണ്ടിയും എല്ലാ വിധത്തിലുള്ള പ്രതിഷേധസ്വരങ്ങളെയും അടിച്ചമർത്തുന്നതിനു വേണ്ടിയുമാണ് ഈ കേസുകൾ ചുമത്തപ്പെട്ടിട്ടുള്ളത്. അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു പേരും നിരവധി വർഷങ്ങളായി ജനാധിപത്യ മൂല്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയും ദലിതുകളും ആദിവാസികളുമടങ്ങുന്ന പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനപരമായ ജനകീയ മുന്നേറ്റങ്ങൾ നയിക്കുകയും ചെയ്യുന്നവരാണ്. വിരളവും ക്രൂരവുമായ പ്രവർത്തനങ്ങളെ ഉദ്ദേശിച്ചു സൃഷ്ടിക്കപ്പെട്ട യു.എ.പി.എ പോലുള്ള നിയമങ്ങൾ ഇത്തരം വ്യക്തികൾക്കെതിരെ ഉപയോഗപ്പെടുന്നത് ആശങ്കാജനകമാണ്. അത്തരത്തിലുള്ള ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഇവർ ഉൾപ്പെട്ടിരുന്നതായി തെളിവില്ലാത്തതിനാൽ ബഹുമാനപ്പെട്ട കോടതി എത്രയും വേഗം ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.

2. 2018 ആഗസ്റ്റ് 28 രാവിലെ മുതൽ താഴെ പറയുന്ന വ്യക്തികളുടെ വീടുകൾ റെയ്ഡ് ചെയ്യപ്പെടുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അറിയാൻ സാധിക്കുന്നു:

ഗൗതം നവലാഖാ
ഗൗതം നവലാഖാ

1. ഗൗതം നവലാഖാ (ന്യൂ ഡൽഹിയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ): പീപിൾസ് യൂനിയൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സിന്റെ (പി.യു.സി.എൽ) മുൻ പ്രസിഡൻറായ ഇദ്ദേഹത്തിന് ഇക്കണോമിക് ആൻറ് പൊളിറ്റികൽ വീക്‍ലി എന്ന പ്രസിദ്ധീകരണവുമായും ബന്ധമുണ്ട്. വർത്തമാന കാല വിഷയങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം അഭിപ്രായങ്ങൾ ഉന്നയിക്കാറുണ്ട്. ചത്തീസ്ഗഢിൽ തീവ്ര ഇടതുപക്ഷ പ്രവർത്തകർ കുറച്ചു പേരെ തട്ടിക്കൊണ്ടു പോയപ്പോൾ അവരെ സുരക്ഷിതരായി തിരിച്ചുകൊണ്ടുവരാൻ സർക്കാരിനു വേണ്ടി ഇടപെട്ടത് ഇദ്ദേഹമാണ്.

സുധാ ഭരദ്വാജ്
സുധാ ഭരദ്വാജ്

2. സുധാ ഭരദ്വാജ് (ബിലാസ്പൂർ ഹൈകോടതിയിലെ അഭിഭാഷക, ഇപ്പോൾ ഫരീദാബാദിൽ വസിക്കുന്നു): ചത്തീസ്ഗഢിലെ തൊഴിലാളികളെയും ദരിദ്രരായ കർഷകരെയും പ്രതിനിധീകരിച്ചിട്ടുള്ള ഇവർ പി.യു.സി.എലിൻറെ ജനറൽ സെക്രട്ടറിയും 2017 മുതൽ ഡൽഹിയിലെ നാഷണൽ നിയമ സർവകലാശാലയിൽ അധ്യാപികയുമാണ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് പീപിൾസ് ലോയേർസ് എന്ന സംഘടനയിലെ അംഗമായ സുധാ ഭരദ്വാജ് സുരേന്ദ്ര ഗാഡ്ലിംങിനെ പോലെയുള്ള അഭിഭാഷകരുടെ അറസ്റ്റിനെതിരെ ഈ അടുത്ത കാലത്ത് ശക്തമായി ശബ്ദിച്ചിരുന്നു. നിരവധി കമ്മിറ്റികളുടെ ഭാഗമായിക്കൊണ്ട് അനവധി പേർക്ക് നിയമസഹായം നൽകിയ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകയാണ് സുധ ഭരദ്വാജ്.

 മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ചോദ്യം ചെയ്‍ത് സമര്‍പ്പിച്ച ഹരജിയുടെ പൂര്‍ണരൂപം

3. വരവര റാവു (വയസ്സ് 79, ഹൈദരാബാദിൽ വസിക്കുന്ന രാഷ്ട്രീയ പ്രവർത്തകൻ, നിരീക്ഷകൻ, കവി): ഇംഗ്ലീഷ്, തെലുഗു ഭാഷ അധ്യാപകൻ.

4. അരുൺ ഫെറേറ (മുംബൈ): 2015 മുതൽ അഭിഭാഷകനായും മനുഷ്യാവകാശ പ്രവർത്തകനായും പ്രവർത്തിച്ചു വരുന്നു.

5. വെർണൻ ഗോൺസാൽവസ് (മുംബൈ): ബോംബെ സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ സ്വർണ മെഡൽ നേടി. സിയമൻസ് കമ്പനിയിൽ അക്കൌൺഡ്സ് ഓഫീസർ, മഹാരാഷ്ട്ര കോളേജിൽ അധ്യാപകൻ, എഴുത്തുകാരൻ, കോളമിസ്റ്റ്.

2A: ഇതൊടൊപ്പം തന്നെ റാഞ്ചിയിൽ ആദിവാസി അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന ഫാദർ സ്റ്റാൻ സ്വാമി, എഴുത്തുകാരനും ചിന്തകനുമായ ആനന്ദ് തെൽതുബ്ദെ, അഭിഭാഷകയായ സൂസൻ അബ്രഹാം എന്നിവരുടെ വീടുകളും പോലീസ് മിന്നൽ പരിശോധനയ്ക്ക് വിധേയമാക്കി.

3. കോരേഗാവ് സംഭവത്തിൻറെ 200ാം വാർഷികം ആചരിക്കുന്നതിനായി ദലിതുകളും ദലിത് ആക്ടിവിസ്റ്റുകളും ഒത്തുകൂടിയ എൽഗാർ പരിഷദിൽ ആക്രമം പൊട്ടിപ്പുറപ്പെടുകയും അതിന്റെ ഫലമായി 2018 ജനുവരി 8ന് പൂനെയിലെ വിശ്രം നഗർ പോലീസ് 4/2018 എന്ന നമ്പറിൽ എഫ്.ഐ.ആർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മുൻ സുപ്രീം കോടതി ന്യായാധിപനായ ജസ്റ്റിസ് പി.ബി സാവന്തും ബോംബൈ ഹൈകോടതിയിലെ മുൻ ന്യായാധിപനായ ജസ്റ്റിസ് കോൽസെ പട്ടേലും ചേർന്നാണ് പരിഷദ് സംഘടിപ്പിച്ചത്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവരിൽ ഒരാളുടെ പേരു പോലും അന്നത്തെ എഫ്.ഐ.ആറിൽ ഇല്ലെന്നതും അവർ അന്നത്തെ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നതും വ്യക്തമാണ്.

4. പോലീസ് ആദ്യം 2018 ജനുവരി 4ന് ഒരു എഫ്.ഐ.ആർ രേഖപ്പെടുത്തുകയും അതിൽ ദലിതുകൾക്കെതിരെ ആക്രമം അഴിച്ചുവിട്ടതിന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ഹിന്ദുത്വ നേതാക്കളായ മിലിന്ദ് എക്ബോത്തെയ്ക്കും ശംബാജി റാവോ ബിദെയ്ക്കും എതിരെ കേസ് ചുമത്തുകയും ചെയ്തു. എന്നാൽ ഇവർക്കെതിരെ സംസ്ഥാന സർക്കാരോ പോലീസോ ഇതുവരെ കാര്യമായ നടപടി എടുത്തിട്ടില്ല.

5. ഇതിനു പകരം ദലിതുകളും ആദിവാസികളും സ്ത്രീകളും ഭൂമിയില്ലാത്ത തൊഴിലാളികളും ദരിദ്രരുമടക്കം പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾക്കു വേണ്ടി ശബ്ദിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്യുന്ന ഒരു രീതിയാണ് പോലീസ് അവലംബിച്ചത്.

