LiveTV

Live

National

ബ്ലൂ വെയിലിനേക്കാൾ അപകടകാരിയോ ‘മോമൊ’? നേരിടാനുറച്ച് ബംഗാൾ

നിരവധി ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ട് എന്ന് പറയപെടുന്ന ബ്ലൂ വെയില്‍ (ഗെയിം)ന് പിന്നാലെ ഇന്റര്‍നെറ്റ് മുഖേന പ്രചരിക്കുന്നു എന്ന് പറയപ്പെടുന്ന മറ്റൊരു ഗെയിമാണ് മോമൊ.

ബ്ലൂ വെയിലിനേക്കാൾ അപകടകാരിയോ ‘മോമൊ’? നേരിടാനുറച്ച് ബംഗാൾ

കൊലയാളി ഗെയിമായ ‘മോമൊ ചലഞ്ച്’ കളിച്ച് രണ്ടു പേര് ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഗെയിമിനിതിരെ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബംഗാൾ. സംസ്ഥാനത്തെ ജില്ലകളിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും നിർദ്ദേശങ്ങൾ അയച്ചു കൊടുത്തതിന് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കൊലയാളി ഗെയിമിനെതിരെ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം.

"ഈ കൊലയാളി ഗെയിം ദിവസം തോറും വളർന്നു വരികയാണ്. ‘ബ്ലൂ വെയില്‍’ ചലഞ്ചിന്‌ ശഷം നമ്മൾ നേരിടുന്ന കൊലയാളി ഗെയിമാണ് 'മോമൊ ചലഞ്ച്'. ഗെയിമിന്റെ ലിങ്കുകൾ പ്രധാനമായും പ്രചരിക്കപ്പെടുന്നത് വാട്സാപ്പ് മുഖേനയാണ്. ഇക്കാര്യത്തിൽ പ്രത്യേകം ജാഗ്രത വേണമെന്ന് ജില്ലാ അധികൃതരോട് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്," ബംഗാളിലെ ഒരു ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു.

വികൃതമായ മുഖവും കണ്ണുകളുമുള്ള ഒരു പെൺകുട്ടിയുടെ ചിത്രമാണ് കൊലയാളി ഗെയിമിന്റെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. മദർ ബേർഡ് എന്നാണ് ഇതിന്റെ വിളിപ്പേര്.

ഡാർജീലിങ് ജില്ലയിലെ കുർസിയോങ്ങിൽ നിന്നുള്ള മനീഷ് സർകി (18 ) ഓഗസ്റ്റ് 20 നും അഥിതി ഗോയൽ ( 26 ) തൊട്ടടുത്ത ദിവസവും ആത്മഹത്യ ചെയ്തത് ‘മോമൊ ചലഞ്ച്’ ഗെയിം കളിച്ചതു മൂലമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

"ധാരാളം പേർക്ക്, വിശേഷിച്ചു യുവാക്കൾ, ഗെയിമിന്റെ ലിങ്ക് വാട്സാപ്പ് വഴി ലഭിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഗെയിം കളിക്കാനുള്ള ക്ഷണം അടങ്ങിയ ലിങ്കുകൾ വരുന്നത് മുന്പരിചയമില്ലാത്ത നമ്പറുകളിൽ നിന്നാണ്," ഉദ്യോഗസ്ഥൻ പറയുന്നു.

"ആത്മഹത്യ പ്രവണത വെച്ച് പുലർത്തുന്നവരെയാണ് ‘മോമൊ ചലഞ്ച്’ ലക്‌ഷ്യം വെക്കുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്," അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 21 ന് ജൽപൈഗുരി സ്വദേശിയായ കബിത റായിക്ക് കൊലയാളി ഗെയിം കളിക്കാനുള്ള ക്ഷണം വാട്സാപ്പിലൂടെ ലഭിച്ചതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകിയിരുന്നു. അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ നിന്നും ഒരു വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഐ ടി പ്രൊഫെഷനലും എട്ടു വയസ്സായ ഒരു കുട്ടിയുടെ അമ്മയുമായ മറ്റൊരു യുവതിയും ഗെയിം കളിക്കാനുള്ള ക്ഷണം ലഭിച്ചതിനെ തുടർന്ന് കൊൽക്കത്ത സൈബർ പോലീസിനെ സമീപിച്ചിരുന്നു.

