LiveTV

Live

National

നാല്‍പത് ലക്ഷം പേരുടെ വേരറുത്ത കൈകള്‍?

മത-ഭാഷാ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ നിരന്തരം സാധൂകരിക്കുന്ന അസാമീസ് ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും സമീപനമാണ് ഇന്നത്തെ വിവാദമായ പൗരത്വ പട്ടിക സാധ്യമാക്കിയത്

 നാല്‍പത് ലക്ഷം പേരുടെ വേരറുത്ത കൈകള്‍?

1983 ഫെബ്രുവരി 18ന് മധ്യ അസമിലെ 14 ഗ്രാമങ്ങളിൽ ബംഗാളി മുസ്‍ലിംകൾക്കെതിരെ അരങ്ങേറിയ ആക്രമണങ്ങൾ ഒരു തുടക്കമായിരുന്നു. വെറും ആറ് മണിക്കൂറിനുള്ളിൽ മൂവായിരത്തോളം ജീവനുകൾ അപഹരിക്കപ്പെട്ടിട്ടും ‘നെല്ലി കൂട്ടക്കൊലപാതകം’ എന്നറിയപ്പെട്ട സംഭവത്തിൽ പ്രതിയായ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല. ‘അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ’ എന്ന വിശേഷണം അന്നും പിന്നീടും ആക്രമണങ്ങൾക്കുള്ള ന്യായീകരണമായി മാറി. 2014ൽ മനാസ് ദേശീയ പാർക്കിൽ വെച്ച് മൂന്ന് മാസമുള്ള കുഞ്ഞടക്കം 38 പേർ കൊല്ലപ്പെട്ട സംഭവമാണ് ഇക്കൂട്ടത്തിൽ ഏറ്റവും അവസാനം നടന്നത്.

മത-ഭാഷാ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ നിരന്തരം സാധൂകരിക്കുന്ന രീതിയിലുള്ള അസാമീസ് ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും സമീപനമാണ് ഇന്നത്തെ വിവാദമായ പൗരത്വ പട്ടിക സാധ്യമാക്കിയത്. ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ ഡൊണാൾഡ് ട്രംപിന്‍റെ കുടിയേറ്റ നയവുമായി ഇതിന് അസാധാരണമായ സമാനതകളുണ്ട്. ‘മിയാ’ക്കൾ എന്ന് അധിക്ഷേപപരമായി വിളിക്കുന്ന ബംഗ്ലാദേശി മുസ്‍ലിംകൾ തന്നെയാണ് ആസാമിൽ ഇപ്പോഴും ഇരയാക്കപ്പെടുന്നത്.

 നാല്‍പത് ലക്ഷം പേരുടെ വേരറുത്ത കൈകള്‍?
ഷഹീന്‍ അബ്ദുല്ല

1. തടങ്കിലടക്കുക

2015 സെപ്‌തംബറിലാണ് കമലാ ബീഗത്തെ ‘വിദേശി’ എന്ന് മുദ്ര കുത്തി ജയിലിലടച്ചത്. എന്നാൽ കമലയുടെ മരിച്ചു പോയ പിതാവും 80 വയസ്സിലേറെ പ്രായമുള്ള മാതാവും എട്ട് സഹോദരന്മാരും നിയമത്തിന്റെ മുന്നിൽ ഇന്ത്യക്കാരായിരുന്നു. അറസ്റ്റു ചെയ്തു കൊണ്ടുപോയതിനു ശേഷം രണ്ടു മാസത്തോളം കാലം ദിവസവേതനക്കാരിയായിരുന്ന കമല എവിടെയായിരുന്നു എന്നു പോലും കുടുംബാംഗങ്ങൾക്ക് അറിയില്ലായിരുന്നു. പിന്നീടാണ് അവർ കഴിഞ്ഞിരുന്ന ജയിൽ കണ്ടെത്താനായത്. നേരായ ഭക്ഷണം പോലും കിട്ടാതെ നരകയാതനയിൽ കഴിയുന്ന ഒരേയൊരു സഹോദരിയെ ഞെട്ടലോടെയാണ് ഇളയ സഹോദരൻ ഷഹാനൂർ കണ്ടുമുട്ടിയത്.

