LiveTV

Live

National

മാധ്യമങ്ങളെ നിരീക്ഷിക്കാൻ 200 അംഗ സംഘം: പ്രവർത്തന രീതികൾ വെളിപ്പെടുത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ

(എ.ബി.പി ചാനലിൽ നിന്ന് രാജി വെച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ പുണ്യ പ്രസൂൺ ബാജ്പേയി ദ വയർ വെബ്‌സൈറ്റിൽ എഴുതിയ ലേഖനത്തെ അവലംബിച്ചു തയ്യാറാക്കിയത്).

മാധ്യമങ്ങളെ നിരീക്ഷിക്കാൻ 200 അംഗ സംഘം: പ്രവർത്തന രീതികൾ വെളിപ്പെടുത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ

രാജ്യത്ത് വികസനം നടപ്പിലാക്കാൻ കെൽപ്പുള്ള മിശിഹയായി നരേന്ദ്ര മോദിയെ പ്രതിഷ്ടിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചത് ദൃശ്യ മാധ്യമങ്ങളാണ്. പകരക്കാരനില്ലാത്ത രക്ഷകൻ എന്ന മോദിയുടെ പ്രതിച്ഛായ ടി.ആർ.പ്പി വർദ്ധിപ്പിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് സഹായകമായിരുന്നു എന്നതിനാൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും വികസന വാഗ്ദാനങ്ങളും പ്രദർശിപ്പിക്കാൻ മുഖ്യധാരാ മാധ്യമങ്ങളൊന്നും രണ്ടാമതൊരാലോചനക്ക് മുതിർന്നിരുന്നില്ല. അഴിമതിയുടെ യുഗം അവസാനിച്ചു; രാജ്യത്ത് അച്ഛേ ദിൻ വരാൻ പോവുകയാണെന്ന ശുഭപ്രതീക്ഷയും ചാനലുകൾക്ക് നരേന്ദ്ര മോദിയെ പ്രിയപ്പെട്ടവനാക്കി.

നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കൽ, ഇരുന്നൂറ് കോടി തൊഴിൽ വാഗ്ദാനം തുടങ്ങിയവയെല്ലാം സർക്കാരിന് എതിരായപ്പോൾ വിമർശനങ്ങളുടെ വാ മൂടിക്കെട്ടാനുള്ള വ്യവസ്ഥാപിതമായ പ്രവർത്തനരീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് മോദി സർക്കാർ. അധികാരത്തിൽ വരുന്നതിന് മുമ്പ് ദൃശ്യ മാധ്യമങ്ങളിൽ തനിക്കുണ്ടായിരുന്ന പ്രതിച്ഛായ അതു പോലെത്തന്നെ നിലനിർത്താൻ മാധ്യമങ്ങളെ വരുതിയിൽ നിർത്തുക എന്ന തന്ത്രമാണ് നരേന്ദ്ര മോദി പ്രയോഗിക്കുന്നത്.

അധികാരത്തിൽ വരുന്നതിന് മുമ്പ് ദൃശ്യ മാധ്യമങ്ങളിൽ തനിക്കുണ്ടായിരുന്ന പ്രതിച്ഛായ അതു പോലെത്തന്നെ നിലനിർത്താൻ മാധ്യമങ്ങളെ വരുതിയിൽ നിർത്തുക എന്ന തന്ത്രമാണ് നരേന്ദ്ര മോദി പ്രയോഗിക്കുന്നത്.

വാർത്താ വിക്ഷേപണ മന്ത്രാലയത്തിന്റെ ഡയറക്ടറുടെ മേൽനോട്ടത്തിൽ 200 അംഗ സംഘത്തെയാണ് മാധ്യമങ്ങളെ നിരീക്ഷിക്കാനായിട്ട് മോദി സർക്കാർ നിയമിച്ചിരിക്കുന്നത്.

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കോർപറേഷൻ ഇന്ത്യ ലിമിറ്റഡ് ആണ് ഈ നിരീക്ഷണ സംഘത്തെ നിയമിക്കുന്നത്. മൂന്ന് വ്യത്യസ്ഥ തലങ്ങളിലായി പ്രവർത്തിക്കുന്ന സംഘത്തിലെ 150 പേരുടെ ജോലി ദൃശ്യ മാധ്യമങ്ങളെ സദാ സമയവും നിരീക്ഷിക്കുക എന്നതാണ്. പ്രേക്ഷകരിലേക്കെത്തുന്ന വാർത്തകളും വിവരങ്ങളും ഇവർ വിശകലനം ചെയ്യും. സർക്കാർ ഉദ്ദേശിക്കുന്ന തരത്തിലേക്ക് വാർത്താ ചാനലുകളുടെ പ്രവർത്തന രീതി രൂപപ്പെടുത്തുക എന്ന ഉത്തരവാദിത്വം നിർവ്വഹിക്കുന്നത് 25 പേരാണ്. അവശേഷിക്കുന്ന 25 പേര് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ചുമതല സർക്കാരിന്റെ താല്പര്യങ്ങൾക്കനുസരിച്ചുള്ള ഉള്ളടക്കം തന്നെയാണോ ദൃശ്യ മാധ്യമങ്ങളിൽ വരുന്നത് എന്ന് വിലയിരുത്തലാണ്. ഇവർ നൽകുന്ന റിപ്പോർട്ട് അനുസരിച്ചു ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥർ വാർത്താ വിക്ഷേപണ മന്ത്രിക്ക് മറ്റൊരു റിപ്പോർട്ട് സമർപ്പിക്കും. വാർത്താ വിക്ഷേപണ മന്ത്രാലയത്തിൽ നിന്ന് ഇത് നേരെ പോകുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ്.

