LiveTV

Live

National

ഭക്ഷണമില്ലാതെ 8 ദിവസം; ദൽഹിയിൽ സഹോദരിമാരായ 3 കുട്ടികൾ വിശന്നു മരിച്ചു

ചൊവ്വാഴ്ച്ച രാവിലെയാണ് എട്ടും നാലും രണ്ടും വയസുള്ള ‌അനക്കമറ്റ കുട്ടികളെയുമായി അമ്മ ആശുപത്രിയിലെത്തിയിരുന്നത്. എന്നാല്‍ എട്ട് ദിവസമായി പട്ടിണിയിലായിരുന്ന കുട്ടികള്‍ അപ്പോഴേക്കും മരിച്ചിരുന്നു.

ഭക്ഷണമില്ലാതെ 8 ദിവസം; ദൽഹിയിൽ സഹോദരിമാരായ 3 കുട്ടികൾ വിശന്നു മരിച്ചു

രാജ്യതലസ്ഥാനത്ത് സഹോദരങ്ങള്‍ പട്ടിണി മൂലം മരിച്ച സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ചൈല്‍ഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റിയോട് വിശദീകരണം തേടിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ചൊവ്വാഴ്ച്ച രാവിലെയാണ് എട്ടും നാലും രണ്ടും വയസുള്ള ‌അനക്കമറ്റ കുട്ടികളെയുമായി അമ്മ ആശുപത്രിയിലെത്തിയിരുന്നത്. എന്നാല്‍ എട്ട് ദിവസമായി പട്ടിണിയിലായിരുന്ന കുട്ടികള്‍ അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടികള്‍ക്ക് എന്ത് പറ്റിയെന്ന അധികൃതരുടെ ചോദ്യത്തിന് എനിക്ക് ഭക്ഷണം തരൂ എന്നായിരുന്നു അമ്മയുടെ മറുപടി. മരണകാരണം വിശപ്പാണെന്ന് രണ്ട് തവണ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായെന്ന് അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

ബംഗാളില്‍നിന്നുള്ള അഞ്ചംഗ കുടുംബം ശനിയാഴ്ചയാണ് നേരത്തേ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കിഴക്കന്‍ ഡല്‍ഹിയിലെ മന്‍ഡാവലിയില്‍ എത്തിയത്. കുട്ടികളുടെ പിതാവിന്റെ സുഹൃത്താണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നതെന്ന് അയല്‍ക്കാര്‍ അറിയിച്ചു. അവരെ ഇവിടെ എത്തിച്ചതിനു പിന്നാലെ റിക്ഷാ വലിക്കുന്ന പിതാവിനെ കാണാതായി. ഇയാള്‍ ജോലി അന്വേഷിച്ചു പോയതാണെന്നാണ് വിവരം. റിക്ഷ മോഷണം പോയതോടെയാണു കുടുംബം ജോലി അന്വേഷിച്ച് ഡല്‍ഹിയില്‍ എത്തിയത്. കുട്ടികളില്‍ രണ്ടുപേര്‍ക്ക് കുറച്ചുദിവസങ്ങളായി എന്തോ അസുഖം ഉണ്ടായിരുന്നുവെന്നും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍പ്പെടുത്തി മൂത്ത കുട്ടിക്ക് ആഹാരം ലഭിച്ചിട്ടും അസുഖം വന്നത് എങ്ങനെയെന്നതില്‍ വ്യക്തതയില്ല. കുടുംബം താമസിച്ചിരുന്ന മുറിയില്‍നിന്ന് വയറിളക്കത്തിനുള്ള മരുന്നുകുപ്പികള്‍ ഫൊറന്‍സിക് സംഘം കണ്ടെടുത്തു.

കുടുംബത്തിന് അടിയന്തര സഹായമായി 25000 രൂപ പ്രഖ്യാപിച്ചെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കുട്ടികളിൽ രണ്ടുപേർക്ക് കുറച്ചുദിവസങ്ങളായി ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇവരുടെ വീട്ടില്‍ നിന്നും വയറിളക്കത്തിനുള്ള മരുന്ന് കണ്ടെടുത്തു. മാനസിക പ്രശ്നങ്ങള്‍ ഉള്ളയാളാണ് കുട്ടികളുടെ അമ്മ. ഇവരുടെ ഭര്‍ത്താവിന് റിക്ഷ വലിക്കുന്ന ജോലിയായിരുന്നെന്നും ഇത് മോഷണം പോയതോടെ ഇയാള്‍ മറ്റൊരു ജോലിയന്വേഷിച്ച് പോയതാണെന്നുമാണ് റിപ്പോര്‍ട്ട്.

വിഷയത്തില്‍ എ.എ.പി സര്‍ക്കാരിന് എതിരെ ആരോപണങ്ങളുമായി ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്ത് എത്തി.