LiveTV

Live

National

20 കിലോ സ്വര്‍ണം ധരിച്ച്, 21 ആഡംബര കാറുകളുടെ അകമ്പടിയില്‍ ഗോള്‍ഡന്‍ ബാബയുടെ കന്‍വാര്‍ യാത്ര

കഴിഞ്ഞ വര്‍ഷം 14.5 കിലോഗ്രാം ആഭരണങ്ങളാണ് അണിഞ്ഞതെങ്കില്‍ ഇത്തവണ 20 കിലോഗ്രാമായി.

20 കിലോ സ്വര്‍ണം ധരിച്ച്, 21 ആഡംബര കാറുകളുടെ അകമ്പടിയില്‍ ഗോള്‍ഡന്‍ ബാബയുടെ കന്‍വാര്‍ യാത്ര

20 കിലോഗ്രാം സ്വര്‍ണം ധരിച്ച് 21 ആഡംബര കാറുകളുടെ അകമ്പടിയോടെ ഗോള്‍ഡന്‍ ബാബ കന്‍വാര്‍ തീര്‍ഥയാത്ര തുടരുകയാണ്. 58കാരനായ ഗോള്‍ഡന്‍ ബാബയുടെ 200 കിലോമീറ്റര്‍ കന്‍വാര്‍ യാത്ര ഗാസിയാബാദിലെത്തി.

കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ അണിഞ്ഞ് മുന്‍വര്‍ഷങ്ങളിലും ഗോള്‍ഡന്‍ ബാബ എന്ന സുധീര്‍ മക്കാര്‍ കന്‍വാര്‍ യാത്ര നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 14.5 കിലോഗ്രാം ആഭരണങ്ങളാണ് അണിഞ്ഞതെങ്കില്‍ ഇത്തവണ 20 കിലോഗ്രാമായി. 25 മാലകളും 21 ലോക്കറ്റുകളും സ്വര്‍ണവാച്ചുമൊക്കെ അടങ്ങിയതാണ് ആഭരണങ്ങള്‍. ഈശ്വര കടാക്ഷം കൊണ്ടാണ് സ്വര്‍ണം വര്‍ധിച്ചതെന്നും ഈശ്വരാനുഗ്രമുണ്ടെങ്കില്‍ ഇനിയുള്ള വര്‍ഷങ്ങളിലും കന്‍വാര്‍ യാത്ര നടത്തുമെന്നും ഗോള്‍ഡന്‍ ബാബ പറഞ്ഞു.

25ആം കന്‍വാര്‍ യാത്രയാണ് ഇത്തവണത്തേത് എന്നാണ് ഗോള്‍ഡന്‍ ബാബയുടെ അവകാശവാദം. ഈ വര്‍ഷം ഒന്നര കോടി രൂപ ഈ യാത്രക്കായി ചെലവാക്കിയെന്ന് ഗോള്‍ഡ‍‍ന്‍ ബാബ പറഞ്ഞു. ആഡംബര കാറുകള്‍ കൂടാതെ ഡോക്ടര്‍മാരും ആംബുലന്‍സും ഒപ്പമുണ്ട്. എന്നാല്‍ തന്‍റെ ആദ്യ യാത്രയുടെ ചെലവ് വെറും 250 രൂപയായിരുന്നുവെന്നും ഗോള്‍ഡന്‍ ബാബ പറഞ്ഞു.

ആത്മീയപാതയിലെത്തുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ വസ്ത്രവ്യാപാരിയായിരുന്നു ഗോള്‍ഡന്‍ ബാബ. ചെറുപ്പത്തില്‍ പാതയോരങ്ങളില്‍ വസ്ത്രങ്ങള്‍ വിറ്റാണ് ഉപജീവനമാര്‍ഗം കണ്ടെത്തിയത്. ഇന്ന് 150 കോടി രൂപയാണ് ഗോള്‍ഡന്‍ ബാബയുടെ സമ്പാദ്യം.