6. അതിനു ശേഷം 2018 ജൂണിൽ നാഗ്പൂർ സർവകലാശാലയിലെ പ്രൊഫസർ ഷോമാ സെൻ, പ്രൊഫസർ ജി.എൻ സായ്ബാബക്ക് വേണ്ടി വാദിക്കുകയായിരുന്ന അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്, പത്രാധിപനായ സുധീർ ധവാലെ, കമ്മീറ്റീ ഫോർ പ്രൊട്ടക്ഷൻ ഓഫ് പൊളിറ്റികൽ പ്രിസണേർസിൽ അംഗമായ റോണാ വിൽസൺ, നിർബന്ധിത കുടിയേറ്റത്തിനെതിരെ പ്രവർത്തിക്കുന്ന മഹേഷ് റാവുത്ത് എന്നിവരെ ഇന്ത്യൻ പീനൽ കോഡും യു.എ.പി.എയും ഉപയോഗപ്പെടുത്തി അറസ്റ്റു ചെയ്തു.

7. അവരുടെ അറസ്റ്റിനു ശേഷം റോണാ വിൽസണിന്റെ കമ്പ്യൂട്ടറിൽ ‘കോമ്രേഡ് പ്രകാശ്’ എന്നരൊരാൾക്ക് ‘R’ എന്ന ഒപ്പിൽ ഒരാൾ എഴുതിയ കത്ത് കണ്ടെത്തിയെന്നും അതിൽ മോദി യുഗം അവസാനിപ്പിക്കാനും രാജീവ് ഗാന്ധിയെ വധിച്ചതു പോലെ മോദിയെ വധിക്കാനും മുതിർന്ന ‘കോമ്രേഡുകൾ’ നിർദ്ദേശിച്ചതായി പറയുന്നുണ്ടെന്നും ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. അറസ്റ്റു ചെയ്യപ്പെട്ടവർക്കെതിരെ പൊതുവികാരം ഉണർത്താൻ വേണ്ടി അവർക്കെതിരെ തികച്ചും അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ ചില തെരഞ്ഞെടുത്ത മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന രീതി ഭീമാ-കോരേഗാവ് സംഭവങ്ങൾ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ പലപ്പോഴായി സ്വീകരിച്ചിട്ടുണ്ട്. ഒരിക്കൽ പോലും കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടില്ലാത്ത ഈ കത്ത് വ്യാജമാണെന്ന് എൽഗാർ പരിഷദിൻറെ സംഘാടകരായ ജസ്റ്റിസ് സാവന്തും ജസ്റ്റിസ് കോൽസെ പട്ടേലും പറഞ്ഞിട്ടുണ്ട്. വർഗീയ ശക്തികൾക്കെതിരെ ശബ്ദമുയർത്താൻ ജനങ്ങളെ പ്രേരിപ്പിച്ചു എന്നതു കാരണം എൽഗാർ പരിഷദിനെ സർക്കാർ ഒരു ഭീഷണിയായി കണ്ടു എന്നും അവർ ആരോപിച്ചിട്ടുണ്ട്. അറസ്റ്റു ചെയ്യപ്പെട്ട് അഞ്ചു പേർ എൽഗാർ പരിഷദ് സംഘടിപ്പിച്ചെന്നും അതു മൂലമാണ് ആക്രമണമുണ്ടായതെന്നുമാണ് പോലീസ് വാദിക്കുന്നത്. എന്നാൽ പരിഷദ് സംഘടിപ്പിച്ചത് തങ്ങളാണെന്ന് ഈ രണ്ട് മുൻ ന്യായാധിപന്മാരും പ്രസ്താവിച്ചിട്ടുണ്ട്.

