LiveTV

Live

National

ലോക്സഭാ മുന്‍ സ്പീക്കര്‍ സോംനാഥ് ചാറ്റര്‍ജി അന്തരിച്ചു

നിഷ്പക്ഷമായ പ്രവര്‍ത്തനത്തിലൂടെ സ്പീക്കര്‍ പദവിയുടെ ഭരണഘടനാപരമായ അന്തസത്ത എങ്ങനെ നിലനിര്‍ത്തണമെന്ന് ചാറ്റര്‍ജി കാണിച്ച് തന്നു. പാര്‍ലമെന്റില്‍ നാല് പതിറ്റാണ്ട് കാലം ഇടതുപക്ഷത്തിന്റെ ശബ്ദമായിരുന്നു

ലോക്സഭാ മുന്‍ സ്പീക്കര്‍ സോംനാഥ് ചാറ്റര്‍ജി അന്തരിച്ചു

മുന്‍ ലോക്സഭ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന സോംനാഥ് ചാറ്റർജി അന്തരിച്ചു. 89 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ കൊല്‍ക്കൊത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 8.15ഓടെ മരണം സംഭവിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് 40 ദിവസത്തെ ചികിത്സയിലായിരുന്നു സോംനാഥ് ചാറ്റര്‍ജി.

സോംനാഥ് ചാറ്റര്‍ജിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച പാര്‍ലമെന്റേറിയനെയാണ്. നിഷ്പക്ഷമായ പ്രവര്‍ത്തനത്തിലൂടെ സ്പീക്കര്‍ പദവിയുടെ ഭരണഘടനപരമായ അന്തസത്ത എങ്ങനെ നിലനിര്‍ത്തണമെന്ന് ചാറ്റര്‍ജി കാണിച്ച് തന്നു. പാര്‍ലമെന്റില്‍ നാല് പതിറ്റാണ്ട് കാലം ഇടതുപക്ഷത്തിന്റെ ശബ്ദമായിരുന്നു അദ്ദേഹം.‍

1929ല്‍ അസമിലെ തേസ്പൂരിലായിരുന്നു ജനനം. കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയിലും കേംബ്രിഡ്ജ് യൂണിവേഴ്സ്റ്റിയിലും പഠനം പൂര്‍ത്തിയാക്കി. 1968 മുതല്‍ പാര്‍ട്ടി അംഗം. 71ല്‍ ആദ്യമായി ലോക്സഭയിലേക്ക്. പിന്നീട് തുടര്‍ച്ചയായി 10 തവണ. ഒരു തവണ മാത്രം പിഴച്ചു. മമത ബാനര്‍ജിയോട് 1984ല്‍.

2004-09 കാലയളവില്‍ യു.പി.എ സര്‍ക്കാറിനെ ഇടത് പാര്‍ട്ടികള്‍ പിന്തുണച്ചപ്പോള്‍ ലഭിച്ച ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സോംനാഥ് ചാറ്റര്‍ജി പ്രധാനിയായത്. 2008 ജൂലൈയില്‍ ഇന്ത്യ - അമേരിക്ക ആണവകരാറിലെ അഭിപ്രായ ഭിന്നതയില്‍ ഇടത് പാര്‍ട്ടികള്‍ യു.പി.എക്കുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ പാര്‍ട്ടി, സോംനാഥ് ചാറ്റര്‍ജിയോട് രാജി ആവശ്യപ്പെട്ടു.

ഭരണഘടന പദവി വഹിക്കുന്നയാള്‍ പാര്‍ട്ടിക്കതീതനാണെന്നും നിയമ നിര്‍മ്മാണ സഭയുടെ അധ്യക്ഷപദവിക്ക് കളങ്കമേല്‍പ്പിക്കില്ലെന്നും നിലപാടെടുത്ത് രാജി ആവശ്യം തള്ളി. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തായി. സജീവ രാഷ്ട്രീയത്തില്‍ നിന്നും അകന്ന് 15 വര്‍ഷമായെങ്കിലും സമകാലിക വിഷയങ്ങളിലെ നിലപാടും ഇടത് പാര്‍ട്ടികളുടെ അപചയത്തിനെതിരെ രൂക്ഷ വിമര്‍ശനവും തുടര്‍ച്ചയായി അറിയിച്ചു.

സഭയിലെ ശക്തമായ സാന്നിധ്യമായിരുന്നു സോംനാഥ് ചാറ്റര്‍ജിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തെ ശക്തമാക്കിയ നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി പരിമിതികള്‍ക്ക് അതീതനായ പ്രവര്‍ത്തിച്ച നേതാവെന്ന് രാഹുല്‍ ഗാന്ധിയും ട്വിറ്ററില്‍ കുറിച്ചു. സോംനാഥ് ചാറ്റര്‍ജിയുടെ വിയോഗം തീരാനഷ്ടമാണെന്ന് ഇടത് നേതാക്കളും അനുശോചിച്ചു.