LiveTV

Live

National

പ്രതികാരമടങ്ങാതെ മോദി; വിദ്വേഷത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കരൺ ഥാപ്പർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഒരു അഭിമുഖം തനിക്കൊരിക്കലും മറക്കാൻ സാധിക്കുകയില്ലെന്ന് പറയുന്നു കരൺ ഥാപ്പർ

പ്രതികാരമടങ്ങാതെ മോദി; വിദ്വേഷത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കരൺ ഥാപ്പർ

എണ്ണപ്പെട്ട ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടത്തിൽ പ്രഗത്ഭനാണ് കരൺ ഥാപ്പർ. തന്റെ സുദീർഘമായ മാധ്യമ പ്രവർത്തന കാലഘട്ടത്തിൽ ആയിരക്കിണക്കിന് അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട് അദ്ദേഹം. കരൺ ഥാപ്പർ അഭിമുഖം നടത്തിയിട്ടുള്ളവരിൽ അന്താരാഷ്ട്രതലത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും സിനിമാ മേഖലയിലെയും വ്യാപാര രംഗത്തെയുമൊക്കെ പ്രമുഖ വ്യക്തിത്വങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. അവയിൽ പല അഭിമുഖങ്ങളും പല കാരണങ്ങളാൽ അദ്ദേഹത്തിന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഒരു അഭിമുഖം തനിക്കൊരിക്കലും മറക്കാൻ സാധിക്കുകയില്ലെന്ന് പറയുന്നു കരൺ ഥാപ്പർ. ആ ഒറ്റ അഭിമുഖം കൊണ്ട് നരേന്ദ്ര മോദിക്ക് തന്നോട് വിദ്വേഷമുണ്ടായി എന്നും പ്രധാനമന്ത്രിയായതിന് ശേഷം അതിന്റെ പ്രതികാരം അദ്ദേഹം തന്നോട് തീർത്തുകൊണ്ടിരിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് ഥാപ്പർ. ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച 'ഡെവിൾസ്‌ അഡ്വക്കേറ്റ്: ദി അൺടോൾഡ് സ്റ്റോറി' എന്ന തന്റെ പുസ്തകത്തിലാണ് കരൺ ഥാപ്പർ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തിന് ശേഷം നാല് വർഷങ്ങൾക്ക് ശേഷം 2007 ൽ അഹമ്മദാബാദിൽ വെച്ച് മോദിയുമായി നടത്തിയ ആ അഭിമുഖത്തിന്റെ വേളയിലും അതിന് മുമ്പും ശേഷവും എന്തൊക്കെ സംഭവിച്ചു എന്നതിനെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട് കരൺ ഥാപ്പർ.

2016 ന് മുമ്പ് ബി.ജെ.പിയുടെ മന്ത്രിമാരും വക്താക്കളുമൊക്കെ തന്റെ ടെലിവിഷൻ ചർച്ചകളിൽ സജീവമായി പങ്കെടുക്കാൻ തയ്യാറായിരുന്നു. അഭിമുഖത്തിന് വിളിക്കുമ്പോൾ അവരൊക്കെ സന്തോഷത്തോടെ സമയം അനുവദിക്കാറുമുണ്ട്. എന്നാൽ പിന്നീട് അവരൊക്കെ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറാൻ തുടങ്ങി. നിർമ്മല സീതാരാമനെ പോലുള്ളവർ അഭിമുഖത്തിന് ഡേറ്റ് തന്ന് അവസാന നിമിഷം യാതൊരു വിശദീകരണവും നൽകാതെ പിന്മാറുന്ന അവസ്ഥ വരെ ഉണ്ടായി. തന്റെ ചർച്ചയിൽ പങ്കെടുക്കാൻ ബി.ജെ.പി മന്ത്രിമാരും പ്രതിനിധികളുമൊക്കെ വിസമ്മതിക്കുന്നതിന്റെ കാരണമന്വേഷിച്ചു ബി.ജെ.പി വക്താവ് സംബിത് പത്രയെ വിളിച്ചപ്പോഴാണ് തന്റെ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് അവർക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്ന് താനറിയുന്നതെന്ന് ഥാപ്പർ പുസ്തകത്തിൽ പറയുന്നു.

"ഞാനവര്‍ക്ക് അസ്വീകാര്യനായ വ്യക്തിയാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് എന്റെ ടി.വി പ്രോഗ്രാമിലെ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ക്ഷണം ബി.ജെ.പി വക്താക്കള്‍ നിരസിക്കാന്‍ തുടങ്ങിയതോടെയാണ്. ആദ്യം ഞാന്‍ കരുതിയത് അവര്‍ക്ക് തിരക്കായതുകൊണ്ടാവുമെന്നാണ്. പക്ഷേ ഇത് ആവര്‍ത്തിച്ചപ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ഞാന്‍ സമ്പിത് പത്രയോടു ചോദിച്ചു.

പരിഭ്രമിച്ചതുപോലെ തോന്നുന്ന ഭാവത്തില്‍ വളരെ ശബ്ദം താഴ്ത്തി, മറുപടി പറഞ്ഞാല്‍ രഹസ്യമായി സൂക്ഷിക്കാന്‍ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ഉറപ്പു നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ ഷോയില്‍ പങ്കെടുക്കരുതെന്ന് എല്ലാ ബി.ജെ.പി വക്താക്കള്‍ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന്."

