LiveTV

Live

National

ആൾക്കൂട്ട കൊലപാതകങ്ങൾ; ബി.ജെ.പി ചെയ്യേണ്ട ആറ് കാര്യങ്ങള്‍

അക്രമാസക്ത ആൾക്കൂട്ടങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന് ഉദ്ദേശമുണ്ടെങ്കിൽ അതിന് സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ അഞ്ചു വഴികളാണ് താഴെ പറയുന്നത്.

ആൾക്കൂട്ട കൊലപാതകങ്ങൾ; ബി.ജെ.പി ചെയ്യേണ്ട ആറ് കാര്യങ്ങള്‍

രാജ്യത്ത് പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ വർദ്ധിക്കുകയും അതിനെതിരെ ജനരോഷമുയരുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തെ കുറിച്ച് പഠിക്കാൻ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആൾക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് തടയാനുള്ള നടപടികൾ കൈകൊള്ളാൻ സംസ്ഥാനങ്ങളോട് കർശനമായി നിർദേശിച്ചിട്ടുമുണ്ട് കേന്ദ്രം.

പക്ഷെ, ഈ നടപടികളെയൊക്കെ പൊതുജനം സംശയത്തോടെ വീക്ഷിക്കുന്ന രീതിയിലുള്ളതാണ് പശു സംരക്ഷണത്തെ ചൊല്ലിയുള്ള ആൾക്കൂട്ട കൊലപാതകങ്ങളോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനം. രാജ്യത്ത് പശു ഭീകരതയെ ഇല്ലാതാക്കാനും നിയമം കയ്യിലെടുക്കുന്ന അക്രമാസക്ത ആൾക്കൂട്ടങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന് ഉദ്ദേശമുണ്ടെങ്കിൽ അതിന് സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ അഞ്ചു വഴികളാണ് താഴെ പറയുന്നത്.

1. ആൾക്കൂട്ട കൊലപാതക കേസുകളിൽ കുറ്റാരോപിതരായവരെ പിന്തുണക്കുകയോ ഏതെങ്കിലും തരത്തിൽ അവരോട് സഹതാപം പ്രകടിപ്പിക്കുകയോ ചെയ്യുന്ന മന്ത്രിമാരെയും ജനപ്രതിനിധികളെയും നിലക്ക് നിർത്തുക.

ഇത്തരം സംഭവങ്ങൾ പലകുറി നടക്കുകയും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. പശു ഭീകരത ആരോപിക്കപ്പെട്ട വ്യക്തിയുടെ ശവമടക്കിൽ പങ്കെടുത്ത ഉത്തർപ്രദേശിലെ മന്ത്രിമാർക്കോ ജാർഖണ്ഡിൽ ആൾക്കൂട്ട കൊലപാതകത്തിൽ ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയ കുറ്റവാളികളെ മാലയണിയിച്ചു സ്വീകരിച്ചവർക്കോ അതിന്റെ പേരിൽ ഒരു നടപടിയും നേരിടേണ്ടി വന്നിട്ടില്ല. ഈ അവസ്ഥ ഉടനടി മാറേണ്ടതുണ്ട്. അവരെ സർക്കാരിൽ നിന്നും ആവശ്യമെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കണം.

2. പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളെ അപലപിക്കുന്നതിൽ വിമുഖത കാണിക്കാതിരിക്കുക. വ്യക്തമായ ഭാഷയിൽ തന്നെ അക്രമികളെ തള്ളിപ്പറയുക.

ഓരോ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ശേഷവും അതു സംബന്ധിയായ ചർച്ചകളെ വഴിതിരിച്ചു വിടുക എന്നത് ബിജെപി യുടെയും ആർ എസ് എസിന്റെയും പതിവ് രീതിയാണ്. ആക്രമണം എന്ന കാതലായ വിഷയത്തിൽ നിന്ന് മാറി പശുക്കടത്തു, പശുവിനെ കശാപ്പ് ചെയ്യൽ, പശു സ്നേഹം എന്നിത്യാദി വിഷയങ്ങളിൽ കിടന്ന് കറങ്ങും അവരുടെ ചർച്ചകളും പ്രസ്താവനകളുമൊക്കെ. ചിലയാളുകൾ ഇതിനെ മോദി സർക്കാരിനെതിരെയുള്ള ഒരു ഗൂഢാലോചനയായി പോലും ചിത്രീകരിക്കാറുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങൾ അപലപനീയം തന്നെ, പക്ഷെ... എന്ന ലൈനിലായിരിക്കും ചർച്ചകളുടെ പോക്ക്. ബോംബ് സ്ഫോടനം നടത്തുന്നത് തെറ്റ് തന്നെയാണ്, പക്ഷെ... എന്ന തീവ്രവാദികളുടെ നിലപാടിന് സമാനം തന്നെയാണിത്.

3. പശു സംരക്ഷണ സേനകളെ നിലക്ക് നിർത്തുക, ഇരകളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക.

