LiveTV

Live

National

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

പ്രാദേശിക പാര്‍ട്ടികള്‍ക്കായി ഉപാധ്യക്ഷ സ്ഥാനം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന സൂചന നേരത്തെ കോണ്‍ഗ്രസ് നേതൃത്വം നല്കിയിരുന്നു. എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക്...

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്. വിവിധ വിഷയങ്ങള്‍ക്കൊപ്പം രാജ്യസഭാ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതും യോഗത്തില്‍ ഉയര്‍ന്നുവരും. അതിനിടെ രാജ്യസഭയിലെ ഒഴിവുള്ള നാല് സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ നോമിനികളെ പ്രഖ്യാപിച്ച സര്‍ക്കാര്‍, നില ഭദ്രമാക്കാനുള്ള നീക്കം ശക്തമാക്കി.

നിര്‍ണായകമായ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് എന്‍ഡിഎ ഇതര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. പ്രാദേശിക പാര്‍ട്ടികള്‍ക്കായി ഉപാധ്യക്ഷ സ്ഥാനം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന സൂചന നേരത്തെ കോണ്‍ഗ്രസ് നേതൃത്വം നല്കിയിരുന്നു. ഇന്ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യം ഉയര്‍ന്നു വരും.

എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ മുന്‍നിരയില്‍ ഉള്ളത്. നിലവില്‍ ഇടതുപക്ഷം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാജ്യസഭയില്‍ ആകെ 117 അംഗങ്ങളാണുള്ളത്. ഉപാധ്യക്ഷനെ വിജയിപ്പിച്ചെടുക്കാന്‍ 123 സീറ്റ് വേണമെന്നിരിക്കെ പ്രതിപക്ഷ നിരയിലെ ബിജു ജനതാദള്‍, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വേണ്ടത്ര അംഗബലമില്ലാത്തതിനാല്‍ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിന് എതിരെ സംഘടിക്കുന്നതും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ട്.

രാജ്യസഭയിലെ ഒഴിവുള്ള നാല് സീറ്റുകളിലേക്ക് രാഷ്ട്രപതിയുടെ നോമിനികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സര്‍ക്കാര്‍, നിലഭദ്രമാക്കാനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്.

ആള്‍ക്കൂട്ട ആക്രമണം, കശ്മീരിലേതടക്കമുള്ള ക്രമസമാധാന പ്രശ്നങ്ങള്‍. സ്ത്രീകള്‍ക്ക് എതിരായ ആക്രമണം. കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നു വരും.