LiveTV

Live

National

വാജ്പേയി അന്തരിച്ചു

മുതിര്‍ന്ന ബി.ജെ.പി നേതാവ് അടല്‍ ബിഹാരി വാജ്പേജി അന്തരിച്ചു. 

വാജ്പേയി അന്തരിച്ചു

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ അടൽ ബിഹാരി വാജ്പേയി അന്തരിച്ചു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ലായിരുന്നു അന്ത്യം. 93 വയസായിരുന്നു. മൂത്രനാളി, ശ്വാസനാളി എന്നിവയിലെ അണുബാധ, വൃക്കപ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂണ്‍ 11 നാണ് വാജ്പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. 1999 മുതൽ 2004 വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി, രോഗം കാരണം 2009 മുതൽ പൊതുവേദികളിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

നെഹ്റുവിനു ശേഷം മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായിട്ടുള്ള എ.ബി. വാജ്പേയി എന്ന അടല്‍ ബിഹാരി വാജ്പേയി ബി.ജെ.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ആദര്‍ശ പ്രതീകമായിരുന്നു. ഹിന്ദുമത പണ്ഡിതനും അധ്യാപകനുമായിരുന്ന കൃഷ്ണ ബിഹാരി വാജ്പേയിയുടെയും കൃഷ്ണദേവിയുടെയും മകനായി ഇടത്തരം ബ്രാഹ്മണ കുടുംബത്തില്‍ 1924 ഡിസംബര്‍ 25 ന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് അദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കാണ്‍പൂരിലെ വിക്ടോറിയ കോളജില്‍ (ഇന്നത്തെ ലക്ഷ്മിബായ് കോളജ് ) നിന്ന് ബിരുദവും ഡി.എ.വി കോളജില്‍ നിന്ന് രാഷ്ട്രമീംമാംസയില്‍ ബിരുദാനന്തര ബിരുദവും നേടി. ശേഷം ലക്നൗവിലെ ലോ കോളജില്‍ നിയമപഠനത്തിന് ചേര്‍ന്നുവെങ്കിലും ആര്‍.എസ്.എസിന്റെ ഒരു പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായതിനെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ചു. അവിവാഹിതനാണ്.

രാഷ്ട്രീയം

കാലാവധി പൂര്‍ത്തിയാക്കിയ ഏക കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയി 1957 മുതല്‍ 2009 വരെ ഏകദേശം 50 വര്‍ഷത്തോളം ഇന്ത്യന്‍ പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2, 4, 5, 6, 7, 10, 11, 12, 13, 14 ലോക്സഭകളിലും 1962, 1986 വര്‍ഷങ്ങളില്‍ രാജ്യസഭയിലും അംഗമായിട്ടുണ്ട്. ഉത്തര്‍പ്രദശിലെ ലക്നൗ ലോക്സഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായി നാലുതവണ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഗുജറാത്തിലെയും മധ്യപ്രദേശിലെയും ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലെ തന്നെ വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനിയായിട്ടാണ് വാജ്പേയി പൊതുജീവിതം ആരംഭിച്ചത്. 1942 ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് വരിച്ചു. ഈ കാലഘട്ടത്തിലാണ് ശ്യാമപ്രസാദ് മുഖര്‍ജിയെ പരിചയപ്പെടുന്നത്. 1951ല്‍ ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ആശീര്‍വാദത്തോടെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനസംഘം രൂപീകരിച്ച കാലം മുതല്‍ അതിന്റെ നേതൃനിരയിലെ പ്രധാനിയായിരുന്നു വാജ്പേയി.

1953 ല്‍ കാശ്മീരിന്റെ പ്രത്യേക പദവിക്കെതിരെയും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുമായി ശ്യാമപ്രസാദ് മുഖര്‍ജി മരണംവരെ ഉപവസിക്കാന്‍ കശ്മീരിലെത്തിയപ്പോള്‍ ഒപ്പം വാജ്പേയിയും ഉണ്ടായിരുന്നു. കശ്മീര്‍ ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി മരിച്ചപ്പോള്‍ ജനസംഘത്തിലെ പ്രധാന നേതാക്കളിലൊരാളായി വാജ്പേയി. പിന്നിടങ്ങോട്ട് ജനസംഘ് രാഷ്ട്രീയം തന്റെ ജീവിതലക്ഷ്യമായി ഏറ്റെടുക്കുകയായിരുന്നു. 1954 ല്‍ ഉത്തര്‍പ്രദേശിലെ ബാല്‍റാംപുരില്‍ നിന്നും ആദ്യമായി പാര്‍ലമെന്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1975 ലെ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1975 മുതല്‍ 1977 വരെ ജയിലിലടക്കപ്പെട്ടു. അടിയന്തരാവസ്ഥ കാലത്തെ ഈ കടുത്ത അനുഭവങ്ങളെ തുടര്‍ന്ന് 1977 ല്‍ ജനതാപാര്‍ട്ടി രൂപീകരിക്കാന്‍ വേണ്ടി ഭാരതീയ ജനസംഘിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചു.

അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. ജനതാ പാര്‍ട്ടിയുടെ മൊറാര്‍ജി ദേശായി നേതൃത്വത്തിലുള്ള ആ മന്ത്രിസഭയില്‍ വാജ്പേയി വിദേശകാര്യമന്ത്രിയായി. 1979 ല്‍ ജനതാ പാര്‍ട്ടിയുടെ തകര്‍ച്ചയോടെ 1980 ല്‍ അദ്വാനിയെയും ഭെരോണ്‍ സിങ് ശെഖാവത്തിനെയും മറ്റും സംഘടിപ്പിച്ച് ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയത് വാജ്പേയിയായിരുന്നു. ആദ്യ അഞ്ച് വര്‍ഷവും അദ്ദേഹം തന്നെയായിരുന്നു പാര്‍ട്ടി പ്രസിഡന്റ്. ആര്‍.എസ്.എസ് അനുഭാവികളായ തീവ്ര ഹിന്ദുത്വവാദികള്‍ നിറഞ്ഞ ബി.ജെ.പിയില്‍ മതേതരത്വത്തിന്റെ പുരോഗമനമുഖം എന്നും വാജ്പേയിയുടേതായിരുന്നു. തീവ്ര ഹിന്ദുത്വവാദത്തിലേക്ക്‌ ബി.ജെ.പി നേതാക്കള്‍ വ‍ഴുതിവീ‍ഴുമ്പോ‍ഴെല്ലാം മതേതര രാഷ്ട്രീയ പ്രസ്ഥാനമെന്ന ലേബല്‍ പാര്‍ട്ടിക്ക്‌ നഷ്ടപ്പെടാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചത് വാജ്പേയി ആയിരുന്നു. നല്ലവനായ ഒരു നേതാവ് വ‍ഴിതെറ്റി മോശപ്പെട്ട പ്രസ്ഥാനത്തില്‍ അകപ്പെട്ടുവെന്നായിരുന്നു കടുത്ത ബി.ജെ.പി വിരുദ്ധര്‍ പോലും വിശ്വസിച്ചിരുന്നത്.

1984 ല്‍ കേവലം രണ്ടു സീറ്റുകളുമായി ലോക്സഭയിലെ നേരിയ ശബ്ദം മാത്രമായിരുന്ന ബി.ജെ.പിയെ 1996 ആയപ്പോ‍ഴേക്കും രാജ്യത്തിന്റെ അധികാരത്തിലേക്ക്‌ എത്തിക്കാനായി എന്നതാണ് വാജ്പേയി എന്ന പ്രതിഭാധനനായ നേതാവിന്റെ ഏറ്റവും വലിയ നേട്ടം. 1996-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 161 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ വാജ്പേയി പ്രധാനമന്ത്രിയായി. 13-ാം ദിവസം ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജിവച്ചു. 1998-ലെ തെരഞ്ഞെടുപ്പില്‍ 24 പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് എന്‍.ഡി.എ എന്ന മുന്നണി രൂപവത് കരിക്കുന്നതിന് ബി.ജെ.പി തീരുമാനിച്ചു. ബി.ജെ.പി 182 സീറ്റു നേടിയതോടെ വാജ്പേയി വീണ്ടും പ്രധാനമന്ത്രിയായി. എന്നാല്‍ 13 മാസത്തിനുശേഷം സര്‍ക്കാരിനുള്ള പിന്തുണ എ.ഐ.ഡി.എം.കെ പിന്‍വലിച്ചതിനെ തുടര്‍ന്ന് വാജ്പേയി രണ്ടാമതും രാജിവെച്ചു. 1999 ല്‍ എന്‍.ഡി.എ 298 സീറ്റോടെ വിജയിച്ചപ്പോള്‍ വാജ്പേയി മൂന്നാമത്തും പ്രധാനമന്ത്രിയായി. ഇപ്രാവശ്യം അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗധേയം തിരുത്തിക്കുറിച്ച രാഷ്ട്രീയ പരീക്ഷണമായിരുന്ന എന്‍.ഡി.എ മുന്നണിയെ സംഘടിപ്പിക്കാനും പരമാവധി രമ്യതയോടെ നയിക്കാനും ക‍ഴിഞ്ഞതിനു പിന്നില്‍ വാജ്പേയി എന്ന രാഷ്ട്രീയക്കാരന്റെ നയതന്ത്രജ്ഞത തന്നെയായിരുന്നു മുഖ്യഘടകം. ഡി.എം.കെ, എ.ഐ.ഡി.എം.കെ, ജനതാ പാര്‍ട്ടി, ടി.ഡി.പി, ജനതാദള്‍ യുണെറ്റഡ്, സമതാ പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, ശിവസേന, ശിരോമണി അകാലിദള്‍, തെലുങ്കാന രാഷ്ട്രീയ സമിതി, അസം ഗണപരിഷത്ത്, നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്, മഹാരാഷ്ട്ര സമിതി ഗോമന്തക് പാര്‍ട്ടി, ഹരിയാന ജനഹിത് പാര്‍ട്ടി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങി രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ പലപ്പോ‍ഴായി എന്‍.ഡി.എയുടെ ഭാഗമായിട്ടുണ്ട്. 2004-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് 2005 ഡിസംബറില്‍ രാഷ്ട്രീയത്തില്‍നിന്നും വിരമിച്ചു.