LiveTV

Live

National

അര്‍ണബിനെതിരെ പ്രചരണം നടത്തുന്നവര്‍ കോമാളികളെന്ന് രാജീവ് ചന്ദ്രശേഖര്‍ 

അര്‍ണബ് മലയാളികളെ നാണംകെട്ടവരെന്ന് വിളിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ തെറ്റായി വ്യാഖ്യാനിക്കുന്നത് കോമാളികളാണെന്ന് രാജീവ് ചന്ദ്രശേഖര്‍

അര്‍ണബിനെതിരെ പ്രചരണം നടത്തുന്നവര്‍ കോമാളികളെന്ന് രാജീവ് ചന്ദ്രശേഖര്‍ 

കേരളത്തെ അധിക്ഷേപിച്ച റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് പിന്തുണയുമായി ചാനല്‍ ഉടമകളിലൊരാളും ബി.ജെ.പി എം.പിയും എന്‍.ഡി.എയുടെ കേരളത്തിലെ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍. അര്‍ണബ് മലയാളികളെ നാണംകെട്ടവരെന്ന് വിളിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ കോമാളികളാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് ശൈലിയിലുള്ള വിഡ്ഢിത്തമാണ് ഈ കള്ളമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിലര്‍ തന്നോട് ഇതേകുറിച്ച് ചോദിച്ചതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

റിപബ്ലിക് ടിവിയിലെ ചര്‍ച്ചക്കിടെയാണ് അര്‍ണബ് മലയാളികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണബിന്റെ പ്രസ്താവന. പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തിനുള്ള യു.എ.ഇയുടെ സഹായ വാഗ്ദാനം സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു പരാമര്‍ശം. മലയാളികള്‍ നുണ പ്രചരിപ്പിക്കുകയാണ്. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതില്‍ അവര്‍ക്ക് പണം ലഭിക്കുന്നുണ്ടോ? രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും അര്‍ണബ് ചര്‍ച്ചക്കിടെ ആരോപിച്ചു.

Also read: “ഗോസ്വാമിയല്ല കൗസ്വാമി, #OMKVArnab”; അര്‍ണബിനും റിപബ്ലിക് ടിവിക്കുമെതിരെ മലയാളികള്‍

അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. റിപബ്ലിക് ടിവിയുടെ ഫേസ് ബുക്ക് പേജില്‍ എല്ലാ പോസ്റ്റുകളിലും മലയാളികള്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. #OMKVArnab പോലുള്ള ഹാഷ് ടാഗുകളുമായി ട്വിറ്ററിലും വിഷയം സജീവമാണ്.