2012 ഫെബ്രുവരിയിലാണ് ‘വിദേശിയല്ല’ എന്നതിന് തെളിവുമായി ഹാജരാകാൻ മൂന്നാഴ്ച സമയം കൊടുത്തുകൊണ്ട് കമലാ ബീഗത്തിന് ബാർപേട്ടയിലെ ഫോറിൻ ട്രൈബ്യൂണലിൽ നിന്ന് കത്ത് വരുന്നത്. എന്തുകൊണ്ടാണ് അവരുടെ പൗരത്വം ചോദ്യം ചെയ്യപ്പെട്ടത് എന്ന് കത്തിൽ വിവരിച്ചിരുന്നില്ല. 1965ലെയും 1997ലെയും വോട്ടർ പട്ടികയിലെ പേരും അതിലെ പിതാവിന്റെ പേരും ചൂണ്ടിക്കാണിച്ചിട്ടും കമല 1997 മാർച്ച് 25നു ശേഷം ആസാമിലേക്ക് കടന്ന വിദേശിയായി മുദ്രകുത്തപ്പെട്ടു. ഇന്ത്യൻ പൗരത്വം ലഭിക്കാൻ യോഗ്യമാക്കുന്ന അവസാന തീയതിയായി ഓൾ ആസാം സ്റ്റുഡൻസ് യൂനിയനും കേന്ദ്ര-സംസ്ഥാന സർക്കാരുകളും യോജിപ്പിലെത്തിയ ദിവസമാണ് 1971 മാർച്ച് 25.

ഇന്ത്യൻ പൗരത്വം ലഭിക്കാൻ യോഗ്യമാക്കുന്ന അവസാന തീയതിയായി ഓൾ ആസാം സ്റ്റുഡൻസ് യൂനിയനും കേന്ദ്ര-സംസ്ഥാന സർക്കാരുകളും യോജിപ്പിലെത്തിയ ദിവസമാണ് 1971 മാർച്ച് 25.

കമലയുടെ മുത്തച്ഛന്‍റെ പേരിലെ ചെറിയ വൈരുദ്ധ്യങ്ങളാണ് ട്രൈബ്യൂണൽ തെളിവായി ചൂണ്ടിക്കാണിച്ചത്. വോട്ടർ പട്ടികയിലെ തെറ്റ് കമലയുടെ പിതാവ് ദാനി മിയാ തിരുത്താത്തതിലും ഇക്കാര്യത്തിൽ കമല മൗനം പാലിച്ചതിലും ട്രൈബ്യൂണൽ അസംതൃപ്തി അറിയിച്ചു. ദാനി മിയായുടെ പ്രായത്തിന്റെ കാര്യത്തിലും വൈരുധ്യം ചൂണ്ടിക്കാണിച്ചു. കമലയും കുടുംബവും നിരക്ഷരരായ ദരിദ്ര വിഭാഗക്കാരാണെന്ന കാര്യമോ ഇത്തരം വൈരുധ്യങ്ങൾ വോട്ടർ പട്ടികകളിൽ സാധാരണമാണെന്നോ ട്രൈബ്യൂണൽ പരിഗണനയിലെടുത്തില്ല. രണ്ടു പട്ടികകളിലും മേൽവിലാസങ്ങൾ ഒന്നായിരുന്നു എന്നും അവർ പരിഗണിച്ചില്ല.

ഷഹീന്‍ അബ്ദുല്ല
ഷഹീന്‍ അബ്ദുല്ല

2013 ജനുവരിയിൽ പുതിയ തെളിവുകളുമായി കമലയും കുടുംബവും ഗുവാഹത്തി കോടതിയെ സമീപിച്ചു. എന്നാൽ “പൗരത്വം പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങളെ ബാധിക്കുന്ന ഇത്തരം വലിയ വൈരുധ്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ” സാധിക്കില്ലെന്നായിരുന്നു ന്യായാധിപനായ ബി.കെ ശർമയുടെ പ്രതികരണം. 2015 ആഗസ്റ്റിൽ ഹരജി തള്ളിപ്പോയതിന് ശേഷം ഒരു മാസത്തിനുള്ളിൽ ബാർപേട്ടയിലെ എസ്.പി ഓഫീസിൽ പോയി ഹാജർ രേഖപ്പെടുത്താൻ കമലക്ക് വിളി വന്നു. ഒറ്റക്ക് പോയ കമല അപ്പോൾ തന്നെ അറസ്റ്റിലായി. “എന്തു തരം സർക്കാരാണിത്? അവർക്കും അമ്മമാരില്ലേ? കഷ്ടപ്പെട്ട് തൊഴിലെടുത്ത് ജീവിച്ചിരുന്ന എന്‍റെ മകളാണ്. ഇങ്ങനെ കൂട്ടിലിടുന്നതിനേക്കാൾ ഭേദം അവളെ അങ്ങ് കൊന്നുകളയുകയായിരുന്നു,” കമലയുടെ ഉമ്മ പറയുന്നു.

എന്തു തരം സർക്കാരാണിത്? അവർക്കും അമ്മമാരില്ലേ? കഷ്ടപ്പെട്ട് തൊഴിലെടുത്ത് ജീവിച്ചിരുന്ന എന്‍റെ മകളാണ്. ഇങ്ങനെ കൂട്ടിലിടുന്നതിനേക്കാൾ ഭേദം അവളെ അങ്ങ് കൊന്നുകളയുകയായിരുന്നു.