പ്രകാശ് ജാവദേക്കര്‍
പ്രകാശ് ജാവദേക്കര്‍

ചർച്ചകളിൽ പങ്കെടുക്കാനുള്ള തന്റെ ക്ഷണങ്ങൾക്ക് ബി.ജെ.പി മന്ത്രിമാരും നിഷേധാത്മകമായ മറുപടികളാണ് 2015 ശേഷം നൽകിയതെന്ന് കരൺ ഥാപ്പർ പറയുന്നു. അതു വരെ ടി.വി ചർച്ചകളിൽ ഉത്സാഹത്തോടെ പങ്കെടുക്കുകയും അഭിമുഖം നല്കാൻ തയ്യാറാവുകയും ചെയ്തിരുന്നവർ പിന്നീട് ഫോൺ കാളുകൾ അറ്റൻഡ് ചെയ്യാതായി. സന്ദേശങ്ങൾക്ക് മറുപടി അയക്കുകയോ പ്രതികരണങ്ങളറിയിക്കുകയോ ചെയ്യാൻ തയ്യാറാവുക പോലും ചെയ്തില്ല. പ്രകാശ് ജാവദേക്കർ മാത്രമാണ് ചർച്ചകൾക്ക് സന്നദ്ധനായത്. എന്നാൽ പിന്നീട് അദ്ദേഹത്തിനും മനം മാറ്റമുണ്ടായി. പ്രകാശ് ജാവദേക്കറെ മാത്രമാണ് എനിക്ക് പറഞ്ഞ് ബോധ്യപ്പെടുത്തി എന്റെ ഷോയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത്. പാര്‍ട്ടി വക്താക്കളും മന്ത്രിമാരായ സഹപ്രവര്‍ത്തകരും നോ പറയുന്നത് അല്ലെങ്കില്‍ മറുപടി തരാതിരിക്കുന്നത് ശീലമാക്കിയപ്പോഴും ജാവദേക്കര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തിനും മനംമാറ്റമുണ്ടായി. അദ്ദേഹത്തെ വിളിച്ചു ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു, "കരൺ, ഞങ്ങളുടെ പാർട്ടിക്ക് നിങ്ങളുമായിട്ട് എന്താണ് പ്രശ്നം. താങ്കൾക്ക് അഭിമുഖം നൽകരുതെന്ന് എനിക്ക് നിർദേശം കിട്ടിയിട്ടുണ്ട്".

കരൺ, ഞങ്ങളുടെ പാർട്ടിക്ക് നിങ്ങളുമായിട്ട് എന്താണ് പ്രശ്നം. താങ്കൾക്ക് അഭിമുഖം നൽകരുതെന്ന് എനിക്ക് നിർദേശം കിട്ടിയിട്ടുണ്ട്
പ്രകാശ് ജാവദേക്കര്‍

തനിക്ക് മുന്നിൽ ബി.ജെ.പി അനുഭാവികളായ രാഷ്ട്രീയ പ്രവർത്തകർ സകല വാതിലുകളും കൊട്ടിയടച്ചു എന്ന് ബോധ്യപ്പെട്ട കരൺ ഥാപ്പർ നിസ്സഹകരത്തിന്റെ കരണമെന്തെന്നന്വേഷിക്കാൻ ശ്രമം നടത്തി. പാർട്ടി അദ്ധ്യക്ഷനെ കണ്ട് പ്രശ്നം പരിഹരിക്കാൻ നോക്ക് എന്ന പ്രകാശ് ജാവദേക്കറുടെ ഉപദേശമനുസരിച്ചു തനിക്ക് കൂടുതൽ പരിചയമുള്ള അരുൺ ജെയ്‌റ്റിലിയെ ഫോണിൽ ബന്ധപ്പെട്ടു കരൺ ഥാപ്പർ. ധനമന്ത്രാലയത്തിൽ വെച്ച് കാണാമെന്നേറ്റ ജെയ്റ്റ്‌ലി പാർട്ടിക്ക് കരൺ ഥാപ്പറുമായി പ്രശ്നമൊന്നുമില്ലെന്നും താൻ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുകയാണെന്നും അവിടെ വെച്ച് അദ്ദേഹത്തോട് പറഞ്ഞു. പ്രശ്നമൊന്നുമുണ്ടായിരിക്കില്ലെന്ന് അദ്ദേഹവും വിചാരിച്ചു.

എന്നാൽ, മഞ്ഞുരുകുന്ന ലക്ഷണമൊന്നും കാണാതിരുന്ന കരൺ ഥാപ്പർ വീണ്ടും ജെയ്‌റ്റിലിയെ ഫോണിൽ ബന്ധപ്പെട്ടു. പക്ഷെ, ഇത്തവണ പ്രശ്നമുണ്ടെന്ന കാര്യം അദ്ദേഹം നിഷേധിച്ചില്ല. എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നാണ് ജെയ്‌റ്റിലി പറഞ്ഞത്.

"പക്ഷേ അരുണ്‍, പരിഹാരമുണ്ടാവുമെന്ന് പറഞ്ഞാൽ അതിനർത്ഥം എന്തോ പ്രശ്നം നില നിൽക്കുന്നു എന്ന് തന്നെയല്ലെ?" അരുണ്‍ ചിരിക്കുക മാത്രം ചെയ്തു.

പ്രശ്നം എന്താണെങ്കിലും അത് അരുണിന് പരിഹരിക്കാന്‍ പറ്റാത്തതാണെന്ന് എനിക്ക് ബോധ്യമായി. എന്നെ സഹായിക്കാന്‍ അവന് താല്‍പര്യമില്ലാഞ്ഞിട്ടല്ല, മറിച്ച് അതിന് കഴിയാത്തതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നാണ് എന്റെ വിശ്വാസം."

“പക്ഷേ അരുണ്‍, പരിഹാരമുണ്ടാവുമെന്ന് പറഞ്ഞാൽ അതിനർത്ഥം എന്തോ പ്രശ്നം നില നിൽക്കുന്നു എന്ന് തന്നെയല്ലെ?”അരുണ്‍ ചിരിക്കുക മാത്രം ചെയ്തു.