ഈ സംഘത്തിലെ ആദ്യത്തെ 150 പേർക്ക് ലഭിക്കുന്ന മാസശമ്പളം 28,635 രൂപയാണ്. അടുത്ത ഘട്ടത്തിലുള്ളവർക്ക് 37,350 രൂപയും ഏറ്റവും മുകളിലെ തട്ടിൽ പ്രവർത്തിക്കുന്നവർക്ക് 49, 500 രൂപയുമാണ് മാസശമ്പളം. ആറു മാസത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന ഇവർക്കു ലീവെടുക്കാനുള്ള വകുപ്പൊന്നുമില്ല.

പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള നീക്കങ്ങൾ ആരംഭിക്കുന്നത്. തങ്ങൾക്കനുകൂലമല്ലാതെ പ്രവർത്തിക്കുന്ന ചാനൽ മേധാവികൾക്ക് സർക്കാരിന്റെ ആവശ്യങ്ങൾ അയച്ചുകൊടുക്കുന്നതാണ് ആദ്യപടി.

വാർത്താ പ്രാധാന്യമുള്ളതും വസ്തുതാപരവുമായ ഉള്ളടക്കം മാത്രമെ തന്റെ ചാനലിൽ പ്രദർശിപ്പിക്കൂ എന്ന് ഏതെങ്കിലും മാധ്യമ മേധാവി ശക്തമായ നിലപാട് കൈകൊണ്ടാൽ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ അയാളെ നേരിട്ട് ബന്ധപ്പെടും.

മാധ്യമങ്ങളെ നിരീക്ഷിക്കാൻ 200 അംഗ സംഘം: പ്രവർത്തന രീതികൾ വെളിപ്പെടുത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ

പ്രധാനമന്ത്രി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും വികസന വാഗ്ദാനങ്ങളും എങ്ങനെയാണ് ചാനലിൽ പ്രദര്‍ശിപ്പിക്കേണ്ടത് എന്ന നിർദേശങ്ങളടങ്ങിയ ഒരു ഫയൽ പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ചുകൊടുക്കുകയും ചെയ്യും.

വാസ്തവത്തിൽ വാർത്താ വിക്ഷേപണ മന്ത്രാലയത്തിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഒരു ഡസനോളം ഉദ്യോഗസ്ഥന്മാരാണ് പ്രധാനമന്ത്രിയുടെ വികസന ഗാഥകൾ സാധ്യമായ രീതിയിലൊക്കെ പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താനായി മാത്രം പ്രവർത്തിക്കുന്നത്. വാർത്താ വിക്ഷേപണ മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇവരൊക്കെയും പ്രവർത്തിക്കുന്നത്.

തങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറാകാത്ത ചാനലുകളെ വരുതിയിലാക്കാൻ അടുത്ത പടിയായി മോദി സർക്കാർ ചെയ്യുന്നത് സമ്പൂർണ്ണമായ ബഹിഷ്കരണമാണ്. ആദ്യ ഘട്ടത്തിൽ ഇത്തരം ചാനലുകൾ നടത്തുന്ന രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് ബി.ജെ.പി വക്താക്കൾക്ക് നിർദേശം ലഭിക്കും. അതിന്റെ തുടർച്ചയായി ബി.ജെ.പി മന്ത്രിമാർ ചാനലിന് ബൈറ്റും അഭിമുഖവും നൽകുന്നതും അവസാനിപ്പിക്കും. എ.ബി.പി ചാനലിനും ഇത്തരത്തിലുള്ള ഒരു ബഹിഷ്കരണമാണ് നേരിടേണ്ടിവന്നത്. ബി.ജെ.പിയുടെ മാതൃസംഘടനയായ ആർ.എസ്.എസ്സിന്റെ പ്രചാരകരും ചാനലിനെ ബഹിഷ്കരിച്ചു.

