LiveTV

Live

National

മോദിയെയും ബി.ജെ.പിയെയും വിമര്‍ശിക്കരുത്; എ.ബി.പി ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു

ചീഫ് എഡിറ്റര്‍ മിലിന്ദ് ഖണ്ടേക്കര്‍, മാസ്റ്റര്‍ സ്ട്രോക്ക് എന്ന പരിപാടിയുടെ അവതാരകന്‍ പുണ്യ പ്രസൂണ്‍ ബാജ്‌പെയ് എന്നിവരാണ് രാജിവെച്ചത്.

മോദിയെയും ബി.ജെ.പിയെയും വിമര്‍ശിക്കരുത്; എ.ബി.പി ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു

പ്രമുഖ ചാനലായ എ.ബി.പി ന്യൂസില്‍ നിന്നും രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. ചീഫ് എഡിറ്റര്‍ മിലിന്ദ് ഖണ്ടേക്കര്‍, മാസ്റ്റര്‍ സ്ട്രോക്ക് എന്ന പരിപാടിയുടെ അവതാരകന്‍ പുണ്യ പ്രസൂണ്‍ ബാജ്‌പെയ് എന്നിവരാണ് രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയതില്‍ മാനേജ്‌മെന്റില്‍ നിന്നും എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് ഇരുവരുടെയും രാജി.

കേന്ദ്ര സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികളെ കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിന്‍റെ ഭാഗമായി മോദി ഛത്തിസ്‍ഗഡിലെ ഒരു കര്‍ഷകയുമായി സംസാരിക്കുന്ന വീഡിയോ ജൂണ്‍ 20ന് പുറത്തുവന്നിരുന്നു. ഈ കൂടിക്കാഴ്ചയിലെ പൊള്ളത്തരം എ.ബി.പി ന്യൂസിലെ മാസ്റ്റര്‍ സ്ട്രോക്ക് എന്ന പരിപാടിയില്‍ തുറന്നുകാട്ടി. മോദി സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികളിലൂടെ തന്‍റെ വരുമാനം ഇരട്ടിയായെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ പറഞ്ഞതെന്ന സ്ത്രീയുടെ വെളിപ്പെടുത്തലാണ് ചാനല്‍ പുറത്തുവിട്ടത്.

ഇതോടെ ബി.ജെ.പിക്ക് എ.ബി.പി ന്യൂസ് ശത്രുപക്ഷത്തായി. മോദിയെ എതിര്‍ക്കുക എന്ന അജണ്ടയോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രിമാരായ രാജ്യവര്‍ദ്ധന്‍ റാത്തോഡും നിര്‍മല സീതാരാമനും ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചു. ബി.ജെ.പി നേതാക്കള്‍ ചാനല്‍ ബഹിഷ്കരിക്കാന്‍ തുടങ്ങി.

പിന്നാലെ എ.ബി.പി ന്യൂസ് പല സ്ഥലങ്ങളിലും പ്രേക്ഷകര്‍ക്ക് ലഭ്യമല്ലാതായി. ചാനല്‍ പലയിടങ്ങളിലും കിട്ടുന്നില്ലെന്നും വ്യക്തതയില്ലെന്നും പ്രേക്ഷകര്‍ പരാതിയുമായി രംഗത്തെത്തി‍. രാത്രി ഒമ്പത് മണിക്ക് മാസ്റ്റര്‍സ്‌ട്രോക്ക് പരിപാടി പോകുമ്പോഴാണ് കൂടുതലായും തടസ്സം നേരിട്ടതെന്നതും ശ്രദ്ധേയമാണ്.

മാധ്യമപ്രവര്‍ത്തകരുടെ രാജിയിലേക്ക് നയിച്ചത് ബി.ജെ.പിയുടെ ഇടപെടലാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വിമര്‍ശിച്ചു. 'ഓപറേഷന്‍ എ.ബി.എസ് ന്യൂസ് ചാനല്‍ താമര' നടത്തിയത് മോദിയും അമിത് ഷായും ചേര്‍ന്നാണെന്ന് സുര്‍ജേവാലയുടെ ട്വീറ്റ് ചെയ്തു.

മൂന്നാമത് ഒരാളെ ചാനലില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതായി സൂചനയുണ്ട്. ബി.ജെ.പിക്ക് എതിരെ വാര്‍ത്ത നല്‍കരുതെന്ന മാനേജ്‌മെന്റ് നിര്‍ദേശത്തെ എതിര്‍ത്ത അഭിസര്‍ ശര്‍മ്മയെ ചാനലില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.