കമലയുടെ കൂടെ വിദേശിയാണെന്ന പേരിൽ കൊക്രാജർ തടവിൽ കഴിയുന്ന സോഫിയ ഖാത്തൂനും പ്രായം 50 പിന്നിട്ട സ്ത്രീയാണ്. 1998ൽ അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടെങ്കിലും 2016ലാണ് വിചാരണ ആരംഭിച്ചത്. അച്ഛന്‍റെയും മുത്തച്ഛന്‍റെയും പേരുകളിലുള്ള വൈവിധ്യമാണ് ഇവിടെയും വിനയായത്. സോഫിയയുടെ കുടുംബത്തിന് ഒരു വക്കീലിനെ വെക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നെങ്കിലും ഫോറിൻ ട്രൈബ്യൂണൽ കേസുകളിൽ പരിചയം കുറവായിരുന്ന ഒരാളെയായിരുന്നു കിട്ടിയത്. സോഫിയയുടെ ജനന തീയ്യതിയും ജന്മസ്ഥലവും കുടുംബാംഗങ്ങളുടെ പേരുമടക്കം പ്രാഥമിക വിവരങ്ങൾ പോലും കോടതിക്ക് മുന്നിൽ അഭിഭാഷകൻ സമർപ്പിച്ചില്ല. പരിചയസമ്പത്ത് കുറഞ്ഞ അഭിഭാഷകർ ജില്ലാതല കോടതികളിൽ സർവസാധാരണമാണ്. പ്രാഥമിക കാര്യങ്ങളിലുള്ള സോഫിയയുടെ ഈ “മൗനം” ട്രൈബ്യൂണലിനും പിന്നീട് കോടതിക്കും സംശയകരമായി തോന്നി. ഇവരുടെ കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

1997ൽ അനധികൃത വിദേശികളെ നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെ വോട്ടർ പട്ടികകൾ കർശന പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കമലയെയും സോഫിയയെയും പോലുള്ളവർ ‘ഡി ലിസ്റ്റ്’ ചെയ്യപ്പെട്ടത്. പൗരത്വം സംശയത്തിലായവരെയാണ് ‘ഡൗട്ട്ഫുൾ’ എന്നു കാണിക്കുന്ന ഡി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഈ പട്ടികയിലെ 60 ശതമാനത്തിലേറെ പേരും വിവാഹം കഴിഞ്ഞ സ്ത്രീകളാണ്. ചെറുപ്രായത്തിൽ വിവാഹം കഴിഞ്ഞ് നാട് മാറി പോകുന്ന നിരക്ഷരരായ സ്ത്രീകളുടെ കയ്യിൽ പലപ്പോഴും ജന്മനാടുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളുണ്ടാവില്ല. സ്വത്തുരേഖകളിലും പലപ്പോഴും അവരുടെ പേരുണ്ടാകാറില്ല. ആകെ കിട്ടുക ഗ്രാമത്തലവന്മാർ നൽകുന്ന സാക്ഷ്യപത്രങ്ങളാണ്. ഇത് ട്രൈബ്യൂണലും കോടതിയും അംഗീകരിക്കുകയുമില്ല.

എന്നാൽ വെള്ളം കയറി കൃഷിഭൂമികൾ മുങ്ങിപ്പോവുമ്പോൾ ഇവർ മാറിത്താമസിക്കാൻ നിർബന്ധിതരാവുന്നു. അങ്ങനെയാണ് ബംഗ്ലാദേശി മുസ്‍ലിംകൾ പെട്ടെന്ന് മറ്റു വിഭാഗക്കാരുടെ കണ്ണിൽ പെടുകയും ഒരു നുഴഞ്ഞുകയറ്റത്തിന്‍റെ പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത്

ജനസാന്ദ്രത കൂടിയ മേഖലകളിൽ നിന്ന് മാറി ബ്രഹ്മപുത്രയുടെയും പോഷകനദികളുടെയും തീരത്തുള്ള ‘ചാർ’ കൃഷിഭൂമികളിലാണ് ബംഗ്ലാദേശ് വേരുകളുള്ള പല മുസ്‍ലിംകളും ജീവിക്കുന്നത്. എന്നാൽ വെള്ളം കയറി കൃഷിഭൂമികൾ മുങ്ങിപ്പോവുമ്പോൾ ഇവർ മാറിത്താമസിക്കാൻ നിർബന്ധിതരാവുന്നു. അങ്ങനെയാണ് ബംഗ്ലാദേശി മുസ്‍ലിംകൾ പെട്ടെന്ന് മറ്റു വിഭാഗക്കാരുടെ കണ്ണിൽ പെടുകയും ഒരു നുഴഞ്ഞുകയറ്റത്തിന്‍റെ പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത്. ഇവർ ഏതെങ്കിലും വിധത്തിൽ പണം സമ്പാദിച്ച് നല്ല വീടുകൾ പണിയുന്നതു പോലും മറ്റു വിഭാഗക്കാർക്കിടയിൽ ആശങ്കകൾ സൃഷ്ടിക്കുകയും ഇവരെക്കുറിച്ച് പലരും അതിർത്തി പോലീസിന് പരാതി നൽകുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