8. 2018 ആഗസ്റ്റ് 28ന് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ആരും അന്നത്തെ പരിപാടിയിൽ പങ്കെടുക്കുകയോ എഫ്.ഐ.ആറിൽ അവരുടെ പേര് രേഖപ്പെടുത്തപ്പെടുകയോ ഉണ്ടായിട്ടില്ല. എൽഗാർ പരിഷദ് അരങ്ങേറിയ ദിവസമോ ആക്രമണം നടന്ന സമയത്തോ അവരിലാരും ഭീമാ-കോരേഗാവിൽ ഉണ്ടായിരുന്നില്ല. ഒരു തെളിവും ഇല്ലാതെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

9. 2018 ആഗസ്റ്റ് 24ന് മിന്നൽ പരിശോധനയ്ക്ക് വിധേയരായവരെല്ലാം തന്നെ ദരിദ്രരും അരികുവത്കരിക്കപ്പെട്ടവരും അപകടത്തിലായവരുമായ ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ളവരും അങ്ങനെ ഭരണകൂടവും പോലീസും സ്വകാര്യ കമ്പനികളുമടക്കം ശക്തരായ പല വിഭാഗങ്ങളുടെയും വിദ്വേഷം നേരിടുന്നവരുമാണ്. സുതാര്യമായ ഒരു അന്വേഷണം ആരംഭിക്കാൻ വേണ്ടിയല്ല, മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരെ കുടുക്കാൻ വേണ്ടിയാണ് 2018 ജനുവരിയിലെ എഫ്.ഐ.ആർ പോലീസ് ഉപയോഗിക്കുന്നതെന്ന് ഇവിടെ വ്യക്തമാണ്.

10. 2018 ആഗസ്റ്റ് 24ന് അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാവരും അധ്യാപകരായും അഭിഭാഷകരായും എഴുത്തുകാരായും സമൂഹത്തിലേക്ക് സംഭാവന ചെയ്യുന്നവരാണ്. സമൂഹത്തിൽ ഇത്രയും ശക്തമായ വേരുകൾ ഉള്ളതിനാൽ ഇവർ രക്ഷപ്പെടാനോ നിയമം നടപ്പിലാക്കുന്നത് ഏതെങ്കിലും വിധത്തിൽ തടസ്സം സൃഷ്ടിക്കാനോ ശ്രമിക്കില്ലെന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിൽ അവരെ അറസ്റ്റു ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ വ്യക്തികളെ മാത്രമല്ല, അവർ പ്രതിനിധീകരിക്കുന്ന പുരോഗമന ചിന്തകളെയും മനുഷ്യാവകാശ മൂല്യങ്ങളെയും വിലകുറച്ചു കാണിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. സർക്കാരിൻറെ നയങ്ങളെയും പ്രവർത്തനങ്ങളെയും വിമർശിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുക കൂടിയാണ് ഇവരുടെ ലക്ഷ്യം. 2018 ജൂലൈയിൽ സുധാ ഭരദ്വാജ് എഴുതിയതാണെന്ന പേരിൽ റിപബ്ലിക് ടി.വി ഒരു ‘കോലിളക്കം സൃഷ്ടിക്കുന്ന’ കത്ത് പ്രസിദ്ധീകരിക്കുകയും അതിലൂടെ അവർക്ക് മാവോവാദികളുമായും കശ്മീരിലെ വിഘടനവാദികളുമായും ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേ തുടർന്ന് അവർ മേൽപറഞ്ഞ മാധ്യമത്തിന് അപകീർത്തിപ്പെടുത്തിയതിൻറെ പേരിൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. മനുഷ്യാവകാശ പോരാളികൾക്കെതിരെ ജനവികാരം ഉയർത്താൻ വേണ്ടി ‘അർബൻ നക്സലുകൾ’ മുതലായ വാക്കുകൾ ഉപയോഗിക്കുന്നത് പോലീസും ഇത്തരം മാധ്യമസ്ഥാപനങ്ങളും പതിവാക്കിയിട്ടുണ്ട്.

