LiveTV

Live

National

കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ഇന്നലെ തീര്‍ത്തും അബോധാവസ്ഥയിലായിരുന്ന കരുണാനിധി, ഇന്ന്, അതില്‍ നിന്നു മാറിയിട്ടുണ്ട്. നാഡിമിടിപ്പ് അടക്കമുള്ള കാര്യങ്ങള്‍ സാധാരണ നിലയിലായി. എം.കെ.സ്റ്റാലിന്‍ തന്നെ ഇക്കാര്യം അറിയിച്ചു

കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി. പനിയും അണുബാധയും കുറഞ്ഞെന്ന് മകനും ഡിഎംകെ വര്‍കിംഗ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ അറിയിച്ചു. വൈകിട്ടോടെ കാവേരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറങ്ങിയേക്കും. ആരോഗ്യവിവരം അന്വേഷിക്കാന്‍ നിരവധി പ്രമുഖര്‍ ഇന്നും ഗോപാലപുരത്തെ വസതിയിലെത്തി.

ഇന്നലെ തീര്‍ത്തും അബോധാവസ്ഥയിലായിരുന്ന കരുണാനിധി, ഇന്ന്, അതില്‍ നിന്നു മാറിയിട്ടുണ്ട്. നാഡിമിടിപ്പ് അടക്കമുള്ള കാര്യങ്ങള്‍ സാധാരണ നിലയിലായി. പ്രവര്‍ത്തകരുടെ ആശങ്കകള്‍ അകറ്റി കൊണ്ട് എം.കെ.സ്റ്റാലിന്‍ തന്നെ ഇക്കാര്യം അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം കൂടി, ഗോപാലപുരത്തെ വസതിയിലെത്തി. മക്കളായ കനിമൊഴി എം പി, അഴഗിരി എന്നിവരും എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ അടക്കമുള്ള പ്രമുഖരും വീട്ടിലെത്തി.

കരുണാനിധിയുടെ പാദം പിന്തുടരണമെന്നും നിരവധി പ്രതിസന്ധികളില്‍ നിന്നും തിരിച്ചു വന്ന ആളാണ് അദ്ദേഹമെന്നും സ്റ്റാലിന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, സോണിയഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയവരും ഫോണ്‍ വഴി, കരുണാനിധിയുടെ ആരോഗ്യം സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. ഇന്നലെ രാത്രി ഏഴുമണിയ്ക്കാണ് എം.കരുണാനിധിയുടെ ആരോഗ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച്, കാവേരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങിയത്.

വിവരമറിഞ്ഞ ഉടന്‍ തന്നെ ഗോപാലപുരത്തെ വസതിയിലേയ്ക്ക് പ്രവര്‍ത്തരുടെ ഒഴുക്കായിരുന്നു. എന്നാല്‍, രാത്രിയോടെ, പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വീട്ടിലേയ്ക്ക് വരേണ്ട സാഹചര്യമില്ലെന്നും സ്റ്റാലിനും മറ്റ് മുതിര്‍ന്ന നേതാക്കളും നിര്‍ദേശം നല്‍കി. ഇതോടെയാണ് പ്രവര്‍ത്തകരുടെ വരവ് നിന്നത്.