ബിജെപിക്ക് താനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന കാര്യത്തിൽ അവശേഷിച്ച സംശയം കരൺ ഥാപ്പറിന് തീർത്തുകൊടുത്തത് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് ആണ്. അഭിമുഖത്തിന് ക്ഷണിച്ചപ്പോൾ അദ്ദേഹം വരാൻ തയ്യാറായി. ജനുവരി 16 ന് അഭിമുഖത്തിന്റെ റെക്കോർഡിങ് കഴിഞ്ഞു നന്ദി പറഞ്ഞ കരൺ ഥാപ്പറിനോട് റാം മാധവ് പറഞ്ഞു. "നിങ്ങൾ എന്നോട് നന്ദി പറഞ്ഞേക്കാം. പക്ഷെ, എന്റെ പാർട്ടിക്കാർ ഒരിക്കലും പറയില്ല. ഞാൻ അഭിമുഖത്തിന് തയ്യാറാവരുതായിരുന്നു എന്നായിരിക്കും അവരുടെ നിലപാട്. പക്ഷെ, ആളുകളെ ബഹിഷ്കരിക്കുന്നത് ശരിയല്ല എന്നാണ് എന്റെ നിലപാട്."

അങ്ങനെ കരണ്‍ അമിത് ഷായെ ബന്ധപ്പെടാൻ തീരുമാനിച്ചു. ഒരുപാട് കത്തുകൾക്കും ഫോൺ വിളികൾക്കും ശേഷം 2017 ലെ ഹോളിയുടെ പിറ്റേ ദിവസം കാണാമെന്ന് അമിത് ഷാ സമ്മതിച്ചു. അക്ബർ റോഡിലെ തന്റെ വസതിയിൽ വെച്ച് നടന്ന ഹ്രസ്വമായ കൂടിക്കാഴ്ച്ചയിൽ തനിക്ക് പറയാനുള്ള കാര്യം വിശദമായി അമിത് ഷായോട് പറഞ്ഞു കരൺ ഥാപ്പർ.

"ഒരു വര്‍ഷത്തോളമായി ആദ്യം ബി.ജെ.പി വക്താക്കളും പിന്നീട് ബി.ജെ.പി മന്ത്രിമാരും എന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയാണെന്ന കാര്യം പറയാനാണ് ഞാന്‍ വന്നതെന്ന് പറഞ്ഞു. എന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് ചില സംഘടനകളുടെ വക്താക്കള്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും ചില മന്ത്രിമാരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു," ഥാപ്പർ പറയുന്നു.

താൻ വന്നത് പ്രശ്നമെന്താണെന്നറിയാനാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു പറയാൻ തയ്യാറാണെന്നും അദ്ദേഹം അമിത് ഷായോട് പറഞ്ഞു. കരൺ ഥാപ്പർ പറഞ്ഞത് നിശബ്ദം കേട്ടിരുന്ന അമിത് ഷാ ശാന്തനായി അദ്ദേഹത്തോട് മറുപടി പറഞ്ഞു

താൻ വന്നത് പ്രശ്നമെന്താണെന്നറിയാനാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു പറയാൻ തയ്യാറാണെന്നും അദ്ദേഹം അമിത് ഷായോട് പറഞ്ഞു. കരൺ ഥാപ്പർ പറഞ്ഞത് നിശബ്ദം കേട്ടിരുന്ന അമിത് ഷാ ശാന്തനായി അദ്ദേഹത്തോട് മറുപടി പറഞ്ഞു, "കരൺ ജി, താങ്കൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്. നിങ്ങളുമായി പാർട്ടിക്ക് പ്രശ്നമൊന്നുമില്ല. താങ്കളുടെ ഷോകൾ ബഹിഷ്കരിക്കാൻ മന്ത്രിമാർക്കോ നേതാക്കൾക്കോ യാതൊരു നിർദേശവും നൽകിയിട്ടില്ല."

അമിത് ഷാ
അമിത് ഷാ

വിഷയത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയതിന് ശേഷം 24 മണിക്കൂറിനകം അദ്ദേഹത്തെ ബന്ധപ്പെടാമെന്ന് കരൺ ഥാപ്പറിന് ഉറപ്പ് നൽകിയിരുന്നു അമിത് ഷാ. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുമെന്ന ആശ്വാസത്തോടെ അദ്ദേഹം അവിടെ നിന്നും മടങ്ങി. എന്നാൽ, നിരാശയായിരുന്നു ഫലം. അമിത് ഷാ പിന്നീടൊരിക്കലും ആ വിഷയവുമായി ബന്ധപ്പെട്ട് തന്നോട് സംസാരിച്ചിട്ടില്ലെന്ന് കരൺ ഥാപ്പർ പറയുന്നു. ആ കൂടിക്കാഴ്ചക്ക് ശേഷമുള്ള ആറാഴ്ച്ച നിരന്തരമായി അമിത് ഷായെ വിളിക്കുകയും കത്തുകളെഴുതുകയും ചെയ്തിട്ടും അമിത് ഷാ പ്രതികരിച്ചില്ല.

അമിത് ഷാക്കും വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായപ്പോഴാണ് തന്റെ സംശയം നരേന്ദ്ര മോദിയിലേക്ക് തിരിഞ്ഞതെന്ന് പറയുന്നു കരൺ ഥാപ്പർ. പക്ഷെ, മോദിക്ക് തന്നോട് ദേഷ്യം തോന്നാനുള്ള കാരണമെന്തെന്നതിനെക്കുറിച്ചു അദ്ദേഹത്തിന് കൃത്യമായ ധാരണ ഇല്ലായിരുന്നു. 2007 ൽ നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖമാണോ പ്രശ്നത്തിന് കാരണം എന്നദ്ദേഹം സംശയിച്ചു. വെറും മൂന്നു മിനിറ്റു മാത്രം നീണ്ടു നിന്ന ആ ഇന്റർവ്യൂവിന്റെ പേരിൽ മോദിക്ക് തന്നോട് വിദ്വേഷം തോന്നേണ്ട കാര്യമെന്താണ്, അതും വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു അഭിമുഖം. എന്നാൽ, പ്രശ്നങ്ങളുടെ മൂല കാരണം കിടക്കുന്നത് അതിനും പിന്നിലാണെന്ന് പിന്നീടാണ് തനിക്ക് ബോധ്യമായത് എന്നാണ് കരൺ ഥാപ്പറിന്റെ പക്ഷം. 2002 ലെ ഗോധ്ര സംഭവത്തിനും അതിന് ശേഷം നടന്ന മുസ്ലിം വംശഹത്യക്കും പിറകെ മാർച്ച് മാസത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് താനെഴുതിയ 'സൺ‌ഡേ സെന്റിമെന്റ്സ്' എന്ന കോളമാണ് അയാളെ അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് കരൺ ഥാപ്പർ ഉറപ്പിച്ചു.

