LiveTV

Live

National

അസം പൌരത്വ രജിസ്റ്റര്‍; അമിത് ഷായുടെ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

രാജീവ് ഗാന്ധിയെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഒരു തവണ സഭാനടപടികള്‍ നിര്‍ത്തിവെച്ചു

അസം പൌരത്വ രജിസ്റ്റര്‍; അമിത് ഷായുടെ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

അസം പൌരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചക്കിടെ കഴിഞ്ഞദിവസം‌ അമിത് ഷാ നടത്തിയ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. രാജീവ് ഗാന്ധിയെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഒരു തവണ സഭാനടപടികള്‍ നിര്‍ത്തിവെച്ചു. വിഷയം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.

പൌരത്വ രജിസ്ട്രേഷന്‍ രാജീവ് ഗാന്ധിയുടെ ആശയമാണെന്നും ഇത് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് ആര്‍ജവമില്ലായിരുന്നും അമിത്ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് രാജീവ് ഗാന്ധിയെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരാമര്‍ശത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തടസ്സപ്പെട്ട അമിത്ഷായുടെ പ്രസംഗം തുടരാന്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അനുമതി നല്‍കിയതോടെ ബഹളം ശക്തമായി. ഇതോടെ ഉച്ചയ്ക്ക് 12 മണി വരെ സഭാനടപടികള്‍ നിര്‍ത്തിവെച്ചു.

പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ചോദ്യോത്തര വേളക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നും ആഭ്യന്തരമന്ത്രി മറുപടി നല്‍കുമെന്നും നല്‍കുമെന്നും അധ്യക്ഷന്‍ വിശദീകരിച്ചു. സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ കാലവര്‍ഷക്കെടുതിയില്‍ കേരളത്തിലെ തീരപ്രദേശം ദുരിതത്തിലാണെന്ന് കെ.സി വേണുഗോപാല്‍ ശൂന്യവേളയില്‍ ലോക്സഭയെ അറിയിച്ചു. സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ യുപിഎ സര്‍ക്കാരും എന്‍ഡിഎ സര്‍ക്കാരും കേരളത്തെ വഞ്ചിച്ചെന്ന് എം.ബി രാജേഷ് എം.പിയും ലോക്സഭയെ അറിയിച്ചു.