ബംഗ്ലാദേശിനോട് അടുത്ത് നിൽക്കുന്ന തെക്കേ അസമിൽ നിന്ന് വരുന്ന പല മുസ്‍ലിംകളും കുറഞ്ഞ വേതനത്തിന് ഹിന്ദു വിഭാഗക്കാർക്ക് മേൽകൈയുള്ള വടക്കു ഭാഗങ്ങളിലെ കെട്ടിടനിർമ്മാണ മേഖലകളിൽ തൊഴിലെടുക്കുന്നവരാണ്. ചിലരുടെ മേൽവിലാസം പോലും നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളാണ്. 1997 മുതൽ ഏകദേശം 2.4 ലക്ഷത്തോളം പേർ ‘ഡി’ വോട്ടർമാരായി മുദ്രകുത്തപ്പെട്ടിട്ടുണ്ട്. ഇതിൽ 1.1 ലക്ഷം പേരുടെ കേസുകൾ ഇപ്പോഴും ട്രൈബ്യൂണുകളുടെ പരിഗണനയിലാണ്.

‘വിദേശികളെ’ ഇങ്ങനെ തടഞ്ഞുവെക്കുന്ന ആറ് കേന്ദ്രങ്ങൾ അസമിലുണ്ട്, ആയിരത്തോളം അന്തേവാസികളും. മോചിപ്പിക്കപ്പെടുമെന്ന് അവർക്ക് വലിയ പ്രതീക്ഷയില്ല. വിഷയം ബംഗ്ലാദേശുമായി ചർച്ച ചെയ്ത് തീർപ്പിലെത്തിക്കാൻ സുപ്രീം കോടതി 2014ൽ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല. പൗരത്വ പട്ടികയെ അസമിന്‍റെ ആഭ്യന്തര വിഷയമായാണ് ബംഗ്ലാദേശ് കാണുന്നത്.

വിദേശിയാണെന്ന പേരിൽ തടഞ്ഞു വെക്കുന്നവരുടെ സ്വന്തം രാജ്യത്തെ മേൽവിലാസം രേഖപ്പെടുത്തണമെന്ന നിയമം അതിർത്തി പോലീസ് പാലിക്കാത്തതും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. കൃത്യമായ മേൽവിലാസമില്ലാതെ ബംഗ്ലാദേശ് ആരെയും സ്വീകരിക്കില്ലെന്നും വ്യക്തമാണ്.

 നാല്‍പത് ലക്ഷം പേരുടെ വേരറുത്ത കൈകള്‍?
ഷഹീന്‍ അബ്ദുല്ല

2. തിരിച്ചറിയുക

സംസ്ഥാന സർക്കാരിന് സംശയകരമെന്ന് തോന്നുന്ന ആരെയും തടഞ്ഞുവെക്കാനുള്ള അധികാരം നൽകുന്ന 1946ലെ ഫോറിനേഴ്സ് ആക്ടും ആരെയും ‘വിദേശി’ എന്ന് മുദ്ര കുത്താൻ അധികാരമുള്ള ഫോറിൻ ട്രൈബ്യൂണൽസും അവരുടെ തീരുമാനങ്ങളെ ശരിവെക്കാൻ ഉത്സാഹം കാണിക്കുന്ന ഹൈകോടതിയും ഏതു പൗരനെയും ട്രൈബ്യൂണലിന്‍റെ പരിഗണനക്ക് വിടാൻ കെൽപുള്ള അതിർത്തി പൊലീസും ചേർന്ന് സൃഷ്ടിച്ച ഒരു ഭീകരമായ വലയുടെ ഭീതിയിലാണ് ആസാമിലെ മുസ്‍ലിംകൾ എക്കാലവും കഴിഞ്ഞിരുന്നത്. ഇതിനൊപ്പമാണ് 2005ൽ ഉയർന്നുവന്നതും 2015 മുതൽ നടപ്പിലാക്കപ്പെടുന്നതുമായ നാഷനൽ റെജിസ്റ്റർ ഓഫ് സിറ്റിസൺസ് എന്ന പൗരത്വ പട്ടിക കൂടി ചേരുന്നത്.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുക, രേഖകളിൽ നിന്ന് നീക്കം ചെയ്യുക, നാടുകടത്തുക എന്ന അവരുടെ അന്നത്തെ ആവശ്യങ്ങളുടെ യാഥാർത്ഥ്യവത്കരണമാണ് ഒരർത്ഥത്തിൽ ഇന്നത്തെ എൻ.ആർ.സി

