LiveTV

Live

National

കോയമ്പത്തൂര്‍ കോളേജില്‍ നടത്തിയ മോക് ഡ്രില്‍ ദുരന്തമായി; വിദ്യാര്‍ത്ഥിനി മരിച്ചു

വെള്ളിമലപട്ടണം കോവൈ കലൈമകള്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിനി എല്‍.നാഗേശ്വരിയാണ് കൊല്ലപ്പെട്ടത്

 കോയമ്പത്തൂര്‍ കോളേജില്‍ നടത്തിയ മോക് ഡ്രില്‍ ദുരന്തമായി; വിദ്യാര്‍ത്ഥിനി മരിച്ചു

കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജില്‍ നടത്തിയ മോക് ഡ്രില്‍ ദുരന്തത്തില്‍ കലാശിച്ചു. മോക് ഡ്രില്‍ നടത്തിയ പരിശീലകന്റെ ശ്രദ്ധക്കുറവ് കൊണ്ട് ഒരു വിദ്യാര്‍ഥിനിക്ക് ജീവന്‍ നഷ്ടപ്പെട്ടു. വെള്ളിമലപട്ടണം കോവൈ കലൈമകള്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിനി എല്‍.നാഗേശ്വരിയാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ചയാണ് കോളേജ് മാനേജ്മെന്റ് ദുരന്തനിവാരണവും പ്രാഥമിക ചികിത്സയും എന്ന വിഷയത്തെ ആസ്പദമാക്കി പരിശീലനം നല്‍കിയത്. കോളേജ് ക്യാമ്പസില്‍ അറുമുഖന്‍ എന്ന പരിശീലകനാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത്. മോക് ഡ്രില്ലിനിടെ കെട്ടിടത്തില്‍ നിന്നും ചാടാന്‍ മടി കാണിച്ച പെണ്‍കുട്ടിയെ ഇയാള്‍ തള്ളിയിടുകയായിരുന്നു. കുട്ടിയുടെ തല സണ്‍ഷേഡില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ തൊണ്ടമുതൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ വച്ചാണ് വിദ്യാര്‍ത്ഥിനി മരിച്ചത്.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സംഭവം അറിഞ്ഞിട്ടില്ലെന്ന് തമിഴ്നാട് ദുരുന്ത നിവാരണ ഏജന്‍സി പറഞ്ഞു.