അങ്ങനെയാണ് താൻ നരേന്ദ്ര മോദിയെ നേരിട്ട് കാണാമെന്ന് തീരുമാനിക്കുന്നത്, ഥാപ്പർ പറയുന്നു. "മോദിയോട് നേരിട്ട് സംസാരിക്കേണ്ട സമയം കഴിഞ്ഞെന്ന് എനിക്കു തോന്നി. ചിലപ്പോള്‍ സത്യസന്ധമായ ചര്‍ച്ച ഞങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കുമായിരിക്കും. അത് നടക്കാന്‍ സാധ്യതയില്ലെന്ന ചിന്ത ഉള്ളിലുണ്ടായിരുന്നെങ്കിലും ശ്രമിക്കുന്നത് നന്നാവുമെന്ന് എനിക്കു തോന്നി. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനേയും പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയേയും വിളിച്ചു."

"ഓഫീസിലേക്ക് അയച്ച സന്ദേശത്തോട് പ്രതികരിച്ചുകൊണ്ട് നൃപേന്ദ്ര മിശ്ര വിളിച്ചു. മന്ത്രിമാരും പാര്‍ട്ടിയും എന്തുകൊണ്ടാണ് എന്നെ ബഹിഷ്‌കരിക്കുന്നതെന്ന് അറിയുന്നതിനായി മോദിയെ കാണണമെന്ന് ഞാന്‍ പറഞ്ഞു. പ്രധാനമന്ത്രിയോട് ഞാനറിയാതെ എന്തെങ്കിലും തെറ്റു ചെയ്തെങ്കില്‍ മാപ്പു പറയുന്നതില്‍ സന്തോഷമേയുള്ളൂവെന്നും പറഞ്ഞു.

പക്ഷേ എന്താണ് പ്രശ്നമെന്ന് എനിക്കറിയണം. 2007ല്‍ ഞാന്‍ ചെയ്ത അഭിമുഖമാണ് കാരണമെന്ന് വിശ്വസിക്കാന്‍ എനിക്കു കഴിയുന്നില്ലെന്നും കാരണം അതുകഴിഞ്ഞ് പത്തു വര്‍ഷമായില്ലേയെന്നും ഞാന്‍ പറഞ്ഞു."

വെറും മൂന്നു മിനിറ്റു മാത്രം നീണ്ടു നിന്ന ആ ഇന്റർവ്യൂവിന്റെ പേരിൽ മോദിക്ക് തന്നോട് വിദ്വേഷം തോന്നേണ്ട കാര്യമെന്താണ്, അതും വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു അഭിമുഖം.

മോദിയുമായി സംസാരിച്ച ശേഷം നൃപേന്ദ്ര മിശ്ര നൽകിയ മറുപടി തന്റെ ധാരണയെ ബലപ്പെടുത്തുന്നതായിരുന്നു എന്നാണ് കരൺ ഥാപ്പർ പറയുന്നത്. നരേന്ദ്ര മോദിയെ കണ്ടത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും ഥാപ്പറിന് പ്രധാനമന്ത്രിയെ കുറിച്ച് ചില മുൻവിധികളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും നൃപേന്ദ്ര മിശ്ര കരൺ ഥാപ്പറിനെ അറിയിച്ചു. അതു കൊണ്ടായിരിക്കാം അമിത് ഷാ പിന്നീട് വിളിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയെ വേദനിപ്പിച്ചത് കൊണ്ടാണ് താൻ ബി.ജെ.പിക്ക് അനഭിമതനായതെന്ന് ബോധ്യമായതായി കരൺ ഥാപ്പർ പറയുന്നു. മോദിയെ മനസ്സിലാക്കിയെന്നാണ് താൻ ധരിച്ചു വെച്ചിരുന്നതെന്നും എന്നാൽ തന്റെ ധാരണ തെറ്റായിരുന്നെന്നും അദ്ദേഹം പറയുന്നു. മുമ്പ് ആർ.എസ്.എസ് സർസംഘചാലക് കെ.എസ് സുദർശൻ ജിയെ അഭിമുഖം നടത്തുന്നതിന് മുമ്പ് തനിക്ക് ഉപദേശം നൽകിയ നരേന്ദ്ര മോദിയല്ല ഗുജറാത്ത് കലാപകാലത്തെ നരേന്ദ്ര മോദി എന്നും അദ്ദേഹം പുസ്തകത്തിൽ പറയുന്നുണ്ട്. കലാപം കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോദി സ്വീകരിച്ച സമീപനം അദ്ദേഹത്തിന് വെറുപ്പിന്റെയും വംശീയ വിദ്വേഷത്തിന്റെയും പ്രതിച്ഛായയാണ് നൽകിയത്. സൈന്യത്തെ വിളിക്കാൻ വൈകിയതും ഓരോ പ്രവർത്തനത്തിനും പ്രതിപ്രവർത്തനമുണ്ടാകുമെന്ന ന്യായം പറഞ്ഞു കലാപത്തെ സാധൂകരിക്കാൻ ശ്രമിച്ചതും നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് കൂടുതൽ തിളക്കം നൽകുകയല്ല ചെയ്തത്. കലാപത്തിൽ കൊല്ലപ്പെട്ട മുസ്‍ലിംകൾക്ക് നൽകിയതിന്റെ ഇരട്ടിയിലധികം നഷ്ടപരിഹാരം ഗോധ്ര ഇരകൾക്ക് നൽകിയതിൽ തെറ്റൊന്നും കാണാതിരുന്നതിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്.