11. നിയമം ലംഘിച്ചു കൊണ്ട് ഒട്ടും കരുതലില്ലാത്ത രീതിയിലാണ് അറസ്റ്റുകൾ രേഖപ്പെടുത്തപ്പെട്ടത്. പൂനെ പോലീസ് പ്രത്യേകം കൊണ്ടുവന്ന “ബഹുമാന്യരായ സ്വതന്ത്ര്യ വ്യക്തികളാണ്” ഗൌതം നവ്ലാക്കയുടെയും സുധാ ഭരദ്വാജിൻറെയും അറസ്റ്റ് മെമ്മോകളിൽ ഒപ്പു വെച്ചത്. വസ്തുക്കൾ കണ്ടുകെട്ടാനുള്ള അനുമതിയിലും ഒപ്പു വെച്ചത് പ്രത്യേകമായി കൊണ്ടു വന്ന പാഞ്ചുകളാണ്. ഈ രേഖയും മുകളിൽ പറഞ്ഞ എഫ്.ഐ.ആറും മറാത്തിയിലാണ് എഴുതപ്പെട്ടത്. മറാത്തി സംസാരിക്കാൻ അറിയാത്ത നവ്ലാക്കക്കും ഭരദ്വാജിനും അറസ്റ്റ് നടക്കുന്ന സമയത്ത് ആരും അതിൻറെ ഉള്ളടക്കം വിശദീകരിച്ചു കൊടുത്തിരുന്നില്ല.

12. ഒരു ഹേബിയസ് കോർപസ് ഹരജിയുടെ അടിസ്ഥാനത്തിൽ ശ്രീ ഗൌതം നവ്ലാക്കക്ക് ഡൽഹി ഹൈ കോടതി താത്കാലിക ആശ്വാസം നൽകിയിട്ടുണ്ട്.

13. അതോടൊപ്പം പ്രതികളെ റിമാൻഡിൽ വിടുന്നതിനു മുൻപ് നിയമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അതു വരെ ലോക്കൽ പോലീസിൻറെ നിരീക്ഷണത്തിൽ സുധാ ഭരദ്വാജിനെ വീട്ടു തടങ്കലിൽ നിർത്തണമെന്നും പഞ്ചാബ്, ഹര്യാന ഹൈ കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നിട്ടും കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് സുധാ ഭരദ്വാജിനെ നഗരത്തിനു പുറത്തേക്കു കൊണ്ടുപോകാനുള്ള നിർലജ്ജമായ ഒരു നീക്കം പൂനെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായി. ഇതേ തുടർന്ന് വിഷയം കോടതിയുടെ പരിഗണനയിൽ ആയിരുന്നതിനാൽ പ്രതിയെ അവരുടെ ഫരീദാബാദിലെ വസതിയിൽ തന്നെ താമസിപ്പിക്കണമെന്ന് ഫരീദാബാദ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

14. സമൂഹത്തിലെ പല വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ മാത്രമല്ല, ആവശ്യമുള്ളപ്പോൾ സർക്കാരിൻറെ പ്രതിനിധികളായും പ്രവർത്തിച്ചവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പലരും. എന്നാൽ ഇവരെ തരംതാഴ്ത്തി കാണിക്കാനും അപമാനിക്കാനുമുള്ള നിരന്തര ശ്രമങ്ങളാണ് ഇപ്പോഴുള്ള സർക്കാരിൻറെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

15. മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റുകളെ മുതിർന്ന ചിന്തകരും സാമൂഹ്യ പ്രവർത്തകരും അപലപിച്ചിട്ടുണ്ട്. ഇന്ത്യൻ റൈറ്റേർസ് ഫോറം പുറത്തു വിട്ട ഒരു പ്രസ്താവനയിൽ അരുന്ധതി റോയി, റോമിലാ ഥാപ്പർ, ബെസ്വാഡാ വിൽസൺ തുടങ്ങിയ പ്രമുഖ വ്യക്തികൾ “ഇവിടെയുള്ള യഥാർത്ഥ ഗൂഢാലോചനയെ മറച്ചു പിടിക്കാൻ കെട്ടിച്ചമക്കപ്പെട്ട ഒരു ഗൂഢാലോചനയ്ക്ക് രൂപം കൊടുത്ത”തായും “പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ തങ്ങൾ അപലപിക്കുന്ന”തായും “സഹപൌരന്മാരുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കുന്നവരുമായി തങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന”തായും പ്രഖ്യാപിച്ചിട്ടുണ്ട്.