ഒട്ടുമിക്ക പശു കൊലപാതക കേസുകളിൽ പോലീസ് പശു ഭീകരവാദികളുടെ ഏജന്റുകളെ പോലെയാണ് പെരുമാറുന്നത്. അടിച്ചുകൊല്ലപ്പെടുന്ന വ്യക്തി സംശയത്തോടു കുടി വീക്ഷിക്കപ്പെടുന്നു. പലപ്പോഴും ഇരകൾക്കെതിരെ ഒരു തെളിവിന്റെയും പിൻബലമില്ലാതെ കേസുകൾ റെജിസ്റ്റർ ചെയ്യുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇരകളെ പൊലീസ് മർദിക്കുന്ന സ്ഥിതിവിശേഷം പോലുമുണ്ടാകാറുണ്ട്.

ഇതിനൊരു അവസാനമുണ്ടാകണം. പശു ഭീകരർ വളരെ പരസ്യമായിട്ടാണ് ആക്രമണങ്ങൾ നടത്തുന്നതും അത് ചിത്രീകരിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പശു സംരക്ഷകർക്ക് അനധികൃത പശുക്കടത്തിനെ കുറിച്ച് വിവരങ്ങൾ കൈമാറണമെന്നുണ്ടെങ്കിൽ തന്നെ അത് നിയമപരമായ രീതിയിലായിരിക്കണം.

4. ആൾക്കൂട്ട കൊലപാതക കേസുകളിൽ കുറ്റാരോപിതരായവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് സർവ്വ സ്വാതന്ത്ര്യവും നൽകുക.

പശു ഭീകരരോട് യാതൊരു സഹിഷ്ണുതയും കാണിക്കേണ്ടതില്ലെന്നും സർക്കാർ ഒരിക്കലും അവരെ പിന്തുണക്കുന്നില്ലെന്നും പൊലീസിനെ അറിയിക്കുക.

5. രാജ്യത്ത് പശുക്കൾ അപകടത്തിലാണ് എന്ന പൊള്ളയായ വാദം പ്രചരിപ്പിക്കാതിരിക്കുക.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ അനധികൃത പശുക്കടത്തു വ്യാപകമാണെന്നും അതിനെതിരെ ശക്തമായ നടപടികൾ വേണമെന്നുമുള്ള ഒരു വിശ്വാസം ആളുകൾക്കിടയിൽ വ്യാപകമായിട്ടുണ്ട്. പശുവിനെ കശാപ്പ് ചെയ്യുന്നതും നിയമവിരുദ്ധമായ പശുക്കടത്തും ഒരു പ്രശ്നം തന്നെയാണ്. പക്ഷെ അതിന്റെ പേരിൽ ഭീതി പരത്തുന്നത് അപകടകരവും വാസ്തവവിരുദ്ധവുമാണ്. ഇത്തരം അനധികൃത കശാപ്പും കന്നുകാലി കടത്തും അധികരിച്ചിട്ടുണ്ടെന്നതിന് ഒരു തെളിവും ഹാജരാക്കാൻ ഒരു ഗവണ്മെന്റിനും കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. മറിച്ചു ലഭ്യമായ വിവരങ്ങളൊക്കെയും പശു അപകടത്തിലാണെന്ന വാദത്തെ നിരാകരിക്കുന്നുമുണ്ട്.

6. പശുക്കടത്തു, പശുവിനെ കശാപ്പു ചെയ്യൽ എന്നിവക്കൊക്കെ എതിരെ കൂടുതൽ നിയമനിർമ്മാണം നടത്തുകയും അതിന്റെ പേരിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുക.

ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങൾക്കും പശു കശാപ്പിനെതിരെ അര നൂറ്റാണ്ടോളം പഴക്കമുള്ള നിയമങ്ങളുണ്ട്. എന്നിട്ടും 2014 ന് ശേഷം ബിജെപി അധികാരത്തിലിരിക്കുന്ന പല സംസ്ഥാനങ്ങളും കേന്ദ്രം തന്നെയും കന്നുകാലി കടത്തിനും കശാപ്പിനുമെതിരെ ശക്തമായ നിയമങ്ങൾ കൊണ്ടുവന്നു. നിയമങ്ങളല്ല പ്രധാനം, അവ ശരിയായ രീതിയിൽ നടപ്പിലാക്കുന്നതാണ്. കൂടുതൽ നിയമങ്ങൾ ഉണ്ടാക്കും തോറും പശു അപകടത്തിലാണ് എന്ന അനാവശ്യ ഭീതിയും അതുണ്ടാക്കും. അത് കൊണ്ട് ഇന്ത്യയിലെ പശുക്കൾക്ക് ഒരു ഗുണവുമുണ്ടാവുകയില്ല താനും.

രാജ്യം തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുകയാണ്. പശു രാഷ്ട്രീയം അവസാനിപ്പിക്കണോ അതോ അതിൽ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കേണ്ടത് ബി.ജെ.പിയാണ്. പ്രതിച്ഛായ മെച്ചപ്പെടുത്തണം എന്നതാണ് ബി.ജെ.പിയുടെ തീരുമാനമെങ്കിൽ മുകളിൽ പറഞ്ഞ അഞ്ചു മാർഗ്ഗങ്ങളിൽ ഏതു കൊണ്ട് വേണമെങ്കിലും അവർക്ക് തുടങ്ങാവുന്നതാണ്.