1951ൽ ഇങ്ങനെ തയ്യാറാക്കപ്പെട്ട ആദ്യത്തെ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിട്ടും 1970ൽ ഗുവാഹത്തി ഹൈകോടതി അസാധുവാക്കുന്നത് വരെ പട്ടിക പല ആവശ്യങ്ങൾക്കുമായി ഉപയോഗിക്കപ്പെട്ടു. 1980ൽ ഓൾ അസം സ്റ്റുഡന്റ്സ് യൂനിയന് (എ.എ.എസ്.യു) കീഴിൽ പ്രക്ഷോഭങ്ങൾ അരങ്ങേറിയപ്പോൾ യൂനിയൻ പ്രസിഡന്‍റായ പ്രഫുല്ല കുമാര്‍ മഹന്ത പട്ടിക പുതുക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് വന്ന പ്രധാനമന്ത്രിമാർക്ക് കത്തെഴുതി. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുക, രേഖകളിൽ നിന്ന് നീക്കം ചെയ്യുക, നാടുകടത്തുക എന്ന അവരുടെ അന്നത്തെ ആവശ്യങ്ങളുടെ യാഥാർത്ഥ്യവത്കരണമാണ് ഒരർത്ഥത്തിൽ ഇന്നത്തെ എൻ.ആർ.സി.

2005ൽ യു.പി.എ സർക്കാരാണ് എൻ.ആർ.സി പുതുക്കുമെന്ന പ്രഖ്യാപനം നടത്തിയത്. 2012ൽ ബോഡോലാന്‍റ് മേഖലയിൽ ബോഡോകളും ബംഗ്ലാദേശ് വേരുകളുള്ള മുസ്‍ലിംകളും തമ്മില്‍ നടന്ന കലാപത്തെ എൽ.കെ അദ്വാനി “ഇന്ത്യക്കാരും അനധികൃത കുടിയേറ്റക്കാരും തമ്മിലുള്ള സംഘർഷം” എന്നാണ് വിശേഷിപ്പിച്ചത്. അന്ന് 70 ഓളം പേര്‍ കൊല്ലപ്പെടുകയും നാല് ലക്ഷത്തോളം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. ഇതിൽ ഏതാണ്ട് എല്ലാവരും മുസ്‍ലിംകളായിരുന്നു. എന്നിട്ടും സംസ്ഥാനത്തിന്‍റെ സുരക്ഷക്ക് വേണ്ടി അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണം എന്നാവശ്യപ്പെട്ട് പല ഹരജികളും അക്കാലത്ത് കോടതിയിൽ അവതരിപ്പിക്കപ്പെട്ടു.

അസമുകാരനായ രഞ്ജൻ ഗൊഗോയിയും റോഹിൻടൻ എഫ് നരിമാനും ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് 2014 ഡിസംബറിൽ എൻ.ആർ.സി പുതുക്കാൻ ഉത്തരവിട്ടു. ബംഗ്ലാദേശിൽ നിന്ന് വരുന്ന കുടിയേറ്റക്കാർ ആസാമിന്റെ തനതായ ജീവിതരീതി മാറ്റിമറിക്കുമെന്നും മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങൾ വൈകാതെ ബംഗ്ലാദേശുമായി ലയിക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്നുമടക്കം അസാമീസ് ദേശീയവാദികൾ കാലങ്ങളായി ഉന്നയിച്ചുവരുന്ന ന്യായങ്ങളാണ് ന്യായാധിപരും ഉപയോഗിച്ചത്. ബംഗ്ലാദേശിൽ ഭൂമി കുറവും ജനങ്ങൾ കൂടുതലുമാണെന്നും അതുകൊണ്ട് അസമിനെ തങ്ങളോട് ചേർക്കലാണ് അവരുടെ ഉദ്ദേശ്യമെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് നൽകിയ “താക്കീതി”ന്റെ പ്രതിധ്വനികളും അവിടെ കേൾക്കാമായിരുന്നു.

പുറത്തുനിന്ന് വന്നവരോടുള്ള ഭയം മുഴച്ചുനിൽക്കുന്ന ഒരു സമീപനമായിട്ട് കൂടി പട്ടിക പുതുക്കാനുള്ള നീക്കത്തെ സംസ്ഥാനത്തെ മുഴുവൻ വിഭാഗങ്ങളും സ്വീകരിച്ചു. നിരന്തരമായ സംശയത്തിനും പീഡനത്തിനും ഒരറുതി വരുമെന്ന പ്രതീക്ഷയാണ് മുസ്‍ലിം വിഭാഗങ്ങൾക്കുണ്ടായിരുന്നത്. 2015 ഒക്ടോബർ 31ഓടെ സംസ്ഥാനത്തിന്‍റെ 2,500 എൻ.ആർ.സി സേവാകേന്ദ്രങ്ങൾ വഴി 3.29 കോടി ആളുകൾ അപേക്ഷകളയച്ചു. സർക്കാർ ഉദ്യോഗസ്ഥരും കരാർ തൊഴിലാളികളും വിപ്രോ കമ്പനിയുടെ സോഫ്ട്‍വെയർ വിദഗ്ധരും ചേർന്ന് നടത്തിയ അവലോകന പ്രക്രിയയുടെ അവസാനം 2017 ഡിസംബറിൽ ആദ്യത്തെ പട്ടിക പുറത്തുവന്നു. അപേക്ഷിച്ചവരുടെ കൂട്ടത്തിൽ ഇന്ത്യക്കാരായി അംഗീകരിക്കപ്പെട്ടത് 1.9 കോടി ആളുകളാണ്- അതായത് 60 ശതമാനത്തിൽ താഴെ.

