LiveTV

Live

National

അനിശ്ചിതത്വം നീങ്ങി; സംസ്കാരം മറീന ബീച്ചില്‍

സംസ്കാരം മറീന ബീച്ചില്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് തര്‍ക്കം കോടതിയിലെത്തിയത്. സംസ്കാരം മറീന ബീച്ചില്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി

 അനിശ്ചിതത്വം നീങ്ങി; സംസ്കാരം മറീന ബീച്ചില്‍

തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചിലെ അണ്ണാ സ്മൃതിമണ്ഡപത്തില്‍ തന്നെ സംസ്കരിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി. സര്‍ക്കാറിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി വിധി. മറീന ബീച്ചില്‍ കേന്ദ്ര സേനയെ ഉള്‍പ്പെടെ അണിനിരത്തി സുരക്ഷ ശക്തമാക്കി. മദ്രാസ് ഹൈകോടതി വിധി പുറത്തുവന്നതോടെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് രാജാജി ഹാള്‍ സാക്ഷ്യം വഹിച്ചത്.

കോടതിവിധി അറിഞ്ഞതോടെ മകന്‍ എംകെ സ്റ്റാലിന്‍ പൊട്ടിക്കരഞ്ഞു. പാര്‍ട്ടി നേതാവ് എ രാജയേയും അഴഗിരിയേയും ചേര്‍ത്തു പിടിച്ചായിരുന്നു സ്റ്റാലിന്‍ കരഞ്ഞത്. തൊട്ടരികില്‍ നില്‍ക്കുകയായിരുന്ന കരുണാനിധിയുടെ മകള്‍ കനിമൊഴിയും സ്റ്റാലിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

കരുണാനിധിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ മൃതദേഹം മറീന ബീച്ചില്‍ സംസ്കരിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ തര്‍ക്കം തുടങ്ങിയിരുന്നു. അണ്ണാ സ്മൃതി മണ്ഡപത്തില്‍ സംസ്കരിക്കണമെന്ന ആവശ്യം ഡി.എം.കെ നേതൃത്വം അറിയിച്ചെങ്കിലും സര്‍ക്കാര്‍ തള്ളി. പകരം ഗാന്ധി സ്മൃതിമണ്ഡപത്തില്‍ രണ്ടേക്കര്‍ വാഗ്ദാനം ചെയ്തു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഡി.എം.കെയെ പിന്തുണച്ച് രംഗത്തെത്തി.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡി.എം.കെ നല്‍കിയ ഹരജി ഇന്നലെ രാത്രി തന്നെ മദ്രാസ് ഹൈക്കോടതി പരിഗണിച്ചെങ്കിലും തീരുമാനമായില്ല. ഇന്ന് രാവിലെ എട്ട് മണി മുതല്‍ കോടതി വീണ്ടും കേസ് പരിഗണിച്ചു. മറീനയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്, മുഖ്യമന്ത്രിമാര്‍ക്ക് മാത്രം മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാമെന്നതാണ് സര്‍ക്കാര്‍ നയം, മുന്‍ മുഖ്യമന്ത്രി ജാനകി രാമചന്ദ്രന്‍റെ മൃതദേഹം മറീന ബീച്ചില്‍ സംസ്കരിക്കാന്‍ മുന്‍സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല, കരുണാനിധിയുടെ മൃതദേഹം ഇവിടെ സംസ്കരിക്കുന്നതില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ട് എന്നീ വാദങ്ങളാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഉന്നയിച്ചത്. മൂന്ന് വാദങ്ങളും കോടതി തള്ളി.

കോടതി വിധി വന്നതോടെ കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളില്‍ ആഹ്ലാദാരവമുയര്‍ന്നു. കോടതി വിധിയോടെ സംസ്കാര സ്ഥലത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നീങ്ങിയ ആശ്വാസത്തിലാണ് തമിഴകം.