LiveTV

Live

National

ശശി തരൂരിന്‍റെ ഓഫീസിന് നേരെയുണ്ടായ ആക്രമണം; ലോക്സഭയില്‍ ഭരണ- പ്രതിപക്ഷ വാഗ്വാദം

ശശി തരൂരിന്‍റെ ഓഫീസിന് നേരെയുണ്ടായ ആക്രമണം; ലോക്സഭയില്‍ ഭരണ- പ്രതിപക്ഷ വാഗ്വാദം

ശശി തരൂരിന്‍റെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ ലോക്സഭയില്‍ ഭരണ പ്രതിപക്ഷ വാഗ്വാദം. തന്‍റെ ഓഫീസിന് നേരെ നടന്ന ആക്രമണം രാജ്യത്തിന്‍റെ ബഹുസ്വരതക്ക് നേരെ ഭരിക്കുന്ന പാര്‍ട്ടി നടത്തിയ ആക്രമണമാണെന്ന് ശശിതരൂര്‍ എംപി പറഞ്ഞു. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഭീകരത നിലനില്‍ക്കുന്നുവെന്നായിരുന്നു പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാറിന്‍റെ പ്രതികരണം.

ലോക്സഭയിലെ ശൂന്യവേളയിലായിരുന്നു തിരുവനന്തപുരത്തെ ഓഫീസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ശശി തരൂര്‍ എടുത്തിട്ടത്. ഭിന്നാഭിപ്രായം പറയുന്നവര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം രാജ്യത്തിന്‍റെ ബഹുസ്വരതക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു.

''ആള്‍ക്കൂട്ട ആക്രമണവും ആള്‍ക്കൂട്ട കൊലപാതകവും നടത്തുന്നവര്‍ ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങളെയാണ് ആക്രമിക്കുന്നത്. ആരെയും ഉപദ്രവിക്കാതെയോ കൊല്ലാതെയോ എതിര്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വം. ഇതിന് സമാനമായ ആക്രമണമാണ് സ്വാമി അഗ്നിവേശിന് നേരിടേണ്ടി വന്നത്. ജനാധിപത്യവ്യവസ്ഥയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനും തെമ്മാടിത്തത്തിനും കൂട്ടു നില്‍ക്കരുത്.'' അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പ്രധാനമന്ത്രി മൌനം വെടിയണമെന്നും ദേശദ്രോഹ നടപടികള്‍ക്ക് എതിരെ പ്രതികരിക്കണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഭീകരത നിലനില്‍ക്കുന്നുവെന്നായിരുന്നു പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാര്‍ തരൂരിന് നല്‍കിയ മറുപടി.

ഇതോടെ മന്ത്രിക്ക് എതിരെ പ്രതിഷേധവുമായി ഇടതുപക്ഷവും കോണ്‍ഗ്രസും രംഗത്ത് എത്തി. സര്‍ക്കാര്‍ ഇന്‍റലിജന്‍റസ് സംവിധാനം ഉപയോഗിച്ച് കുറ്റക്കാര്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ ക്രമസമാധാന ചുമതല സംസ്ഥാനത്തിന്‍റേതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

തര്‍ക്കം രൂക്ഷമായതോടെ വിഷയത്തില്‍ ഇടപെട്ട ലോക്സഭാ ഉപാധ്യക്ഷന്‍ തമ്പിദുരൈ ശശി തരൂരിന്‍റെ ഓഫീസിന് എതിരായ ആക്രമണത്തില്‍ സഭ ഒന്നടങ്കം ഉത്കണ്ഠ രേഖപ്പെടുത്തുന്നതായി പറഞ്ഞു.