1955ലെ സിറ്റിസൺഷിപ്പ് ആക്ട്, 2003ലെ സിറ്റിസൺഷിപ്പ് (റജിസ്ട്രേഷൻ ഓഫ് സിറ്റിസൺസ് ആൻറ് ഇഷ്യൂ ഓഫ് നാഷനൽ ഐഡൻറിറ്റി കാർഡ്സ്) റൂൾസ്, 1951ലെ എൻ.ആർ.സി, 1971 വരെയുള്ള വോട്ടർ പട്ടികകൾ, അപേക്ഷകർ സമർപ്പിക്കുന്ന ബാങ്ക് സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ തുടങ്ങി പല നിയമങ്ങളും രേഖകളും കണക്കിലെടുത്തു കൊണ്ടുള്ള ബൃഹത്തായ ഒരു പ്രക്രിയയാണ് പൗരത്വ പട്ടിക തയ്യാറാക്കൽ. എന്നാൽ ഇവിടെയും പ്രശ്നങ്ങളുണ്ട്. 1965-66ലെയും 1970-71ലെയും പട്ടികകളൊഴികെ മറ്റൊരു വോട്ടർ പട്ടികയും പരസ്യമാക്കപ്പെട്ടിട്ടില്ല എന്നതാണ് ഒരു പ്രശ്നം.

വിവാഹിതരായ സ്ത്രീകൾ ജന്മസ്ഥലം തെളിയിക്കാൻ പലപ്പോഴും അവലംബിക്കുന്നത് ഗ്രാമത്തലവന്മാർ നൽകുന്ന രേഖകളെയാണ്.

വോട്ടർ പട്ടികകൾ പരിശോധിക്കാൻ ഉത്തരമാദിത്വം ഏൽപിക്കപ്പെട്ട ഉദ്യോഗസ്ഥരും ട്രൈബ്യൂണലുകളും അതിർത്തി പോലീസും വിവേചനപരമായ സമീപനമാണ് മുസ്‍ലിം വിഭാഗക്കാരോട് സ്വീകരിക്കുന്നത്. പട്ടിക നവീകരണ പ്രക്രിയയെക്കുറിച്ച് സാധാരണക്കാരന്റെ മനസ്സിൽ സംശയങ്ങൾ കയറിവരാൻ തുടങ്ങിയത് 2017ഓടു കൂടിയാണ്. വിവാഹിതരായ സ്ത്രീകൾ ജന്മസ്ഥലം തെളിയിക്കാൻ പലപ്പോഴും അവലംബിക്കുന്നത് ഗ്രാമത്തലവന്മാർ നൽകുന്ന രേഖകളെയാണ്. കൃത്യമായ പരിശോധനക്ക് ശേഷം ഈ രേഖകൾ സ്വീകരിക്കാമെന്ന് സുപ്രീംകോടതി വിധി പറഞ്ഞിട്ടും 2017 ഡിസംബറിൽ പരിശോധനകൾ ആരംഭിച്ചപ്പോൾ അധികൃതർ വേറെയും രേഖകൾ ആവശ്യപ്പെടാൻ തുടങ്ങി. “മറ്റു രേഖകൾ ഉണ്ടായിരുന്നെങ്കിൽ ഗ്രാമത്തലവന്റെ സാക്ഷ്യപത്രം അവർക്ക് ആവശ്യം വരില്ലായിരുന്നു” എന്ന് ചൂണ്ടിക്കാണിക്കുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന അബ്ദുൽ ബാത്തിൻ ഖണ്ഡ്ഖാറാണ്.