"ഇതുവഴിയെല്ലാം അദ്ദേഹം ധാര്‍മ്മികമായി വളര്‍ച്ചയെത്താത്ത ഒരാളാണെന്ന് സ്വയം വെളിവാക്കുകയാണ്. ഹിന്ദു ജീവന് മുസ്‍ലിം ജീവനെക്കാള്‍ വിലയുണ്ടെന്ന തരത്തില്‍ സംസാരിക്കുക, ക്രൂരമായ ഒരു കൂട്ടക്കൊലയ്ക്ക് വിശദീകരണം നല്‍കല്‍ സാധ്യമാണെന്ന സൂചനകള്‍ നല്‍കുക — ഇവയൊക്കെ വെറുപ്പുളവാക്കുന്നവ കൂടിയാണ്," ഥാപ്പർ പറയുന്നു.

താൻ ധരിച്ചുവെച്ചിരുന്ന മോദിയിൽ നിന്നും എത്രമാത്രം വ്യത്യസ്തനാണ് ഗുജറാത്ത് കലാപാനന്തര മോദിയെന്ന് മനസ്സിലാക്കിയതോടെ എന്ത് കൊണ്ടാണ് തന്റെ കോളം മോദിയെ ഇത്രത്തോളം ക്രുദ്ധനാക്കിയതെന്ന് പൂർണ്ണമായി ബോധ്യപ്പെട്ടു എന്നാണ് കരൺ ഥാപ്പർ പറയുന്നത്. എവിടെയാണോ വേദനിക്കുക, അവിടെത്തന്നെയാണ് താൻ ശക്തമായി പ്രഹരിച്ചത് എന്ന് പറയുന്നു അദ്ദേഹം.

2007 ലാണ് മോദിയുടെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിച്ച ആ വിവാദ അഭിമുഖം കരൺ ഥാപ്പർ നടത്തുന്നത്. 2002 ലെ ആ കോളം എഴുതിയതിനു ശേഷം വീണ്ടും അഞ്ചു വര്‍ഷം കഴിഞ്ഞിട്ട്, ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടാമതും മോദി മത്സരിക്കുന്ന സമയത്ത്. അഹമ്മദാബാദിൽ വെച്ചായിരുന്നു റെക്കോർഡിങ് നടത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങിയ തന്നെ മോദി ഫോണിൽ വിളിക്കുകയും അഭിമുഖത്തിന് ഒരു മണിക്കൂർ മുമ്പ് തന്നെ എത്തണമെന്നും നമുക്ക് സംസാരിച്ചിരിക്കാം എന്ന് പറയുകയും ചെയ്തതായാണ് ഥാപ്പർ പുസ്തകത്തിൽ പറയുന്നത്. മോദി തന്നെ ആതിഥ്യമര്യാദയോടെ സ്വീകരിച്ചുവെന്നും ഒരുപാട് സംസാരിക്കുകയും ചെയ്തു എന്നും അതിന് ശേഷമാണ് തങ്ങൾ അഭിമുഖം ചിത്രീകരിക്കാൻ വേണ്ടി കാമറകൾക്കു മുന്നിലിരുന്നതെന്നും അദ്ദേഹം പറയുന്നു.

2002 ലെ ഗോധ്ര സംഭവത്തെയും അതിന് ശേഷം നടന്ന മുസ്‍ലിം വംശഹത്യയെയും കുറിച്ച് ചോദിച്ചു കൊണ്ടാണ് കരൺ ഥാപ്പർ അഭിമുഖം തുടങ്ങിയത്. ആദ്യമേ ആ വിഷയത്തെ കുറിച്ച് സംസാരിച്ചതിന് ശേഷം മറ്റു വിഷയങ്ങളിലേക്ക് കടക്കാമല്ലോ എന്നും അതാണ് നരേന്ദ്ര മോദിയെ സംബന്ധിച്ച് നല്ലത് എന്നും കരുതിയാണ് താൻ അങ്ങനെ ചെയ്തത് എന്നാണ് അദ്ദേഹം പറയുന്നത്.

2002 ലെ ഗോധ്ര സംഭവത്തെയും അതിന് ശേഷം നടന്ന മുസ്‍ലിം വംശഹത്യയെയും കുറിച്ച് ചോദിച്ചു കൊണ്ടാണ് കരൺ ഥാപ്പർ അഭിമുഖം തുടങ്ങിയത്.

"മോദി, ആദ്യം തന്നെ നിങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങാം’ എന്നായിരുന്നു ഞാനാരംഭിച്ചത്. ‘താങ്കള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആറു വര്‍ഷങ്ങളില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഗുജറാത്തിനെ ഏറ്റവും മികച്ച ഭരണസംവിധാനങ്ങളുള്ള സംസ്ഥാനമായി തെരഞ്ഞെടുത്തിരുന്നു. ഇന്ത്യാ ടുഡേ രണ്ടു വട്ടമാണ് താങ്കളെ ഏറ്റവും കാര്യപ്രാപ്തിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

എന്നിട്ടുപോലും, ജനങ്ങള്‍ താങ്കളുടെ മുഖത്തിനു നേരെ നോക്കി കൊലയാളിയെന്നു വിളിക്കുകയാണ്. മുസ്‍ലിംകള്‍ക്കെതിരെ മുന്ധാകരണയോടെ പെരുമാറുന്നതിന് നിങ്ങളെ കുറ്റപ്പെടുത്തുകയാണ്. താങ്കള്‍ക്ക് പ്രതിച്ഛായയുടേതായ പ്രശ്നങ്ങളുണ്ടോ?"

ചോദ്യം കേട്ട് മോദിയുടെ മുഖത്തു യാതൊരു ഭാവമാറ്റവുമുണ്ടായില്ല. സംഭ്രമത്തിന്റെ ഒരടയാളവും കാണിക്കാതെ ഇംഗ്ലീഷിൽ തന്നെ മോദി മറുപടി പറഞ്ഞത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നാണ് കരൺ ഥാപ്പർ വിശദീകരിക്കുന്നത്. ജനങ്ങൾ തന്നെ കൊലയാളിയെന്ന് വിളിക്കുന്നു എന്ന വാദം തെറ്റാണെന്നും ഒന്നോ രണ്ടോ വ്യക്തികൾക്കു മാത്രമേ ആ അഭിപ്രായമുള്ളൂ എന്നുമാണ് നരേന്ദ്ര മോദി ആ ചോദ്യത്തിന് മറുപടി പറഞ്ഞത്.

"യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമായിരുന്നു. രണ്ടോ മൂന്നോ പേര്‍ മാത്രമായിരുന്നില്ല അദ്ദേഹത്തെപ്പറ്റി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ സുപ്രീം കോടതിയിലെ ജഡ്ജിമാര്‍, ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍, തുറന്ന കോടതിയില്‍ നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ഞാനദ്ദേഹത്തെ ഈ വിഷയത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാരംഭിച്ചു," ഥാപ്പർ പറയുന്നു.

"ഗുജറാത്ത് സര്‍ക്കാരില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായി സുപ്രീം കോടതി 2003 സെപ്തംബറില്‍ പറഞ്ഞത് ഞാന്‍ ചൂണ്ടിക്കാണിക്കട്ടെ. നിസ്സഹായരായ കുട്ടികളും നിഷ്‌കളങ്കരായ സ്ത്രീകളും കത്തിയെരിയുമ്പോള്‍ മറ്റു ഭാഗങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന അഭിനവ നീറോയാണ് താങ്കള്‍ എന്നു പറഞ്ഞതും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ്. അതും തുറന്ന കോടതിയില്‍, 2004-ല്‍. സുപ്രീം കോടതിക്ക് താങ്കളുമായി എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു," അദ്ദേഹം മോദിയോട് വീണ്ടും ചോദിച്ചു.

ഈ ചോദ്യത്തിനുള്ള മറുപടിയായി മോദി കരൺ ഥാപ്പറിനോട് സുപ്രീം കോടതിയുടെ വിധിന്യായം വായിക്കാനും അതിൽ അങ്ങനെ ഒരു വാക്കുണ്ടെങ്കിൽ മറുപടി പറയാൻ തനിക്ക് സന്തോഷമേയുള്ളൂവെന്നും പറഞ്ഞു. കോടതിയുടെ വിധിന്യായത്തിലില്ലെങ്കിലും തുറന്ന കോടതിയിൽ വെച്ച് ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർ പറഞ്ഞതാണെന്നും അത് പരിഗണിക്കേണ്ടതില്ല എന്നാണോ താങ്കൾ പറയുന്നത് എന്നും കരൺ ഥാപ്പർ വീണ്ടും മോദിയോട് ചോദിച്ചു. അതിനും അദ്ദേഹം വിധിന്യായം നോക്കി അതിൽ അങ്ങനെയൊരു വാചകമുണ്ടെങ്കിൽ മറുപടി നൽകാം എന്നു തന്നെയാണ് പ്രതികരിച്ചത്.

"ചീഫ് ജസ്റ്റിസ് നടത്തിയ ഒരു തുറന്ന പ്രസ്താവന മാത്രമായിരുന്നില്ല അത്. 4600 കേസുകളില്‍ 2100 എണ്ണവും സുപ്രീം കോടതി 2004 ആഗസ്തില്‍ പുനരന്വേഷണത്തിനായി പരിഗണിച്ചിരുന്നു. നാല്പതു ശതമാനത്തിലേറെ വരുമത്. മോദിയുടെ ഗുജറാത്തില്‍ നീതി നടപ്പായില്ലെന്ന് കോടതി വിശ്വസിച്ചതിനാലാണത്," കരൺ ഥാപ്പർ വീണ്ടും ചോദിച്ചു.

പ്രതികാരമടങ്ങാതെ മോദി; വിദ്വേഷത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കരൺ ഥാപ്പർ

"കോടതി വിധിയില്‍ ഞാന്‍ സന്തോഷവാനാണ്. ആത്യന്തികമായി, കോടതി തന്നെയാണ് തീരുമാനങ്ങളെടുക്കുക," ഇതായിരുന്നു ആ ചോദ്യത്തിനുള്ള നരേന്ദ്ര മോദിയുടെ മറുപടി. എന്നാൽ, തിരഞ്ഞെടുപ്പ് നേരിടാനിരിക്കുന്ന ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം തൃപ്തികരമല്ലാത്ത ഒരു മറുപടിയായിരുന്നു അത്. "വിമര്‍ശമുണ്ടായിരിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ പക്ഷത്തു നിന്നുമാണ്. അത് വാക്കാലായാലും രേഖാമൂലമായാലും ഒരേപോലെ ഗൗരവതരമാണ്. ഈ വിമര്‍ശനം എല്ലാ ദിനപത്രങ്ങളും ആദ്യ പേജില്‍ തന്നെ വലിയ വാര്‍ത്തയായി കൊടുത്തിട്ടുള്ളതുമാണ്. രണ്ടാമതൊരു പൊതു തെരഞ്ഞെടുപ്പു നേരിടാനൊരുങ്ങവേ മോദി അഭിമുഖീകരിക്കുന്ന പ്രതിച്ഛായാ പ്രതിസന്ധിയുടെ കേന്ദ്രവുമിതാണ്.

ഈ യാഥാര്‍ഥ്യത്തെ കുറച്ചു കാണിക്കാന്‍ ഒരുതരത്തിലുള്ള വാഗ്ധോരണിക്കും സാധ്യമല്ല. ഇക്കാര്യമാണ് ഞാനദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നത്," ഥാപ്പർ പറയുന്നു.

