LiveTV

Live

National

കനത്ത മഴ കൊണ്ടുപോയത് കുടകിലെ 4000 ഏക്കര്‍ കാപ്പിക്കൃഷി

രാജ്യത്തെ ആകെ കാപ്പി ഉല്‍പാദനത്തിന്റെ 70 ശതമാനവും കര്‍ണാടകയില്‍ നിന്നാണ്. ഇതില്‍ 40 ശതമാനം ഉത്പാദനം കുടക് ജില്ലയില്‍നിന്നുമാത്രം.

കനത്ത മഴ കൊണ്ടുപോയത്  കുടകിലെ 4000 ഏക്കര്‍ കാപ്പിക്കൃഷി

ശക്തമായ മഴയും മണ്ണിടിച്ചിലും കാര്‍ഷിക മേഖലയായ കുടക് ജില്ലയിലുണ്ടാക്കിയത് കനത്ത നാശം. കുടക് ജില്ലയില്‍ മാത്രം കുത്തിയൊഴുകിയത് 4000 ഏക്കര്‍ കാപ്പികൃഷി. ജോഡുപാലയിലും മണ്ണങ്കേരിയിലും കൃഷിഭൂമി പൂര്‍ണമായും ഒലിച്ചുപോയി. രാജ്യത്തെ ആകെ കാപ്പി ഉല്‍പാദനത്തിന്റെ 70 ശതമാനവും കര്‍ണാടകയില്‍ നിന്നാണ്. ഇതില്‍ 40 ശതമാനം ഉത്പാദനം കുടക് ജില്ലയില്‍നിന്നുമാത്രം.

കനത്ത മഴയും പ്രളയവും കാരണം കാപ്പി തോട്ടങ്ങള്‍ നശിച്ചതോടെ രാജ്യത്തെ കാപ്പി ഉല്‍പാദനത്തില്‍ ഇത്തവണ 20 ശതമാനത്തിന്റെ കുറവ് ഉണ്ടാവുമെന്നാണ് വിദഗ്ധരുടെ നിഗമനം. 675 കോടിരൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കുടക് ജില്ലയിലുണ്ടായ കനത്തമഴയില്‍ കാപ്പിതോട്ടങ്ങളിലേക്ക് മണ്ണിടിഞ്ഞ് വീണും തോട്ടങ്ങള്‍ പൂര്‍ണമായും കുത്തിയൊലിച്ചും കനത്ത നാശമുണ്ടായി. പല കര്‍ഷകരുടെയും വര്‍ഷങ്ങളുടെ അധ്വാനമാണ് ഇങ്ങിനെ കുത്തിയൊലിച്ചത്. ജോഡുപാലയിലേയും മണ്ണങ്കേരിയിലെയും അവസ്ഥ പറയുമ്പോള്‍ കര്‍ഷകരുടെ കണ്ണുനിറയുന്നു.

ഒരേക്കര്‍ കാപ്പിത്തോട്ടത്തിന്റെ പരിചരണത്തിന് മാത്രം 25000രൂപ മുതല്‍ 30000 രൂപ വരെ ചെലവ് വരും. 25ഉം 50 ഏക്കര്‍ കാപ്പിത്തോട്ടം നഷ്ടപ്പെട്ട കര്‍ഷകരും കുടകിലുണ്ട്. ഈ വര്‍ഷം 20 മുതല്‍ 30 ശതമാനം വരെ അധിക ഉത്പാദനം പ്രതീക്ഷിച്ചിരുന്നു. കാപ്പി തോട്ടങ്ങള്‍ക്ക് പുറമെ കുരുമുളക്, അടക്ക തോട്ടങ്ങളും നശിച്ചിട്ടുണ്ട്. തോട്ടം മേഖലയെ ആശ്രയിച്ച് 2.63 ലക്ഷം തൊഴിലാളികളാണ് ജീവിക്കുന്നത്. ഇവരുടെ കൂടി ഉപജീവനമാര്‍ഗമാണ് ഇല്ലാതാവുന്നത്.