16. തീവ്രവാദത്തിനെതിരെ സൃഷ്ടിക്കപ്പെട്ട നിയമങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും തീവ്രവാദത്തിൻറെ പേരിൽ ആദിവാസികളെയും ദലിതുകളെയും അറസ്റ്റ് ചെയ്യുന്നത് ഈ ഉദ്ദേശ്യത്തോടു കൂടിയാണെന്ന് സംശയമുണ്ടെന്നും ഇതിനു മുൻപ് ആംനസ്റ്റി ഇൻറർനാഷണൽ, ഹ്യൂമൺ റൈറ്റ്സ് വാച്ച് എന്നീ സംഘടനകൾ ചൂണ്ടിക്കാണിച്ചിരുന്നു.

17. ഇത്തരത്തിലുള്ള പ്രവൃത്തികൾ ഭരണഘടനയിലൂന്നിയതും ജനാധിപത്യപരവുമായ ഈ രാജ്യത്തിൻറെ അടിസ്ഥാനഘടനയെ നശിപ്പിക്കുന്നതാണ്. ഇവിടെ യു.എ.പി.എ നിയമം ദുർവിനിയോഗം ചെയ്തിരിക്കുന്നു എന്ന കാരണത്താൽ ഇതൊരു ക്രിമിനൽ കേസ് ആയിട്ടു കൂടി ഈ റിറ്റ് പെറ്റീഷൻ കോടതി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,

18. പഴയതും പരിഹരിക്കപ്പെട്ടിട്ടില്ലാത്തതുമായ എഫ്.ഐ.ആറുകളുടെ പേരിൽ ഇത്തരത്തിൽ ആളുകളെ അറസ്റ്റു ചെയ്യുന്നതിലൂടെ രാജ്യത്തെ ഓരോ പൌരന്റെയും സ്വാതന്ത്ര്യം അപകടത്തിലാവുകയാണ് ചെയ്യുന്നത്. അതിനാൽ കോടതിയുടെ അതിവേഗത്തിലുള്ള ഇടപെടൽ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

 മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ചോദ്യം ചെയ്‍ത് സമര്‍പ്പിച്ച ഹരജിയുടെ പൂര്‍ണരൂപം

അടിസ്ഥാനങ്ങൾ:

1. അറസ്റ്റു ചെയ്യപ്പെട്ടവരിൽ ആരും ഒരു തരത്തിലും ഭാഗമല്ലായിരുന്ന ഭീമാ-കോരേഗാവ് ആക്രമങ്ങളുടെ പേരിൽ അവരെ പ്രതിയാക്കുന്നത് ദുരുദ്ദേശപരവും പ്രതിഷേധസ്വരങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്. ആർടിക്ൾ 14, 21 എന്നിവയിലൂടെ ഭരണഘടന ഉറപ്പുനൽകിയ അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ് ഇവിടെ നടക്കുന്നത്.

2. സമാധാനകാംഷികളായ സാമൂഹ്യപ്രവർത്തകർക്കെതിരെ യു.എ.പി.എ എന്ന കരിനിയമം ചുമത്തുന്നതിലൂടെ അവരെയും അവരെ പോലുള്ള മറ്റുള്ളവരെയും ഭയപ്പെടുത്തി നിർത്താനാണ് ഇവിടെ അധികാരികൾ ശ്രമിക്കുന്നത്. നിയമവ്യവസ്ഥകളെ ദുരുപയോഗം ചെയ്തു കൊണ്ട് രാഷ്ട്രീയ/പ്രത്യയശാസ്ത്ര എതിരാളികളെ നേരിടുന്നത് നിയമവാഴ്ച എന്ന കാഴ്ചപ്പാടിന് വലിയ ആഘാതം സൃഷ്ടിക്കുന്നു. ഇങ്ങനെ പെരുമാറുന്നത് നിയമലംഘനമാണെന്ന് ഇന്ത്യൻ ഭരണഘടന മാത്രമല്ല, ഇന്ത്യ 1976ൽ ഭാഗമായ ഇൻറർനാഷനൽ കവനൻറ് ഓൺ സിവിൽ ആൻറ് പൊളിറ്റിക്കൽ റൈറ്റ്സ് തുടങ്ങിയ അന്താരാഷ്ട്ര നിയമങ്ങളും വ്യക്തമാക്കുന്നുണ്ട്.

3. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളെ എതിരാളികളെ നിശബ്ദരാക്കാൻ വേണ്ടി ഉപയോഗിക്കുന്നത് രാജ്യത്തിൻറെ പൊതുസമൂഹത്തിനിടയിൽ ആശങ്കയുണ്ടാക്കുകയും ആർടിക്ൾ 14, 21 എന്നിവയിലൂടെ തങ്ങൾക്ക് ലഭിച്ച അവകാശങ്ങളെ പൂർണമായി ആസ്വദിക്കുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്യും.

4. അധികാരത്തിലിരിക്കുന്നവരുമായി യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം ഉപയോഗപ്പെടുത്തുന്നവരെ ഇത്തരത്തിൽ ശിക്ഷിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൌലിക അവകാശങ്ങളുടെ ലംഘനമാണ്.

5. ആർടിക്ൾ 32ൻറെ പരിധികൾ വ്യാപിപ്പിച്ചു കൊണ്ടുള്ള 1994ലെ ജനതാ ദൾ v/s എച്ച്.എസ് ചൌധരി വിധിയുടെ അടിസ്ഥാനത്തിലാണ് പൊതുതാത്പര്യാർത്ഥം ഈ ഹരജി സമർപ്പിക്കുന്നത്.

6. ക്രിമിനൽ പ്രവൃത്തികൾ അവസാനിപ്പിക്കാനെടുക്കുന്ന നിയമനടപടികളുടെ പേരിൽ ഇത്തരത്തിൽ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കാൻ അനുവദിക്കരുത്. ഇത്തരം നടപടികൾക്ക് പിന്നിലെ യഥാർത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങൾ പുറത്തു കൊണ്ടുവരേണ്ടതുണ്ട്.

7. അറസ്റ്റു ചെയ്യപ്പെട്ട മുഴുവൻ ആളുകളും സമൂഹത്തിൽ ബഹുമാനിക്കപ്പെട്ട പദവികളിൽ ഇരിക്കുന്നവരാണ്. മറ്റൊരു വഴിയും ഇല്ലാത്തപ്പോൾ മാത്രം സ്വീകരിക്കേണ്ട അറസ്റ്റ് എന്ന രീതി സ്വകാര്യ താത്പര്യങ്ങൾക്കനുസരിച്ച് പൌരന്മാർക്കെതിരെ പ്രയോഗിക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്നത് സ്വാതന്ത്ര്യത്തോടെയും സ്വാഭിമാനത്തോടെയും ജീവിക്കാനുള്ള പൌരൻറെ മൌലികാവകാശത്തെ ഹനിക്കുന്നു.

8. രാജ്യത്ത് ഇന്ന് അരങ്ങറുന്ന നിയമവ്യവസ്ഥയുടെ തകർച്ചയെക്കുറിച്ച് ബഹുമാനപ്പെട്ട കോടതി തന്നെ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ സംഭവങ്ങൾ സമൂഹത്തിൻറെ വ്യവസ്ഥയില്ലായ്മയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ഇവിടെ ഭരണകൂടം തന്നെയാണ് നിയന്ത്രണമില്ലാതെ നിമയങ്ങൾ ലംഘിക്കുന്നത്.

9. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികൾ നേരിടേണ്ട സ്വാഭാവികമായ നിയമ നടപടിക്രമങ്ങളെ ഈ ഹരജി ഒരു തരത്തിലും തടസ്സപ്പെടുത്തുകയില്ല.

അഭ്യർത്ഥനകൾ:

1. 2018 ജൂണിലും ആഗസ്റ്റിലുമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ അറസ്റ്റ് നടക്കാനിടയായ സാഹചര്യങ്ങളിലേക്ക് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ആരംഭിക്കാൻ നിർദ്ദേശം നൽകുക.

2. തുടരെയുള്ള അറസ്റ്റുകൾക്ക് പിന്നിലെ കാരണങ്ങൾ വിശദീകരിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെടുക.

3. ഭീമാ-കോരേഗാവ് സംഭവവുമായി അറസ്റ്റു ചെയ്യപ്പെട്ട എല്ലാ സാമൂഹ്യ പ്രവർത്തകരെയും ഉടനെ വിട്ടയക്കുകയും അന്വേഷണം പൂർണമാകുന്നതു വരെ കൂടുതൽ അറസ്റ്റുകൾ നടത്തുന്നത് തടയുകയും ചെയ്യുക.