2002 ലെ മുസ്‍ലിം വംശഹത്യയിൽ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്ത് താങ്കളുടെ പ്രതിച്ഛായ നന്നാക്കാൻ ശ്രമിച്ചു കൂടെ എന്ന് കരൺ ഥാപ്പർ മോദിയോട് ചോദിച്ചു. എന്നാൽ, അതൊക്കെ താൻ അന്നേ പറഞ്ഞിട്ടുണ്ടെന്നും വേണമെങ്കിൽ തന്റെ പ്രസ്താവനകൾ പരിശോധിച്ചോളൂ എന്നും മോദി മറുപടി പറഞ്ഞു. അന്ന് പറഞ്ഞത് ഒന്ന് കൂടി ആവർത്തിച്ചുകൂടെ എന്ന ചോദ്യം നരേന്ദ്ര മോദിയെ പ്രകോപിതനാക്കി. വെള്ളമാവശ്യപ്പെട്ട അദ്ദേഹം മൈക്രോഫോൺ ഊരിയെടുക്കുകയും തനിക്ക് അഭിമുഖം പൂർത്തീകരിക്കാൻ കഴിയുകയില്ലെന്ന് പറയുകയും ചെയ്തു. മോദിയെ അനുനയിപ്പിക്കാനുള്ള കരൺ ഥാപ്പറിന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. അതോടെ മൂന്നു മിനുറ്റ് മാത്രം നീണ്ടുനിന്ന ആ അഭിമുഖം അവിടെ അവസാനിച്ചു.

പ്രതികാരമടങ്ങാതെ മോദി; വിദ്വേഷത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കരൺ ഥാപ്പർ

എന്നാൽ, അഭിമുഖത്തിന് ശേഷം താൻ വീണ്ടും ഒരു മണിക്കൂറോളം മോദിയുടെ ഒപ്പം ചിലവഴിച്ചു എന്നും ആ സമയത്തൊക്കെ അദ്ദേഹം തന്നോട് സൗഹാർദപരമായിട്ടാണ് പെരുമാറിയതെന്നും ചായയും മീട്ടയും ഗുജറാത്തി ഡോക്ലയും നൽകി സൽക്കരിച്ചു എന്നും ഥാപ്പർ പറയുന്നു. മാത്രവുമല്ല, അഭിമുഖം അവസാനിപ്പിക്കുന്ന സമയത്തു പറഞ്ഞ 'ദോസ്തി ബനെ രഹോ' എന്ന വാക്ക് മോദി ആവർത്തിച്ചു പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അഭിമുഖം വീണ്ടും റെക്കോർഡ് ചെയ്യാൻ വേണ്ടി കരൺ ഥാപ്പർ മോദിയെ പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം ഒരു നിലക്കും വഴങ്ങാൻ തയ്യാറല്ലായിരുന്നു. മൂന്നു മിനുറ്റ് മാത്രമുള്ള അഭിമുഖം ചാനൽ ഒരു ന്യൂസ് സ്റ്റോറി ആയി പരിഗണിക്കുമെന്നും എല്ലാ ബുള്ളറ്റിനിലും അത് സംപ്രേക്ഷണം ചെയ്യുമെന്നും അത് മോദിക്ക് ക്ഷീണമുണ്ടാക്കുമെന്ന് പറഞ്ഞിട്ടും അദ്ദേഹം തയ്യാറായില്ല.

ഒടുവിൽ താൻ പ്രവചിച്ചതു പോലെതന്നെ കാര്യങ്ങൾ സംഭവിച്ചു എന്ന് കരൺ ഥാപ്പർ പറയുന്നു. മോദിയുടെ അഭിമുഖം ഒരു ബ്രേക്കിങ് ന്യൂസ് ആയി സംപ്രേക്ഷണം ചെയ്ത സി.എൻ.എൻ - ഐ.ബി.എൻ ചാനൽ മോദി അഭിമുഖം പൂർത്തിയാക്കാതെ ഇറങ്ങിപ്പോവുന്നത് തുടർച്ചയായി കാണിച്ചു. കോണ്‍ഗ്രസ്സ് അതിനെ മുതലെടുക്കുകയും ചെയ്തതോടെ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രതിച്ഛായക്ക് ശക്തമായ മങ്ങലേൽപ്പിച്ചു ആ അഭിമുഖം. ഒരു ഞായറാഴ്ചയാണ് അഭിമുഖം സംപ്രേക്ഷണം ചെയ്തത്. തിങ്കളാഴ്ച നരേന്ദ്ര മോദി കരൺ ഥാപ്പറെ ഫോണിൽ വിളിച്ചു ശക്തമായ പ്രധിഷേധം അറിയിച്ചു. താൻ പറഞ്ഞത് പോലെ തന്നെയല്ലേ കാര്യങ്ങൾ സംഭവിച്ചത് എന്ന് കരൺ ഥാപ്പർ മോദിയെ ഓർമ്മിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "കരൺ ബ്രദർ, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. ഞാൻ ഡൽഹിയിൽ വരുമ്പോൾ നമുക്കൊരുമിച്ചു ഭക്ഷണം കഴിക്കണം."

എന്നാൽ അതിന് ശേഷം നരേന്ദ്ര മോദി ഒരിക്കലും തന്നെ വിളിക്കുക പോലും ചെയ്തിട്ടില്ലെന്നാണ് കരൺ ഥാപ്പർ പുസ്തകത്തിൽ എഴുതുന്നത്. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന് വിദൂരമായ ഒരു സാധ്യത പോലുമില്ലെന്നും അദ്ദേഹം പറയുന്നു. അഭിമുഖത്തിന് ശേഷം ബി.ജെ.പിയുമായുള്ള തന്റെ ബന്ധത്തിന് പക്ഷെ ഒരു കുറവും വന്നിരുന്നില്ലെന്നാണ് കരൺ ഥാപ്പർ പറയുന്നത്. മാത്രമല്ല, ഈ സംഭവത്തെ കുറിച്ച് അദ്ദേഹം ബി.ജെ.പി നേതാക്കൾക്ക് വളരെ ആസ്വദിച്ചു പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. മോദി പ്രധാനമന്ത്രി ആയതിനു ശേഷമുള്ള ആദ്യത്തെ പതിനെട്ടു മാസങ്ങളോളം ഇത് തന്നെയായിരുന്നു അവസ്ഥ.

