LiveTV

Live

National

പൊതുതെരഞ്ഞെടുപ്പ്: പ്രതിപക്ഷ സഖ്യ നീക്കം സജീവം

മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് രണ്ട് ദിവസത്തെ ചര്‍ച്ചകളാണ് നടന്നത്. യു.പിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍‌ക്കാന്‍ ധാരണയായി

പൊതുതെരഞ്ഞെടുപ്പ്: പ്രതിപക്ഷ സഖ്യ നീക്കം സജീവം

പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രതിപക്ഷ സഖ്യ നീക്കം കൂടുതല്‍ സജീവമാകുന്നു. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് രണ്ട് ദിവസത്തെ ചര്‍ച്ചകളാണ് നടന്നത്. യു.പിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍‌ക്കാന്‍ ധാരണയായി.

ഗുജറാത്തിലെയും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെയും ഫലങ്ങള്‍ പ്രതിപക്ഷ ചേരിക്ക് ആത്മ‌വിശ്വാസം പകരുന്നതായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് തന്നെ മുന്‍കൈ എടുത്ത് സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചത്. പ്രാദേശിക പാര്‍ട്ടികള്‍ മുന്നില്‍ നിന്ന് നയിക്കുന്ന വിധം വിശാലസഖ്യം രൂപപ്പെടുകയാണെങ്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പദത്തിന് പോലും കടുംപിടുത്തമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി കഴിഞ്ഞു. രണ്ട് ദിവസം മുന്‍പ് അസമില്‍ പൌരത്വ രജിസ്റ്ററിന്‍റെ കരട് കൂടി പുറത്തിറങ്ങിയതോടെ സര്‍ക്കാരിനെതിരായ സംയുക്ത പ്രതിപക്ഷ നീക്കം കൂടുതല്‍ ശക്തമാകുകയാണ്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, എന്‍.സി.പി നേതാവ് ശരത് പവാര്‍, എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍, ശിവസേനയുടെ സഞ്‍ജയ് റാവത്ത് അടക്കമുള്ളവരെ കണ്ടിരുന്നു. നാളെ മുതല്‍ ആരംഭിക്കുന്ന സി.പി.എം പിബി യോഗവും രാജ്യത്തെ രാഷ്ട്രീയ സാഹചര്യവും സഖ്യസാധ്യതയും വിലയിരുത്തും.

അതിനിടെ വോട്ടിംഗ് മെഷീനെതിരായ നീക്കവും പ്രതിപക്ഷം ശക്തമാക്കുന്നുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ പഴയ ബാലറ്റ് സംവിധാനം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കം 17 പാര്‍ട്ടികള്‍ ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കും.