ഈ വർഷം മെയ് 2ന് അവസാന ഡ്രാഫ്റ്റ് പുറത്തിറങ്ങുന്നതിന് ഒരു മാസം മുൻപ് എൻ.ആർ.സിയുടെ സംസ്ഥാനതല കോർഡിനേറ്ററായ പ്രതീക് ഹജേല പുതിയ സർക്കുലർ ഇറക്കി. വിദേശികളെന്ന് പ്രഖ്യാപിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ട്രൈബ്യൂണലിന്റെ പരിശോധനക്കു ശേഷം മാത്രമേ പൗരത്വ പട്ടികയിൽ ചേർക്കൂ എന്നായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം. പട്ടിക പുറത്തിറങ്ങേണ്ട അവസാന ഘട്ടത്തിൽ, സുപ്രീം കോടതി അവധിയിൽ പ്രവേശിക്കുന്നതിന്റെ തൊട്ട് മുൻപ് ഇത്തരമൊരു സർക്കുലർ ഇറക്കിയതിലൂടെ മറു ഹരജികൾ ഒഴിവാക്കാനാണ് അധികൃതർ ശ്രമിച്ചതെന്ന് സംശയമുയർന്നിട്ടുണ്ട്. മെയ് 8ന് കോടതി എൻ.ആർ.സി വിഷയത്തിൽ വാദം കേട്ടിട്ടും സർക്കുലറിലെ ഉത്തരവിനെ പറ്റി ഹജേല ഒന്നും മിണ്ടിയില്ല എന്നും ആരോപണമുണ്ട്. അതിർത്തി പൊലീസ് നിർദ്ദേശിക്കുന്ന കേസുകളിൽ മാത്രമേ ഇങ്ങനെ സഹോദരങ്ങളെ ട്രൈബ്യൂണലിന് മുന്നിൽ ഹാജരാക്കൂ എന്ന് ഹജേല പിന്നീട് വ്യക്തമാക്കി.

53,056 പ്രഖ്യാപിത വിദേശികളാണ് ആസമിലുള്ളത്. അതായത് ഒരാൾക്ക് മൂന്ന് സഹോദരങ്ങളും അവർക്ക് ഒരു പങ്കാളിയും മൂന്ന് കുഞ്ഞുങ്ങളും എന്ന് കണക്കാക്കിയാൽ തന്നെ ഏകദേശം ആറ് ലക്ഷം പേരുടെ പൌരത്വമാണ് ഇങ്ങനെ അനിശ്ചിതത്വത്തിലാവുന്നത്. ഫോറിൻ ട്രൈബ്യൂണലുകളും എൻ.ആർ.സിയും പരസ്പരം കേസുകൾ നിർദ്ദേശിക്കാറുണ്ടെങ്കിലും രണ്ടിന്റെ അധികാരപരിധി എവിടെയാണെന്ന കാര്യത്തിൽ കൃത്യത കുറവാണ്. പൗരത്വത്തിന്റെ കാര്യത്തിൽ അവസാന വാക്ക് ആരുടേതാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.

3. തെറ്റിയ വഴികള്‍

അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൽ പഴയ എ.എ.എസ്.യു പ്രസിഡൻറാണ്. 2016ൽ സൊനോവാലിനു കീഴിലെ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം “അനധികൃത കുടിയേറ്റക്കാരെ” കൈകാര്യം ചെയ്യുന്നതിനാൽ ട്രൈബ്യൂണലുകൾ കൃത്യമായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ട്രൈബ്യൂണലുകളുടെ എണ്ണം 36ൽ നിന്ന് 100ലേക്ക് ഉയർന്നത് ഈ അടുത്ത കാലത്താണ്. വിരമിച്ച ന്യായാധിപരെ മാത്രമേ മുൻപ് ട്രൈബ്യൂണൽ അംഗങ്ങളായി നിയമിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ 10 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള അഭിഭാഷകരെയും അംഗങ്ങളാക്കാം. ഓരോ അംഗത്തിനും മാസം 85,000 രൂപയാണ് ശമ്പളം. ഇതിൽ തന്നെ ‘മോശം പ്രകടനം’ കാരണം പുറത്താക്കപ്പെട്ട അംഗങ്ങളുമുണ്ട്. കൂടുതൽ ആളുകളെ വിദേശികളായി പ്രഖ്യാപിക്കാത്തതാണ് തന്നെ പുറത്താക്കാൻ കാരണമെന്ന് ഒരു അംഗം പറയുന്നു. ഓരോ അംഗത്തിനു ഒരു മാസ ‘ടാർഗറ്റും’ പ്രകടനത്തിനസുരിച്ചുള്ള റേറ്റിംഗുമുണ്ടെന്നാണ് ഈ അംഗം ആരോപിക്കുന്നത്.

ഓരോ അംഗത്തിനും മാസം 85,000 രൂപയാണ് ശമ്പളം. ഇതിൽ തന്നെ ‘മോശം പ്രകടനം’ കാരണം പുറത്താക്കപ്പെട്ട അംഗങ്ങളുമുണ്ട്. കൂടുതൽ ആളുകളെ വിദേശികളായി പ്രഖ്യാപിക്കാത്തതാണ് തന്നെ പുറത്താക്കാൻ കാരണമെന്ന് ഒരു അംഗം പറയുന്നു.

