LiveTV

Live

National

അസം പൌരത്വ പട്ടികക്ക് പുറത്തുള്ളവര്‍ക്കും വോട്ട് ചെയ്യാം: തെരഞ്ഞെടുപ്പ് കമ്മീഷണര്‍

യോഗ്യരായ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകുമെന്നും ഒ.പി റാവത്ത് പറഞ്ഞു.

അസം പൌരത്വ പട്ടികക്ക് പുറത്തുള്ളവര്‍ക്കും വോട്ട് ചെയ്യാം: തെരഞ്ഞെടുപ്പ് കമ്മീഷണര്‍

അസം കരട് പൌരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് തെരഞ്ഞെടുപ്പ് രേഖകളിലുണ്ടെങ്കില്‍ വോട്ട് രേഖപ്പെടുത്താമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്. യോഗ്യരായ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകുമെന്നും ഒ.പി റാവത്ത് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അസമിലെ കേന്ദ്രനീക്കമെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം.

അസം കരട് പൌരത്വ പട്ടികക്ക് പുറത്ത് നിലവില്‍ 40 ലക്ഷം പേരാണുള്ളത്. സെപ്തംബര്‍ വരെ പരാതി ഉന്നയിക്കാനുള്ള സമയമുണ്ട്. അന്തിമ പട്ടിക പുറത്ത് വരാന്‍ കാലതാമസമുണ്ടാകും. ഈ സാചര്യത്തിലാണ് വോട്ടവകാശം സംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് രേഖകളുള്ളവര്‍ക്കെല്ലാം വോട്ട് രേഖപ്പെടുത്താമെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്തിന്റെ പ്രതികരണം. അന്തിമ പൊരത്വ പട്ടികക്കായി കാത്തുനില്‍ക്കില്ലെന്നും ജനുവരിയില്‍ വോട്ടേഴ്സ് പട്ടിക പുറത്ത് വിടുമെന്നും ഒ പി റാവത്ത് കൂട്ടിച്ചേര്‍ത്തു.

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടം ലക്ഷം വച്ചാണ് കേന്ദ്രം പൊരത്വ പട്ടികയുമായി മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ പൌരത്വ രജിസ്ട്രേഷന് ശ്രമിച്ചാല്‍ ആഭ്യന്തര യുദ്ധമുണ്ടാകുമെന്നും ഭിന്നിപ്പിച്ച് ഭരിക്കല്‍ കേന്ദ്രം അവസാനിപ്പിക്കണമെന്നും മമത ബാനര്‍ജിയും പ്രതികരിച്ചു. പരാതി ഉന്നയിക്കാന്‍ ആവശ്യമായ സമയം നല്‍കുമെന്നും പട്ടികക്ക് പുറത്തുള്ളവരുടെ കാര്യത്തില്‍ ഉടന്‍ നടപടി ഉണ്ടാകില്ലെന്നുമാണ് കേന്ദ്രം ആവര്‍ത്തിക്കുന്നത്.