LiveTV

Live

National

എയര്‍ ഇന്ത്യ ജീവനക്കാരി തല്ലിയെന്ന പരാതിയുമായി ഇറ്റാലിയന്‍ ഡിജെ

ഹൈദരാബാദ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരി കയ്യേറ്റം ചെയ്തെന്ന പരാതിയുമായി ഇറ്റാലിയന്‍ ഡിജെ ഒല്ലി എസ്സേ.

എയര്‍ ഇന്ത്യ ജീവനക്കാരി തല്ലിയെന്ന പരാതിയുമായി ഇറ്റാലിയന്‍ ഡിജെ

ഹൈദരാബാദ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരി കയ്യേറ്റം ചെയ്തെന്ന പരാതിയുമായി ഇറ്റാലിയന്‍ ഡിജെ. ആഗസ്റ്റ് 19ന് ഇറ്റാലിയന്‍ ഡിജെ ഒല്ലി എസ്സേയെ എയര്‍ ഇന്ത്യയിലെ കരാര്‍ ജീവനക്കാരി കയ്യേറ്റം ചെയ്തെന്നാണ് പരാതി. അന്ന് തന്നെ യുവതി പരാതി നല്‍കിയെന്ന് എയര്‍പോര്‍ട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ എം മഹേഷ് പറഞ്ഞു. അതേസമയം എയര്‍ ഇന്ത്യ യുവതിയുടെ ആരോപണം നിഷേധിച്ചു.

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 9 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് യുവതി പറയുന്നു. തന്നോട് മോശമായി പെരുമാറിയ ജീവനക്കാരി അവസാനം തല്ലിയെന്നും ഒല്ലി ആരോപിച്ചു. എയര്‍ ഇന്ത്യ വക്താവിനെ അറിയിച്ചെങ്കിലും കരാര്‍ ജീവനക്കാരിയാണ് കൌണ്ടറിലുണ്ടായിരുന്നത് എന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നും യുവതി പറയുന്നു.

എന്നാല്‍ ജീവനക്കാരി കയ്യേറ്റം ചെയ്തെന്ന ആരോപണം തെറ്റാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. മൊബൈല്‍‍ ഫോണില്‍ തന്‍റെ ഫോട്ടോയെടുത്തത് ജീവനക്കാരി തടഞ്ഞതിനെയാണ് കയ്യേറ്റമെന്ന് വ്യാഖ്യാനിച്ചതെന്ന് എയര്‍ ഇന്ത്യ വിശദീകരിക്കുന്നു. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.