പക്ഷെ, 2016 മുതലാണ് കാര്യങ്ങൾ മാറിത്തുടങ്ങിയതും ബി.ജെ.പിക്ക് താൻ അനഭിമതനായതുമെന്നാണ് കരൺ ഥാപ്പർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്. എന്നാൽ, അതിന്റെ മൂല കാരണം ആ അഭിമുഖമായിരുന്നു എന്നതിനുള്ള തെളിവ് അദ്ദേഹത്തിന് നൽകിയത് നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവര്‍ത്തകനുമായ പവന്‍ വർമ്മയാണ്. 2017 ഒക്ടോബര്‍ 18 നായിരുന്നു അത്. "നൃപേന്ദ്ര മിശ്ര നല്കിയ സൂചനകളെ ബലപ്പെടുത്തുന്നതായിരുന്നു പവന്റെ വാക്കുകള്‍. തീര്‍ത്തും അലോസരപ്പെടുത്തുന്നതായിരുന്നു അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍. “എന്റെ ഓഫീസിലിരുന്ന് അവിടെ വച്ചിട്ടുള്ള ഫോട്ടോകളിലൂടെ കണ്ണോടിക്കുകയായിരുന്നു പവന്‍. അതിനിടയ്ക്കാണ് മോദിയുടെ ഒരു ചിത്രം അദ്ദേഹം ശ്രദ്ധിക്കുന്നത്. ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുള്ള മുന്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു അത് വച്ചിരുന്നത്. അന്നത്തെ അഭിമുഖത്തില്‍ നിന്നുമുള്ള ഒരു ദൃശ്യം ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്നും എടുത്തതായിരുന്നു ആ ചിത്രം. സംഭാഷണത്തിനിടെ മോദി മൈക്ക് എടുത്തുമാറ്റാനാരംഭിച്ച ആ നിമിഷത്തെ ദൃശ്യമായിരുന്നു അത്. ‘എനിക്ക് ഈ അഭിമുഖം തുടരാനാകില്ല’ എന്ന സി.എന്‍.എന്‍ - ഐ.ബി.എന്‍. അടിക്കുറിപ്പും സ്‌ക്രീനില്‍ വ്യക്തമായി കാണാം'" ഥാപ്പർ പറയുന്നു.

പ്രശാന്ത് കിഷോര്‍
പ്രശാന്ത് കിഷോര്‍

2014 ലെ തിരഞ്ഞെടുപ്പിന് വേണ്ടി മോദിയെ തയ്യാറാക്കുന്ന സമയത്തു ഈ അഭിമുഖം അദ്ദേഹത്തെ മുപ്പത് തവണ ആവർത്തിച്ചു കാണിച്ചു എന്നാണ് പ്രശാന്ത് കിഷോർ തന്നോട് പറഞ്ഞത് എന്നാണ് പവൻ കുമാർ കരൺ ഥാപ്പറിനോട് പറഞ്ഞത്. അസ്വസ്തജനകമായ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്ന് അവർ മോദിയെ പഠിപ്പിച്ചത് ഈ അഭിമുഖം ഉപയോഗിച്ചാണ്. പ്രശാന്ത് കിഷോറുമായുള്ള സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പവൻ കുമാർ പങ്ക് വെച്ചപ്പോൾ താൻ ആശ്ചര്യപ്പെട്ടു പോയെന്നാണ് കരൺ ഥാപ്പർ പറയുന്നത്. അന്ന് ആ അഭിമുഖത്തിന് ശേഷം മോദി അദ്ദേഹത്തെ സല്‍ക്കരിച്ചതും ഒരു മണിക്കൂറോളം ഇരുത്തി സംസാരിപ്പിച്ചതും മനപ്പൂർവ്വമായിരുന്നു എന്നും, അഭിമുഖം അവസാനിപ്പിച്ചത് കൊണ്ട് കരൺ ഥാപ്പറിന് തന്നോട് അനിഷ്ടം തോന്നരുതെന്ന് കരുതിയുമാണ് എന്ന് പ്രശാന്ത് കിഷോർ പറഞ്ഞതായി പവൻ അദ്ദേഹത്തോട് പറഞ്ഞു.

അതിന് ശേഷം പവൻ പറഞ്ഞ കാര്യമാണ് തന്നോടുള്ള ബി.ജെ.പിയുടെ അനിഷ്ടത്തിന് കാരണം മോദിയാണെന്ന തന്റെ ധാരണ കരൺ ഥാപ്പർ ഉറപ്പിച്ചത്. "നിങ്ങള്‍ക്ക് ഒരിക്കലും മാപ്പു നല്‍കില്ലെന്ന് മോദി പ്രശാന്തിനോടു പറഞ്ഞിരുന്നു. സാഹചര്യം ലഭിക്കുമ്പോള്‍ പ്രതികാരം ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നത്രേ. ഇക്കാര്യം പ്രശാന്ത് എന്നോട് രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്," അദ്ദേഹം പറഞ്ഞതായി കരൺ ഥാപ്പർ വെളിപ്പെടുത്തുന്നു.

"പവനെ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. യാഥാര്‍ഥ്യത്തില്‍ വെള്ളം ചേര്‍ത്തത് കൊണ്ടോ എന്നെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടോ അദ്ദേഹത്തിന് ഒന്നും ലഭിക്കാനില്ല. മാത്രമല്ല, 2016-ന്റെ ആദ്യ ഘട്ടങ്ങള്‍ മുതല്‍ എന്നോട് ബി.ജെ.പി പെരുമാറിയ രീതികളെ ഈ പ്രസ്താവന വിശദീകരിക്കുന്നുണ്ടു താനും," കരൺ ഥാപ്പർ ഉറപ്പിച്ചു പറയുന്നു. മോദി വിലക്കിയത് കൊണ്ടാകണം ബി.ജെ.പി മന്ത്രിമാരും നേതാക്കളും തന്റെ ചർച്ചകളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതെന്നു തന്നെയാണ് താൻ വിശ്വസിക്കുന്നത് എന്നാണ് കരൺ ഥാപ്പർ പുസ്തകത്തിൽ പറയുന്നത്.

കടപ്പാട്; ദ വയര്‍