LiveTV

Live

National

മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തിയ വാജ്പേയ്

മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തിയ വാജ്പേയ് 1999 ല്‍ ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടത്

മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തിയ വാജ്പേയ്

ആദ്യമായി കാലാവധി പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ എ ബി വാജ്പേയിയുടേതാണ്. മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തിയ വാജ്പേയ് 1999 ല്‍ ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടത്. ആണവപരീക്ഷണം, കാര്‍ഗില്‍ യുദ്ധം, പാര്‍ലമെന്റ് ആക്രമണം തുടങ്ങി വാജ്പേയിയുടെ ഭരണകാലം സംഭവബഹുലമായിരുന്നു.

ബാബ്‌രി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളും നരസിംഹറാവു സര്‍ക്കാരിന് നിരന്തരം നേരിടേണ്ടി വന്ന അഴിമതി ആരോപണങ്ങളുമാണ് 96ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയത്. .ഇന്ത്യയുടെ പത്താമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എ.ബി വാജ്പേയിക്ക് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട ഭൂരിപക്ഷം നേടിയെടുക്കാനായില്ല. വെറും പതിമൂന്ന് ദിവസം മാത്രം അധികാരത്തില്‍ ഇരുന്ന് വാജ്പേയ് രാജിവെച്ചു. 1998ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 182 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ രൂപികരിച്ചാണ് അധികാരത്തിലേറിയത്. പക്ഷെ ജയലളിത പിന്തുണ പിന്‍വലിച്ചതോടെ 13 മാസത്തിന് ശേഷം വാജ്പേയ് സര്‍ക്കാരിന് അധികാരം നഷ്ടമായി. വിശ്വാസ വോട്ടെടുപ്പില്‍ വെറും ഒരു വോട്ടിനായിരുന്നു വാജ്പേയിക്ക് ഭൂരിപക്ഷം തെളിയിക്കാനാകാതെ പോയത്. കുതിരക്കച്ചവടം നടത്തി ഭരണം നിലനിര്‍ത്താന്‍ വാജ്പേയി ആഗ്രിഹച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ചരിത്രം മറ്റൊന്നാകുമായിരുന്നു. ഭരിച്ച പതിമൂന്ന്മാസം വാജ്പേയ് സര്‍ക്കാര്‍ ഓര്‍മ്മിക്കപ്പെടുന്നത് പൊഖ്റാനിലെ ആണവ പരീക്ഷണത്തിന്റെയും കാര്‍ഗില്‍ യുദ്ധത്തിന്‍റെയും പേരില്‍ കൂടിയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന് ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിക്ക് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വാജ്പേയ് നേട്ടം കൊയ്തു.

303 സീറ്റ് നേടി എന്‍ഡിഎ സഖ്യം അധികാരത്തിലേറിയപ്പോള്‍ വാജ്പേയി തന്നെ മൂന്നാം തവണയും പ്രധാനമന്ത്രിയായി. സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധികള്‍ നരസിംഹറാവു സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണനയങ്ങള്‍ തുടര്‍ന്നാണ് വാജ്പേയ് മറികടക്കാന്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ നല്ലപ്രതിച്ഛായ വോട്ടായി മാറുമെന്ന പ്രതീക്ഷയില്‍ കാലാവധിക്ക് മുന്‍പേ രാജി വെച്ച വാജ്പേയിയുടെ കണക്ക് കൂട്ടല്‍ പക്ഷെ പിഴക്കുന്നതിനും ചരിത്രം സാക്ഷിയായി. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം വാജ്പേയിയെ തുണച്ചില്ല.