പൗരത്വവുമായി ബന്ധപ്പെട്ട കേസുകളൊക്കെയും കേൾക്കുന്നത് ഒറ്റ ന്യായാധിപനാണെന്നാണ് ഇത്തരം കേസുകൾ വാദിക്കുന്ന അഭിഭാഷകർ പറയുന്നത്. നീതിപൂർവ്വമായ വിചാരണ കിട്ടില്ലെന്നറിയുന്നതു കൊണ്ടുതന്നെ ഇത്തരം കേസുകൾ ഏറ്റെടുക്കാൻ പലർക്കും മടിയാണ്. ട്രൈബ്യൂണലുകളാണ് നിയമത്തിന്റെ പരിധി നിശ്ചയിക്കുന്നത്. ഒരേ വ്യക്തിയെ അതിർത്തി പോലീസിന്റെ യൂനിറ്റുകൾ പല ട്രൈബ്യൂണലുകളിലേക്ക് അയച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അസമിലെ ഉദ്യോഗവൃത്തങ്ങളിലും സർക്കാർ പദവികളിലും ഇരിക്കുന്ന സവർണ ഹിന്ദുക്കളിൽ നല്ലൊരു ഭാഗം മുൻകാല വിദേശി-വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരാണ്. പലരും ത്രിപുരയെയാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. പുറത്തു നിന്നുള്ള ആളുകൾ വന്നതോടു കൂടി അവിടെയുള്ള ജനത ന്യൂനപക്ഷമായി എന്നത് അവരെ ആശങ്കപ്പെടുത്തുന്നു. അസംകാരനായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എൻ.ആർ.സി വിഷയം പരിഗണിക്കുന്ന ബെഞ്ചിൻറെ ഭാഗമായതിലെ ഔചിത്യവും ചിലർ ചോദ്യംചെയ്യുന്നുണ്ട്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ജനസംഖ്യ കുറച്ചുകൊണ്ട് തെരഞ്ഞെടുപ്പിലുള്ള അവരുടെ സ്വാധീനം കുറക്കാൻ എൻ.ആർ.സി ഉപയോഗപ്പെടുത്തുന്നു എന്നും ആരോപിക്കുന്നവരുണ്ട്.

2014 ഡിസംബര്‍ 31ന് മുൻപ് പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ന്യൂനപക്ഷങ്ങളെ ഫോറിനേഴ്സ് ആക്ടിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് 2015 സെപ്തംബറിൽ കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനം ബംഗ്ലാദേശ് വേരുകളുള്ള ഹിന്ദുക്കൾക്ക് ആശ്വാസം പകരുന്നുണ്ട്. സിറ്റിസൺഷിപ്പ് അമൻറ്മെൻറ് ബിൽ പാസാക്കുന്നതിലൂടെ തങ്ങളുടെ വോട്ട് ബാങ്കായ ബംഗാളി ഹിന്ദുക്കൾക്ക് പൗരത്വം നൽകാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് ബി.ജെ.പി സർക്കാർ. അനധികൃത കുടിയേറ്റക്കാരെന്ന് തിരിച്ചറിയപ്പെടുന്നവരിൽ നിന്ന് വോട്ടു ചെയ്യാനും ഭൂമി കൈവശം വെക്കാനും ക്ഷേമപദ്ധതികളുടെ ഭാഗമാകാനുമുള്ള അവകാശം ചീന്തിയെടുക്കുകയും തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽ 100 ശതമാനം സംവരണം ഏർപ്പെടുത്തുകയും ചെയ്യുക എന്നാണ് നല്ലൊരു വിഭാഗം ഹിന്ദു ദേശീയവാദികളും ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു.

അസമിലെ ഉദ്യോഗവൃത്തങ്ങളിലും സർക്കാർ പദവികളിലും ഇരിക്കുന്ന സവർണ ഹിന്ദുക്കളിൽ നല്ലൊരു ഭാഗം മുൻകാല വിദേശി-വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരാണ്. പലരും ത്രിപുരയെയാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

മുതിർന്ന എ.എ.എസ്.യു അംഗമായ ബസന്ത് ഡേക പറയുന്നു, “ജീവനുള്ള അവകാശമല്ലാതെ മറ്റൊരവകാശവും അവർക്കുണ്ടാവാൻ പാടില്ല.” ജൂൺ മാസത്തിൽ തന്റെ പെൺസുഹൃത്തിനു വേണ്ടി കാത്തിരിക്കുമ്പോൾ ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവിനോട് ആളുകൾ ചോദിച്ച ഒരു ചോദ്യം എൻ.ആർ.സിയിൽ പേരുണ്ടോ എന്നതായിരുന്നു എന്ന കാര്യം പല സത്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. 2018 മറ്റൊരു 1983 ആയി മാറുമോ എന്ന ഭയം മുസ്‍ലിംകളെയും വേട്ടയാടി തുടങ്ങിയിട്ടുണ്ട്.

കടപ്പാട്: ദി കാരവൻ