മിലിന്ദ് ഖണ്ഡേക്കർ
മിലിന്ദ് ഖണ്ഡേക്കർ

ബഹിഷ്കരണം കൊണ്ട് ചാനലിന്റെ ജനപ്രിയത കുറയുന്നില്ലെന്ന് കണ്ടാൽ പിന്നെ ചെയ്യുന്നത് നിരീക്ഷണ സംഘത്തിലെ ഉന്നതർ ചാനലിന് മുന്നറിയിപ്പ് നൽകുക എന്നതാണ്. മോദി സർക്കാരിന് അനുകൂലമായ വാർത്തകൾ നൽകാത്തതിന് അനന്തരഫലം അനുഭവിക്കാൻ തയ്യാറായിക്കോളൂ എന്ന മുന്നറിയിപ്പ്. തുടർന്ന് ചാനലിന്റെ സിഗ്നലിൽ പ്രശ്നങ്ങൾ കാണാൻ തുടങ്ങും. നിശ്ചിത പരിപാടി സംപ്രേക്ഷണം ചെയ്യുന്ന സമയത്തു സിഗ്നൽ തകരാർ കണ്ടുതുടങ്ങും. അതോടെ പ്രേക്ഷകർ മറ്റു ചാനലുകളിലേക്ക് മാറും.

ഇതിനൊപ്പം ചാനലിന് ലഭിക്കുന്ന പരസ്യങ്ങൾ പിൻവലിപ്പിക്കുകയും ചെയ്യും. ഇന്ത്യയിൽ മാധ്യമങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ് പരസ്യങ്ങളാണ്. പരസ്യങ്ങളിലൂടെയുള്ള വരുമാനം നിലച്ചുപോകുന്നതോടെ സ്ഥാപനത്തിന്റെ പ്രവർത്തനവും പ്രതിസന്ധിയിലാവും. അതോടുകൂടി സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ ചാനലുകൾ നിർബന്ധിതരാവും. സർക്കാരിനെ വിമർശിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകരെ നിർബന്ധിച്ചു രാജിവെപ്പിക്കുക എന്നതും ഇതിൽ പ്രധാനമാണ്. അവർ അവതരിപ്പിക്കുന്ന പരിപാടികൾ ചാനലിൽ പ്രദർശിപ്പിക്കപ്പെടാതിരിക്കാനും സമ്മർദ്ദം ചെലുത്തും.

ഇങ്ങനെ, വ്യവസ്ഥാപിതമായ ഈ രീതിയിൽ വാർത്താ ചാനലുകളെ വരുതിയിൽ നിർത്താൻ കഴിയുകയും അവർ സർക്കാരിന് അനുകൂലമായ ഉള്ളടക്കം മാത്രം ഉൾക്കൊള്ളിക്കാൻ സന്നദ്ധരാവുകയും ചെയ്താൽ പിന്നീട് ദ്രുതഗതിയിൽ മഞ്ഞുരുകും.ചാനലിന്റെ സാറ്റലൈറ്റ് സിഗ്‌നലുകൾ പുനഃസ്ഥാപിക്കപ്പെടും. പതഞ്ജലിയുടേതടക്കം കോടിക്കണക്കിന് രൂപയുടെ പരസ്യം കിട്ടിത്തുടങ്ങും. സാധാരണത്തേതിലും ഇരട്ടിയായിട്ടുതന്നെ. സർക്കാരിനെ വിമർശിച്ചാൽ നിങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് മറ്റു ചാനലുകൾക്ക് നൽകുന്ന വ്യക്തമായ മുന്നറിയിപ്പും കൂടിയാണ് ഈ സംഭവവികാസങ്ങളൊക്കെ.

സർക്കാരിനെ വിമർശിച്ചാൽ നിങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് മറ്റു ചാനലുകൾക്ക് നൽകുന്ന വ്യക്തമായ മുന്നറിയിപ്പും കൂടിയാണ് ഈ സംഭവവികാസങ്ങളൊക്കെ.

ഇത്തരത്തിൽ സമ്മർദ്ദം ചെലുത്തപ്പെട്ടപ്പോൾ തന്നെയാണ് എ.ബി.പി ചാനലിലെ വാർത്താസംവാദ പരിപാടി അവതരിപ്പിച്ചിരുന്ന പുണ്യ പ്രസൂൺ ബാജ്‌പേയിക്കും മിലിന്ദ് ഖണ്ഡേക്കർക്കും ചാനലിൽ നിന്ന് രാജി വെക്കേണ്ടി വന്നത്. അവർ രണ്ടു പേരും രാജി വെക്കുകയും അഭിഷാർ ശർമ്മ അവധിയിൽ പ്രവേശിക്കുകയും ചെയ്തതോടെ എ.ബി.പി ചാനലിന്റെ സിഗ്‌നൽ പുനഃസ്ഥാപിക്കപ്പെടുകയും പതഞ്ജലിയുടെ പരസ്യം മുന്നത്തേതിനേക്കാൾ ഇരട്ടി ലഭിക്കുകയും ചെയ്തു എന്നതും പ്രസ്താവ്യമാണ്.