"ഗെയിം കളിക്കാനുള്ള ക്ഷണത്തിന് ഞാൻ മറുപടിയൊന്നും നൽകിയില്ല. വ്യാഴാഴ്ച രാത്രി എനിക്ക് വാട്സാപ്പിലും ഗെയിം കളിക്കാനുള്ള ക്ഷണം ലഭിച്ചു. ഈ ഗെയിമിനെ കുറിച്ച് അറിയാമായിരുന്നത് കൊണ്ടും ഒരു കുഞ്ഞിന്റെ അമ്മയായതു കൊണ്ടും എനിക്ക് ഭയമായിരുന്നു," അവർ പറയുന്നു.

ഇത് സമ്പന്ധമായ മിക്ക പരാതികളും ജൽപൈഗുരി, കുർസിയോങ്, വെസ്റ്റ് മിഡ്‌നാപ്പൂർ ജില്ലകളിൽ നിന്നാണ് വരുന്നതെന്നും കഴിഞ്ഞയാഴ്‌ച മാത്രമാണ് കൊൽക്കത്തയിൽ ഒരു പരാതി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

"ഈ പ്രശ്നത്തെ എങ്ങനെ നേരിടാം എന്നത് സംബന്ധിച്ച് ഞങ്ങൾ സൈബർ വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കാൻ നിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

“ഗെയിം നടത്തുന്നവർ ആളുകളുടെ വിവരങ്ങൾ ഹാക്ക് ചെയ്യുകയും മറ്റു സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്,” ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എത്തിക്കൽ ഹാക്കിങ് മാനേജിങ് ഡയറക്ടറും സൈബർ വിദഗ്ധനുമായ സന്ദീപ് സെൻഗുപ്‌ത പറയുന്നു. ആളുകളുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസ് നിരന്തരം നിരീക്ഷിക്കുകയും ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നവരെ ലക്‌ഷ്യം വെക്കുകയുമാണ് ഇത്തരക്കാരുടെ രീതി, അദ്ദേഹം പറയുന്നു.

സോഷ്യൽ മീഡിയ സൈറ്റുകളുടെ പാസ്സ്‌വേർഡുകൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കണമെന്നും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഏതെങ്കിലും നമ്പറിൽ നിന്ന് ‘മോമൊ ഗെയിം’ കളിക്കാനുള്ള ക്ഷണം ലഭിച്ചാൽ ആ നമ്പർ ബ്ലോക്ക് ചെയ്യണമെന്നും സെൻഗുപ്‌ത ആളുകളോട് ആവശ്യപ്പെടുന്നു. അത്തരം ക്ഷണം ലഭിക്കുന്ന മുറക്ക് അടുത്തുള്ള ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്ന സമയത്തു പ്രത്യേകം ശ്രദ്ധ വേണമെന്ന് രക്ഷിതാക്കളോടും വിദ്യാർത്ഥികളെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരവധി ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ട് എന്ന് പറയപെടുന്ന ബ്ലൂ വെയില്‍ (ഗെയിം)ന് പിന്നാലെ ഇന്റര്‍നെറ്റ് മുഖേന പ്രചരിക്കുന്നു എന്ന് പറയപ്പെടുന്ന മറ്റൊരു ഗെയിമാണ് മോമൊ. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും ആത്മഹത്യാ പ്രവണതയുണ്ടാക്കി മാറ്റുന്ന ഒരു ചലഞ്ച് ആണെന്ന് പറയപെടുന്നു. ഈ ഗെയിമിനെ കുറിച്ച് പല രാജ്യങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്ലൂവെയില്‍ ചലഞ്ചിന് ശേഷം വന്ന ഏറ്റവും അപകടകാരിയായ ഗെയിം ചലഞ്ചാണിത്. വാട്‌സ്ആപ്പ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്. എന്നാല്‍ മെക്‌സിക്കന്‍ കമ്പ്യൂട്ടര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണ പ്രകാരം ഫെയ്‌സ്ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്ന് പറയപ്പെടുന്നുണ്ട്.

ജപ്പാനീസ് ആര്‍ട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്റെത് എന്ന് തോന്നിക്കുന്ന മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രം. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള ഈ ചിത്രം ആദ്യ ഗെയിമില്‍ തന്നെ കുട്ടികളില്‍ ഭീതി ജനിപ്പിക്കുന്നു.