LiveTV

Live

National

‘തരൂരിന് പാകിസ്ഥാനില്‍ കാമുകി; അവിടം അദ്ദേഹത്തിന് കൂടുതൽ സുഖപ്രദമായേക്കാം’ ശശി തരൂരിനെതിരെ സുബ്രഹ്മണ്യസ്വാമി

‘തരൂരിന് പാകിസ്ഥാനില്‍ കാമുകി; അവിടം അദ്ദേഹത്തിന് കൂടുതൽ സുഖപ്രദമായേക്കാം’ ശശി തരൂരിനെതിരെ സുബ്രഹ്മണ്യസ്വാമി

2019ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഒരു 'ഹിന്ദു പാകിസ്ഥാന്‍' ആയി മാറുമെന്ന ശശി തരൂരിന്റെ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രസ്താവനയെ തുടര്‍ന്നുണ്ടായ വാദപ്രതിവാദങ്ങള്‍ നിലക്കുന്നില്ല. ഇതോടെ തരൂരിനോട് പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളാനായിരുന്നു ബിജെപിയുടെ ആക്രോശം. ഇതിനു പിന്നാലെ പുതിയ വിവാദവുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി. ശശി തരൂരിന്റെ കാമുകി പാകിസ്ഥാനില്‍ ഉണ്ടെന്നും അവിടെ നില്‍ക്കുന്നതാവും തരൂരിന് കൂടുതല്‍ സുഖകരമാവുക എന്നും സുബ്രഹ്മണ്യ സ്വാമി ആരോപിച്ചു.

തന്നോട് പാകിസ്ഥാനിലേക്ക് പോകാനുള്ള ബിജെപിയുടെ താക്കീതിനോട് ശക്തമായ ഭാഷയിലായിരുന്നു തരൂരിന്റെ പ്രതികരണം. "ഞാൻ അവരെപ്പോലെ ഒരു ഹിന്ദുവല്ലെന്ന് തീരുമാനിക്കാനുള്ള അവകാശം ആരാണ് അവര്‍ക്ക് നൽകിയിരിക്കുന്നത്? ഈ രാജ്യത്ത് താമസിക്കാൻ എനിക്ക് അവകാശമില്ലേ? ബിജെപി ഹിന്ദുയിസത്തിൽ താലിബാൻ ആരംഭിച്ചോ?" തരൂര്‍ തിരിച്ചടിച്ചു. ഇതിന് മറുപടിയായാണ് സുബ്രഹ്മണ്യ സ്വാമിയുടെ പുതിയ ആരോപണം.

''താലിബാൻ ആണ് തരൂരിനെ പാകിസ്ഥാനിലേക്ക് ചെല്ലാന്‍ നിർബന്ധിക്കുന്നത്. ഞങ്ങളല്ല. ഞങ്ങൾ അദ്ദേഹത്തിന് ഒരു നിർദ്ദേശം മാത്രമാണ് നൽകുന്നത്. പാകിസ്ഥാനില്‍ തരൂരിന്റെ കാമുകിയുണ്ട്. അവിടം അദ്ദേഹത്തിന് കൂടുതൽ സുഖപ്രദമായേക്കാം." സുബ്രഹ്മണ്യ സ്വാമി പറഞ്ഞു.

ഹിന്ദുവെന്ന് അവകാശപ്പെടുന്ന ഒരാൾ തന്റെ ഹിന്ദുവായ ഭാര്യ, സുനന്ദ പുഷ്കറിനെ ദുരൂഹ സാഹചര്യത്തിൽ ഒരു ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയിട്ടും എന്താണ് ചെയ്തതെന്നും സുബ്രഹ്മണ്യ സ്വാമി ചോദിച്ചു. ഒരിക്കലും തരൂര്‍ ഭാര്യക്ക് വേണ്ടി നിലകൊണ്ടില്ലെന്നും സ്വാമി കുറ്റപ്പെടുത്തി.